Connect with us

Malappuram

വിവാഹ രജിസ്‌ട്രേഷന്‍ സമയപരിധി അഞ്ച് വര്‍ഷമാക്കും: മന്ത്രി

Published

|

Last Updated

മലപ്പുറം: വിവാഹ രജിസ്‌ട്രേഷന്‍ സമയപരിധി അഞ്ച് വര്‍ഷമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി എം കെ മുനീര്‍.
2008 ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം പഞ്ചായത്തുകളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഒരു വര്‍ഷമായിരുന്നു. അതിന് ശേഷം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററുടെ അനുമതിയോടെ മാത്രമേ പഞ്ചായത്തുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധമുട്ടും കാലതാമസവുമുണ്ടാക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് സമയപരിധി അഞ്ച് വര്‍ഷമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞത്. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ നടത്തിയതിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുള്ള തസ്തികകളില്‍ ഡിസംബര്‍ 30 നകം നിയമനം നടത്തും. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം സേവന രംഗത്ത് സുതാര്യതയും കൃത്യതയും ഉറപ്പാക്കും. പുതിയ സോഫ്റ്റ്‌വേര്‍ സജ്ജമാകുന്നതോടെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള അവസരമുണ്ടാകുന്നത് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
സാക്ഷരതയിലും കമ്പ്യൂട്ടര്‍ സാക്ഷരതയിലും കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിലും ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. ഇതേ രീതിയില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഐ എസ് ഒ അംഗീകാരം നേടാന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നിര്‍വഹണത്തിന് ഒരു വര്‍ഷം സമയം ലഭിക്കുന്ന തരത്തില്‍ മുന്‍കൂട്ടി പ്രൊജക്റ്റുകള്‍ സമര്‍പ്പിച്ച് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഓണ്‍ ലൈന്‍ വഴി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ബാര്‍കോഡിനു പകരം ഡിജിറ്റല്‍ ഒപ്പുകള്‍ രേഖപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യ”സേവന” സോഫ്റ്റ് വേറില്‍ ചേര്‍ക്കും. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്തുകള്‍ ചെലവഴിക്കുന്ന അത്രയും തുക സാമുഹിക നീതി വകുപ്പ് പഞ്ചായത്തുകള്‍ക്ക് നല്‍കി കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയില്‍ കഴിഞ്ഞ 43 വര്‍ഷത്തിനിടയില്‍ 20000 രജിസ്റ്ററുകളിലായി രേഖപ്പെടുത്തിയ 26 ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് ഡിജിറ്റൈസ് ചെയ്തത്. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കുന്നതിന് സഹായിച്ച പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയതിന് ജില്ലക്കുള്ള ഉപഹാരം മന്ത്രിയില്‍ നിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ വി പി സുകുമാരന്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്റ്റര്‍ സി എന്‍ ബാബു, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് പി നവാസ് ഏറ്റുവാങ്ങി.
പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ തദ്ദേശ വകുപ്പ് മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി കെ എ റസാഖ്, സെക്രട്ടറി സി കെ ജയദേവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

Latest