Connect with us

Malappuram

അസഭ്യം പറഞ്ഞ പോലീസുകാരനെതിരെ അന്വേഷണത്തിന് നിര്‍ദേശം

Published

|

Last Updated

വണ്ടൂര്‍:വാഹന പരിശോധന നടത്തുന്നതിനിടെ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്ന പരാതിയില്‍ പോലീസുകരാനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെ ബ്രിജിത്ത് എന്ന ്‌പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മെ സെക്രട്ടറി തിരൂര്‍ക്കാട് ചെന്ത്രത്തില്‍ അനില്‍കുമാറാണ് പരാതിക്കാരന്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.അങ്ങാടിപ്പുറം റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് ട്രാഫിക് ലംഘനം നടത്തിയെന്നാരോപിച്ച് പോലീസ് പരാതിക്കാരനോട് മോശകരമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. കൂടാതെ പോലീസ് യൂനിഫോമില്‍ പേരെഴുതിയ ബോര്‍ഡ് നോക്കിയതിനും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് ഐപിസി സെക്ഷന്‍ 279 പ്രകാരം കേസ്സെടുത്ത് മൂന്ന് മണിക്കൂറോളം സ്‌റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തതായാണ് പരാതി.
എന്നാല്‍ പരാതിയിലെ കാര്യങ്ങള്‍ പോലീസ് നിഷേധിക്കുകയാണുണ്ടായത്. പരാതിക്കാരന്‍ ട്രാഫിക് നിയമം ലംഘിച്ചതിനാലാണ് കേസെടുത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതെസമയം വാഹന പരിശോധന നടത്തുമ്പോഴും കേസ് ചാര്‍ജ്ജ് ചെയ്യുമ്പോഴും പോലീസ് ഏത് രീതിയില്‍ പെരുമാറണമെന്ന പോലീസ് മേധാവിയുടെ നിര്‍ദേശം പോലീസുകാരില്‍ പലരും അനുസരിക്കുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ ഉത്തരവില്‍ പറയുന്നു.ഇക്കാരണത്താലാണ് ഇത്തരം തര്‍ക്കങ്ങളുണ്ടാകുന്നത്.
ക്രിമിനല്‍ നിയമത്തിലെ വകുപ്പുകള്‍ അനായാസം എടുത്തപയോഗിക്കാന്‍ പോലീസിന് എളുപ്പമാണെന്നും ഇത് സാധാരണക്കാരനെ പോലീസില്‍ നിന്ന് അകറ്റാന്‍ കാരണമാകുമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തി പോലീസിന്റെ പ്രതിച്ഛായ വര്‍ദ്ദിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തിലുണ്ട്.

Latest