Connect with us

Kerala

സോളാര്‍ കേസ് അന്വേഷണം ഡല്‍ഹിയിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ ശേഷിക്കുന്ന കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തിരക്കിട്ട നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി നല്‍കിയ പരാതിയില്‍ പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു. പതിനൊന്ന് കേസുകളില്‍ രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് ഉത്തരവ് ഇറങ്ങും മുമ്പ് എല്ലാകേസുകളിലും കുറ്റപത്രം സമര്‍പ്പിക്കണമെന്ന് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിലെ ഡയറക്ടര്‍ അഹ്മദ് റാസ, സീനിയര്‍ സയന്റിസ്റ്റ് ഡോ. ജി പ്രസാദ് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കത്ത് കാണിച്ചാണ് തിരുവനന്തപുരം സ്വദേശി റാസിഖലി, ബാബുരാജ്, പെരുമ്പാവൂരിലെ സജാദ് എന്നിവരില്‍ നിന്ന് പണം തട്ടിയിരുന്നത്. ഡോ. പ്രസാദിന്റെ പേരിലുള്ള കത്താണ് ബാബുരാജിനെ കാണിച്ചിരുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള കത്ത് നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി.
സംസ്ഥാനങ്ങള്‍ക്ക് ഊര്‍ജ മന്ത്രാലയത്തില്‍ നിന്ന് അനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ കേസിലെ സാക്ഷികളാക്കുന്ന കാര്യം അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. 21 കേസുകളാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്. ഇനി കുറ്റപത്രം സമര്‍പ്പിക്കാനുള്ളത് പതിനൊന്ന് കേസുകളിലാണ്. കേസുമായി ബന്ധപ്പെട്ട് ചില ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും.
ജുഡീഷ്യല്‍ അന്വേഷണത്തിന് മുമ്പ് തന്നെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയാല്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കുന്ന സാഹചര്യവുമുണ്ടാകും. മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും ഒഴികെയുള്ളവര്‍ക്കെല്ലാം ഇതിനകം ജാമ്യം ലഭിച്ചു കഴിഞ്ഞു.
ജസ്റ്റിസ് ശിവരാജനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചിരിക്കുന്നത്. ആറ് മാസമാണ് അന്വേഷണ കാലാവധി.

 

Latest