Connect with us

National

പീഡനക്കേസ്; രാജസ്ഥാന്‍ മുന്‍ മന്ത്രി അറസ്റ്റില്‍

Published

|

Last Updated

ജയ്പൂര്‍: പീഡനക്കേസില്‍ രാജസ്ഥാന്‍ മുന്‍മന്ത്രി ബാബുലാല്‍ നാഗറിനെ സി ബി ഐ അറസ്റ്റ് ചെയ്തു. ജയ്പൂരിലെ സര്‍ക്യൂട്ട് വസതിയില്‍ വെച്ച് രാവിലെ മുതല്‍ സി ബി ഐ നാഗറിനെ ചോദ്യം ചെയ്തിരുന്നു.
യുവതിയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നെന്നും എന്നാല്‍ പീഡിപ്പിച്ചിട്ടില്ലെന്നും നാഗര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. നാഗറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സി ബി ഐ അന്വേഷണത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും തന്റെ നിലപാടും മൊഴികളും എഴുതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്യൂട്ട് വസതിയില്‍ പ്രവേശിക്കും മുമ്പ് നാഗര്‍ പറഞ്ഞിരുന്നു. ഐ ജി, എസ് പി, ഡി വൈ എസ് പി തുടങ്ങിയവരടങ്ങിയ സംഘമാണ് നാഗറിനെ ചോദ്യം ചെയ്തത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഔദ്യോഗിക ബംഗ്ലാവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് 35കാരിയുടെ പരാതി. ഇതില്‍ കഴിഞ്ഞ മാസം 11ന് സൊദല പോലീസ് കേസെടുത്തു. തുടര്‍ന്ന്, മന്ത്രിസ്ഥാനം രാജിവെച്ചു. ഡയറി, ഖാദി, ഗ്രാമ വ്യവസായം വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഹൈക്കമാന്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഈ മാസം ഒമ്പതിനാണ് കേസ് സി ബി ഐ ഏറ്റെടുത്തത്. കഴിഞ്ഞ മാസം 21നാണ് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണം ശിപാര്‍ശ ചെയ്തത്. നാഗറിന്റെ ഔദ്യോഗിക വസതിയില്‍ സി ബി ഐ സംഘം ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. യുവതിയുടെ മൊഴിയുമെടുത്തിട്ടുണ്ട്. കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്ത് നാഗറിന്റെ ബന്ധുക്കള്‍ വിളിച്ചതായി യുവതി ആരോപിച്ചിരുന്നു.

Latest