Connect with us

International

മുംബൈ ആക്രമണ വിചാരണ വൈകുന്നത് എന്തുകൊണ്ടെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: വാഷിംഗ്ടണില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ നടന്ന ചര്‍ച്ചയിലുടനീളം നിറഞ്ഞത് ഇന്ത്യ. മുംബൈ ആക്രമണം തൊട്ട് ഏറ്റവും ഒടുവില്‍ യു എന്‍ പൊതുസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ശരീഫ് നടത്തിയ ചര്‍ച്ച വരെ കൂടിക്കാഴ്ചയില്‍ വിഷയമായി. കാശ്മീര്‍ വിഷയവും ചര്‍ച്ചയായെങ്കിലും ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശമൊന്നുമില്ല.
മുംബൈ ആക്രമണത്തിന്റെ നിയമനടപടികള്‍ പാക്കിസ്ഥാനില്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഇന്ത്യക്കുള്ള പ്രതിഷേധം അമേരിക്ക ശരിവെച്ചു. മുംബൈ ആക്രമണ കേസിലെ വിചാരണ ആരംഭിക്കാത്തതെന്തെന്ന് പ്രസിഡന്റ് ബരാക് ഒബാമ, നവാസ് ശരീഫിനോട് ആരാഞ്ഞു. ഇരുവരും തമ്മില്‍ വാഷിംഗ്ടണിലെ ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഒബാമ തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചത്. വിചാരണ തുടങ്ങാന്‍ ഇതുവരെ സാധിക്കാത്തതെന്തെന്ന് ഒബാമ ചോദിച്ചതായി ശരീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട വിശദമായ ചര്‍ച്ചയാണ് ഇരുവരും നടത്തിയത്.
ജമാഅത്തുദ്ദഅ്‌വ, ഡോ. ശക്കീല്‍ അഫ്രീദി തുടങ്ങിയ വിഷയങ്ങളും ഒബാമ ഉന്നയിച്ചുവെന്ന് ശരീഫ് പറഞ്ഞു. ഉസാമ ബിന്‍ ലാദനെ പിടികൂടുന്നതിനായി അമേരിക്കയെ സഹായിച്ച പാക് ഡോക്ടറാണ് ശക്കീല്‍ അഫ്രീദി. അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. അഫ്രീദിയെ മോചിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. കാശ്മീര്‍ അടക്കം ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നും ശരീഫ് അറിയിച്ചു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഇന്ത്യയും പാക്കിസ്ഥാനും ദശകങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബുദ്ധിപരമായ മാര്‍ഗങ്ങള്‍ ആരായാന്‍ താത്പര്യമുള്ള വ്യക്തിയാണ് പുതിയ പാക് പ്രധാനമന്ത്രിയെന്ന് ബരാക് ഒബാമ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അവിശ്വാസം കൊണ്ട് മാത്രം കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നുവെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. ഈ തുക വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്ക് നീക്കിവെക്കാനായാല്‍ ഇരു രാജ്യങ്ങള്‍ക്കും ഏറെ വികസിക്കാനാകുമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാടിനെ അമേരിക്ക വിലമതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശരീഫും മന്‍മോഹന്‍ സിംഗും തമ്മില്‍ യു എന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ച ഈ ദിശയിലേക്കുള്ള ശരിയായ ചുവടുവെപ്പായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തിക രംഗത്ത് ഇരു രാജ്യങ്ങളും ശക്തമാക്കുന്ന സഹകരണം മേഖലക്കാകെ പ്രതീക്ഷ പകരുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

---- facebook comment plugin here -----

Latest