Connect with us

Kannur

മണല്‍ക്ഷാമം രൂക്ഷം; ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

Published

|

Last Updated

അഴീക്കോട്: അഴീക്കല്‍ പോര്‍ട്ടിന്റെ കീഴില്‍ മണല്‍വാരല്‍ നിരോധിച്ചതിനാല്‍ ജില്ലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. മാര്‍ച്ച് മാസം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കരാറെടുത്തിട്ടുള്ള ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ മണലിന് വേണ്ടി നെട്ടോടമോടുകയാണ്.
പഴശ്ശി പദ്ധതിയുടെ മണലിനാവട്ടെ ഒരു ക്യൂബിക് ഫൂട്ടിന് വണ്ടി വാടകയുള്‍പ്പെടെ 130 രൂപയാണ് വില. എന്നാല്‍ ജില്ലാ ഭരണകൂടം ഇതും നിര്‍ത്തല്‍ ചെയ്തിരിക്കയാണ്. ഈ സന്ദര്‍ഭം മുതലെടുത്ത് മണല്‍ മാഫിയകള്‍ രാത്രികാലങ്ങളില്‍ വളപട്ടണം പാലത്തിന്റെ അടിവശത്ത് നിന്നും യഥേഷ്ടം മണല്‍കൊള്ള നടത്തുകയാണ്.
ഇങ്ങനെ കൊണ്ടുവരുന്ന മണലിന് ഒരടിക്ക് 140 രൂപ മുതല്‍ 160 രൂപ വരെയാണ് വില. എന്നാല്‍ പോര്‍ട്ടിന്റെ മണലിനാകട്ടെ ഒരടിക്ക് 35 മുതല്‍ 40 വരെ നിരക്കില്‍ ലഭിക്കുന്നതാണ്. അര്‍ഹതയില്ലാത്ത ചില സൊസൈറ്റികളുടെ പിടിവാശി കാരണം നിര്‍ത്തലാക്കിയിട്ടുള്ള അഴീക്കല്‍ പോര്‍ട്ടിന്റെ മണല്‍വാരല്‍ പ്രവൃത്തി പുനഃസ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് മണല്‍തൊഴിലാളികളും നിര്‍മാണ തൊഴിലാളികളും ചേര്‍ന്ന് സമരപരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. പ്രതിമാസം 80,000 മെട്രിക് ടണ്‍ മണല്‍ ഡ്രഡ്ജ് ചെയ്യുന്ന അഴീക്കല്‍ പോര്‍ട്ടിന്റെ കീഴില്‍ 20 സൊസൈറ്റികള്‍ക്കാണ് ടെണ്ടറിലൂടെ ഡ്രഡ്ജിംഗ് പെര്‍മിറ്റ് ലഭിക്കുന്നത്.
തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള യോഗത്തില്‍ വെച്ച് സംഘങ്ങളുടെ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1000 ടണ്‍ മുതല്‍ 3000 ടണ്‍ വരെ ഓരോ സൊസൈറ്റിക്കും ഡ്രഡ്ജിംഗ് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പില്‍ വരികയാണെങ്കില്‍ 20 സൊസൈറ്റികള്‍ക്ക് പകരം മുപ്പതോ നാല്‍പ്പതോ സൊസൈറ്റികള്‍ക്ക് മണല്‍വാരല്‍ പെര്‍മിറ്റ് നല്‍കുന്നതിനും ഈ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതും കഴിയും.

 

Latest