കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണത്തിന് ട്വിറ്ററിലൂടെ തുടക്കം

Posted on: October 26, 2013 5:48 am | Last updated: October 26, 2013 at 1:14 am
SHARE

kerala-tourism-and-pictures-9തിരുവനന്തപുരം: കേരളത്തിന്റെ കായല്‍ സമൃദ്ധിയെ മുന്‍നിര്‍ത്തി ടൂറിസം വകുപ്പ് നടത്തുന്ന ‘ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ്’ പ്രചാരണത്തിന് തുടക്കമായത് ട്വിറ്ററില്‍. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ടൂറിസം വകുപ്പ് പ്രചാരണ പരിപാടിയുടെ തുടക്കത്തിനായി വിര്‍ച്വല്‍ ലോകത്തെ തിരഞ്ഞെടുക്കുന്നത്. ചൈനയിലെ വന്‍മതിലും യു എസിലെ ഗ്രാന്‍ഡ് കാന്യോണും പോലെ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട അത്ഭുതങ്ങളിലൊന്നായി കേരളത്തിന്റെ കായല്‍, ജല സമൃദ്ധികളെ ചിത്രീകരിക്കുന്ന പ്രചാരണമാണ് ‘ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ്’. ഒക്ടോബര്‍ 21നാണ് പ്രചാരണപരിപാടിക്ക് തുടക്കമായത്.
ട്വിറ്ററിലെ കേരള ടൂറിസത്തിന്റെ ഫാന്‍സും ഫോളോവേഴ്‌സും ഈ പരിപാടിയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ്’ എന്ന ഹാഷ്ടാഗ് ചെയ്ത ട്വീറ്റുകളിലൂടെ അനവധി ആളുകള്‍ പ്രചരണത്തെ വരവേറ്റു. ഏതെങ്കിലും ഒരു പ്രത്യേകവാക്കിന് മുന്നില്‍ ഹാഷ് ചിഹ്നം ചേര്‍ത്താണ് ഹാഷ്ടാഗ് തയ്യാറാക്കുന്നത്. ഹാഷ്ടാഗ് ഉള്ള വാക്കുകള്‍ വളരെ പെട്ടെന്ന് സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാനാകും.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ആദ്യം ഉപയോഗിച്ചത് കേരള ടൂറിസമാണ്. അനവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org) ലോകത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം വെബ്‌സൈറ്റുകളിലൊന്നായി ഇതിനോടകം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. വകുപ്പിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ പതിനായിരക്കണക്കിന് ആളുകളാണ് പിന്തുടരുന്നത്.
പ്രചാരണത്തിനുവേണ്ടി പുതുതായി തുടങ്ങിയ പ്രത്യേകവെബ്‌സൈറ്റില്‍ (www.great backwaters.com) കവര്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് കേരളത്തിന്റെ കായല്‍ സമൃദ്ധിയുടെ ആകാശദൃശ്യങ്ങളിലൊന്നാണ്. എന്നാല്‍ ആദ്യം സൈറ്റില്‍ കയറുന്നവര്‍ക്ക് ഈ ചിത്രം കാണാനാകില്ല. സൈറ്റിലെ നിശ്ചിത ബട്ടണില്‍ അമര്‍ത്തി ‘ഗ്രേറ്റ് ബാക്ക്‌വാട്ടേഴ്‌സ്’ എന്ന് ഹാഷ്ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യണം. ഒരു നിശ്ചിത എണ്ണം ട്വീറ്റുകള്‍ പൂര്‍ത്തിയാകുമ്പോഴാണ് ചിത്രം ദൃശ്യമാകുക. എല്ലാദിവസവും ട്വീറ്റുകള്‍ ചെയ്യുന്നവരില്‍ നിന്നു വിജയികളാകുന്ന രണ്ടുപേര്‍ക്ക് സംസ്ഥാനത്തിന്റെ സുവനീറുകള്‍ കേരള ടൂറിസം വകുപ്പ് സമ്മാനമായി നല്‍കും.
അതിനൂതനമായ സാങ്കേതികസംവിധാനത്തിന്റെ ഉല്‍പന്നമാണ് ‘ഗ്രേറ്റ് ബാക്ക്‌വാട്ടേഴ്‌സ്’ പ്രചരണമെന്ന് ശ്രീ സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. കേരളത്തിലെന്നല്ല ഒരു രാജ്യത്തും ഇത്തരത്തില്‍ സാങ്കേതികസംവിധാനത്തിലൂടെ ലക്ഷ്യസ്ഥാനങ്ങളുടെ പ്രചാരണം നടന്നിട്ടില്ല.
ഫിന്‍ലന്‍ഡില്‍ നിന്നുള്ള ശ്രീ വില്ലി എം ജെ ഹൈവോണിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമാണ് പ്രചരണത്തിനുവേണ്ടി ആകാശദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ്, കമ്യൂണിക്കേഷന്‍ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ആണ് പ്രചരണത്തിന്റെ ആശയവും രൂപകല്‍പനയും. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഹെലികോപ്ടറില്‍ ഘടിപ്പിച്ച ക്യാമറകള്‍ ഉപയോഗിച്ചാണ് കായലുകളുടെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ മഴക്കാലത്ത് കേരള ടൂറിസം തുടങ്ങിയ ആംഗ്യനിയന്ത്രിത വെബ്‌സൈറ്റ് www.whentirains.com ഇത്തരത്തിലുള്ള മറ്റൊരു സംരംഭമായിരുന്നു. ടൂറിസം വകുപ്പിന്റെ ഫെയ്‌സ് ബുക്ക് ആരാധകര്‍ പകര്‍ത്തിയ മഴ ചിത്രങ്ങളിലൂടെ കേരളത്തിലെ മഴയുടെ സൗന്ദര്യം വെളിവാക്കുകയായിരുന്നു ഇതില്‍. കരചലനത്തിലൂടെ ചിത്രങ്ങള്‍ മാറ്റാനാകുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള ആളുകള്‍ക്കു മുന്നില്‍ തെയ്യം വെബ്കാസ്റ്റ് ചെയ്തതിലൂടെ ഈ രംഗത്തും തുടക്കക്കാരാകാനും കേരള ടൂറിസത്തിനു കഴിഞ്ഞു.