Connect with us

Kerala

ഇടത് ഉപരോധം: എറണാകുളത്തെ ജനസമ്പര്‍ക്ക പരിപാടിയെ ബാധിച്ചില്ല

Published

|

Last Updated

കൊച്ചി: എല്‍ ഡി എഫ് ഉപരോധം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ബാധിച്ചില്ല. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടി നടന്ന കലക്ടറേറ്റ് വളപ്പിലേക്കുള്ള നാല് പ്രധാന റോഡുകള്‍ സമരക്കാര്‍ ഉപരോധിച്ചതോടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന രോഗികളും വികലാംഗരുമടക്കമുള്ളവരും നടന്നു വലഞ്ഞു.
രാവിലെ എട്ട് മണിക്ക് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിന് എത്തുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും ജനസമ്പര്‍ക്ക പരിപാടിയുടെ വേദയില്‍ എത്തിയിരുന്നു. എട്ട് മണിക്ക് വിവിധ റോഡുകളിലൂടെ പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞു. ഇതോടെ പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം സ്തംഭിച്ചു. എറണാകുളം ഭാഗത്ത് നിന്നുള്ള ബസുകള്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സില്‍ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ഒരു കിലോമീറ്ററിലധികം നടന്നാണ് പലര്‍ക്കും ജനസമ്പര്‍ക്ക വേദിയിലെത്താന്‍ കഴിഞ്ഞത്. പ്രധാന റോഡുകളിലൂടെ സമരക്കാര്‍ ആരെയും കടന്നുപോകാന്‍ സമ്മതിച്ചില്ല. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കേണ്ട പോലീസ് കാഴ്ചക്കാരായി നിന്നു. പരിപാടിയില്‍ സഹായം തേടിയെത്തുന്നവരെ തടയില്ലെന്ന് നേരത്തെ എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തകര്‍ മുഖവിലക്കെടുത്തില്ല. പ്രധാന റോഡുകള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് കുറുക്കുവഴികളിലൂടെയാണ് ജനം കലക്ടറേറ്റിലെത്തിയത്.
എല്‍ ഡി എഫ് നേതാക്കളായ കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ, സി എം ദിനേശ് മണി, എം സി ജോസഫൈന്‍, സാബു ജോര്‍ജ്, സി എന്‍ മോഹനന്‍,ദേവദര്‍ശന്‍ ജോര്‍ജ് എടപ്പരത്തി, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ഉച്ച 12 വരെ ഉപരോധം നീണ്ടു.