Connect with us

Wayanad

നീലഗിരിയില്‍ കനത്ത മഴ; വ്യാപക നാശം

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ കനത്ത മഴ വ്യാപക നാശം. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി താലൂക്കുകളില്‍ കനത്ത മഴയാണ് പെയ്തത്.
നാടുകാണി-ചേരമ്പാടി പാതയില്‍ ഏഴ് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ദേവാല പൊന്നുവഴയില്‍ പാറക്കൂട്ടങ്ങളും മണ്ണും ഉതിര്‍ന്ന് വീണ് നാല് മണിക്കൂര്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പച്ചക്കറി കയറ്റി വന്ന ലോറി റോഡില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കൈതക്കൊല്ലി ഉള്‍പ്പെടെയുള്ള മൂന്ന് സ്ഥലങ്ങളില്‍ മരംകടപുഴകി വീണിരുന്നു. പൊന്നുവഴലില്‍ ഒരു വീടിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പലഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. മഴയില്‍ നാടുകാണി, പന്തല്ലൂര്‍, ദേവാല തുടങ്ങിയ സ്ഥലങ്ങളില്‍ കടകളിലേക്ക് വെള്ളം കയറിയിരുന്നു. ടൗണ്‍ മുഴുവനും വെള്ളത്തിലായിരുന്നു. ദേവാല കാട്ടിമട്ടം-മൂച്ചിക്കുന്ന് പാതയിലെ പാലം ശക്തമായ മഴയില്‍ ഒലിച്ച് പോയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൃഷിയിടങ്ങളില്‍ വെള്ളം കയറി വന്‍കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് പോലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് തടസ്സങ്ങള്‍ നീക്കിയത്. ഗതാഗത തടസ്സം കാരണം റോഡിന്റെ ഇരുവശങ്ങളിലും നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടന്നിരുന്നു. അത്‌പോലെ ഊട്ടി-കുന്നൂര്‍ പാതയിലെ ലൗഡേലില്‍ കാറിന് മുകളിലേക്ക് മരംവീണു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. കാര്‍ തകര്‍ന്നിട്ടുണ്ട്. കൂടാതെ മറ്റ് രണ്ട് സ്ഥലങ്ങളില്‍ മരംകടപുഴകി വീണിരുന്നു. ഇത്കാരണം ഒരുമണിക്കൂര്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും മരംമുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ദേവാല ടൗണിലെ കടകളിലേക്ക് വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാരികള്‍ക്ക് സംഭവിച്ചിട്ടുണ്ട്.

Latest