Connect with us

Editorial

യു എസ് ചാരപ്പണിക്കെതിരെ യൂറോപ്യന്‍ യൂനിയന്‍

Published

|

Last Updated

siraj copy

അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തലിനെതിരെ ജര്‍മനിയിലും ഫ്രാന്‍സിലും പ്രതിഷേധം അലയടിക്കുകയാണ്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പ്രതിഷേധമറിയിക്കുകയും ചെയ്ത ബര്‍ലിന്‍, സ്വതന്ത്ര വ്യാപാര കരാറടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും സൗഹൃദത്തെയും ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, യു എസിന്റെ നടപടി കടുത്ത വിശ്വാസവഞ്ചനയാണെന്ന,് ബരാക് ഒബാമയെ ഫോണില്‍ നേരിട്ടു വിളിച്ചു മെര്‍ക്കര്‍ തുറന്നുപറയുകയും ചെയ്തു. വാര്‍ത്ത സത്യമെങ്കില്‍ അമേരിക്കയുമായുള്ള പഴയബന്ധം തുടരാനാകില്ലെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി തോമസ് മെയ്‌സിയറും മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സും ഒബാമയെയും യു എസ് സ്ഥാനപതി ചാള്‍സ് റിവ്കിനെയും പ്രതിഷേധമറിയിക്കുകയുണ്ടായി. യൂറോപ്യന്‍ യൂനിയനും യു എസിനെതിരെ ശക്തിയായി രംഗത്തു വന്നിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊലന്‍ദെയുടെ ആവശ്യപ്രകാരം ബെല്‍ജിയത്തില്‍ ചേരുന്ന ഇ യു സമ്മേളനത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്.
ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെതടക്കം അമ്പത് ലക്ഷം ജര്‍മന്‍ ഫോണ്‍കോളുകളും ഇന്റര്‍നെറ്റ് ലിങ്കുകളും ഒരു മാസത്തിനകം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എന്‍ എസ് എ ചോര്‍ത്തിയ വിവരം, മുന്‍ യു എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളെ അധികരിച്ചു “ഡര്‍ സ്‌പൈഗള്‍” മാഗസിനാണ് പുറത്തുവിട്ടത്. 2012 ഡിസംബര്‍ പത്തിനും 2013 ജനുവരി എട്ടിനുമിടയില്‍ 73 ദശലക്ഷം ഫ്രഞ്ച് പൗരന്മാരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ വിവരം വെളിപ്പെടുത്തിയത് “ലെ മൊണ്ടെ” ദിനപത്രമാണ്. മുന്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ഫെലിപ്പ് കാല്‍ഡറണിന്റെ ഇമെയില്‍ അക്കൗണ്ട് അമേരിക്ക ഹാക്ക് ചെയ്‌തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ മെക്‌സിക്കന്‍ ഭരണകൂടവും അമേരിക്കയോട് വിശദീകരണം തേടിയിട്ടുണ്ട്.
ജര്‍മനിയിലെയും ഫ്രാന്‍സിലെയും ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തക്ക് പിന്നാലെ പ്രമുഖരായ 35 ലോക നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ നേതാക്കളുമായി ബന്ധപ്പെട്ട 200 ഫോണ്‍ നമ്പറുകള്‍ യുഎസ് അധികാരികള്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിക്ക് കൈമാറിയതായി വ്യക്തമാക്കിയ പത്രം ഏതെല്ലാം നേതാക്കളുടെ ഫോണാണ് ചോര്‍ത്തിയത് എന്നത് വെളിപ്പെടുത്തിയിട്ടില്ല.
ശത്രുവെന്നോ, മിത്രമെന്നോ വ്യത്യാസമില്ലാതെ പല രാജ്യങ്ങളിലെയും രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടു നിരന്തരം പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാകുന്നത്. വിദേശ രാഷ്ട്രങ്ങളുടെ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തുന്ന “പ്രിസം” പദ്ധതിയിലൂടെ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയടക്കം 38 നയതന്ത്ര കേന്ദ്രങ്ങളിലെങ്കിലും എന്‍ എസ് എ ചാരപ്പണി നടത്തിയിട്ടുണ്ട്. അമേരിക്കന്‍ ചാരക്കണ്ണുകളുടെ വലയത്തിലുള്ള ആദ്യ അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും കഴിഞ്ഞ മാര്‍ച്ചില്‍മാത്രം 630 കോടി വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് എന്‍ എസ് എ ശേഖരിച്ചിട്ടുണ്ടെന്നും നേരത്തെ വെളിപ്പെട്ടതാണ്.
വിദേശ രാഷ്ട്ര നേതാക്കളുടെയും ഉന്നത വ്യക്തിത്വങ്ങളുടെയും രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് നയതന്ത്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ഈ കൈയേറ്റം രാജ്യസുരക്ഷക്ക് വന്‍ഭീഷണിയുമാണ്. ജര്‍മനിക്കും ഫ്രാന്‍സിനും പ്രശ്ത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത് കൊണ്ടാണ് അവര്‍ ഒബാമയെ നേരിട്ട് പ്രതിഷേധം അറിയിച്ചതും ഇ യു സമ്മേളത്തില്‍ ചര്‍ച്ചക്ക് വെച്ചതും. എന്നാല്‍ ഇന്ത്യക്ക് അതത്ര വലിയ കാര്യമായി തോന്നിയിട്ടില്ല. അമേരിക്ക ചാരപ്പണി നടത്തിയിട്ടില്ലെന്നും തീവ്രവാദ ഭീഷണി നേരിടാനാണ് എന്‍ എസ് എ സുരക്ഷാ ഏജന്‍സി മറ്റു രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നുമായിരുന്നു ഇന്ത്യക്കാരുടെ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റ് ലിങ്കുകളും ചോര്‍ത്തിയ വിവരം പുറത്തു വന്നപ്പോള്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയപ്പോള്‍, അമേരിക്കയോട് വിശദീകരണം തേടുമെന്ന് വിദേശ മന്ത്രാലയം പിന്നീട് തിരുത്തിപ്പറഞ്ഞെങ്കിലും അത് പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. രാജ്യസുരക്ഷാ ബോധവും, പ്രതികരണ ശേഷിയും മന്‍മോഹനും കൂട്ടരും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്ന് കണ്ടു പഠിക്കട്ടെ.