Connect with us

Wayanad

തോട് വീതികൂട്ടണം: സര്‍വകക്ഷിദേവാലയില്‍ ഹര്‍ത്താല്‍ ആചരിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ദേവാല ടൗണിന് സമീപത്ത് കൂടി ഒഴുകുന്ന തോട് വീതികൂട്ടണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ദേവാലയില്‍ നാല് മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് പന്ത്രണ്ട് മണിവരെയായിരുന്നു ഹര്‍ത്താല്‍. വേണ്ടത്ര വീതിയില്ലാത്തതിനാല്‍ ശക്തമായ മഴയില്‍ തോട് നിറഞ്ഞ് വെള്ളം ടൗണിലേക്ക് ഒഴുകുകയാണ് ചെയ്യുന്നത്. ഇതിനാല്‍ കടകളിലേക്ക് വെള്ളം കയറി വ്യാപകനാശമാണ് സംഭവിക്കുന്നത്. കൂടാതെ നഗരത്തിലെ അഴുക്കുചാലും അകലപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ദേവാലയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ ആര്‍ ഡി ഒ ജഗജോതി, പന്തല്ലൂര്‍ തഹസില്‍ദാര്‍ ഇന്നാസിമുത്തു, ദേവാല ഡി വൈ എസ് പി മോഹന്‍കുമാര്‍, നെല്ലിയാളം നഗരസഭാ ചെയര്‍മാന്‍ അമൃതലിംഗം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതോടെയാണ് ജനങ്ങള്‍ ഉച്ചയോടെ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായത്.

Latest