Connect with us

Palakkad

വഴിതെറ്റിയെത്തിയ ഹിന്ദിക്കാരന് പുതുജീവന്‍

Published

|

Last Updated

അഗളി: വഴിതെറ്റി അന്യസംസ്ഥാനത്തെത്തിയ ഹിന്ദിക്കാരന് അട്ടപ്പാടി പെട്ടിക്കല്ലിലെ പുതുജീവന്‍ സര്‍വീസ് സൊസൈറ്റിയിലൂടെ പുതുജീവന്‍. മധ്യപ്രദേശിലെ ബര്‍ബാണി ജില്ലക്കാരനായ മന്‍സോറാം എന്ന മുപ്പത്തഞ്ചുകാരനാണ് പുതുജീവന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം തുണയായത്. മധ്യപ്രദേശില്‍ മാനസിക രോഗചികിത്സയില്‍ കഴിഞ്ഞിരുന്ന മന്‍സോറാം അശുപത്രിയില്‍ നിന്ന് പുറത്തുചാടി എങ്ങനെയോ അട്ടപ്പാടിയിലെത്തുകയായിരുന്നു.
ഊരുനിവാസികള്‍ നല്‍കിയ വിവരത്തെതുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീടാണ് മാനസികരോഗിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പെട്ടിക്കല്‍ ഇന്‍ഫെന്റ് ജീസസ് ദേവാലയത്തിനു സമീപമുള്ള പുതുജീവനില്‍ എല്‍പ്പിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ഇയാളെ വൃത്തിയാക്കി സുരക്ഷിതകേന്ദ്രത്തിലാക്കി. ചികിത്സയ്ക്കു പുറമെ ഒരുമാസത്തെ സ്‌നേഹപൂര്‍ണമായ പരിചരണം ഇയാളുടെ താളംതെറ്റിയ ബോധമനസിനെ ശാന്തമാക്കി. പൂര്‍വ്വകാല സ്മരണകള്‍ തെളിഞ്ഞുവരാന്‍തുടങ്ങി. ഭാര്യയേയും രണ്ടു കുഞ്ഞുങ്ങളേയും ഓര്‍ത്തെടുത്തു. സഹോദരനേയും അമ്മയേയും അച്ഛനേയും കാണാനാഗ്രഹിച്ചു. ഉപബോധമനസില്‍ മറഞ്ഞുകിടന്ന വീട്ടിലെ ഫോണ്‍ നമ്പര്‍ ചികഞ്ഞെടുത്ത് പുതുജീവന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കി
മന്‍സാറില്‍ കാണപ്പെട്ട പ്രകടമായ മാറ്റം ആശ്രമത്തിലെ അന്തേവാസികളിലും സംരക്ഷകരിലും അളവറ്റ ആഹ്ലാദവുമുളവാക്കി. കുറിച്ചെടുത്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അന്‍സറിന്റെ ബന്ധുക്കളെ ലഭിച്ചു. ഇവര്‍ക്കുണ്ടായ സന്തോഷം അളവറ്റതായിരുന്നു. ശേഷം മന്‍സാറാമിന്റെ സഹോദരനും സുഹൃത്തും പുതുജീവന്‍ സര്‍വീസ് സൊസൈറ്റിയിലെത്തി. സഹോദരന്റെയും സുഹൃത്തിന്റെയും കൈപിടിച്ച് മന്‍സാറാം പുതുജീവനില്‍നിന്നു വിട്ടകലുമ്പോള്‍ ഉറ്റവരും ഉടയരുമില്ലാതെ ആശ്രമത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്കും ആനന്ദത്തിന്റെ നിമിഷങ്ങള്‍.
പുതുജീവന്‍ ചാരിറ്റബിള്‍ സര്‍വീസ് സൊസൈറ്റി ശുശ്രൂഷകരായ വേമ്പേനിയില്‍ ബേബി, സി ഡി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അഗളി പോലീസിന്റെ സാനിധ്യത്തിലാണ്് ഇയാളെ ബന്ധുക്കളെ എല്പിച്ചത്.
ഇനിയും മൂന്ന് അജ്ഞാത ഹിന്ദിക്കാര്‍കൂടി പുതുജീവനിലുണ്ട്. വാര്‍ധക്യത്തിലെത്തിയവരും വികലാംഗരും ബധിര-മൂകരുമായ നിരവധി അന്തേവാസികളാണ് പുതുജീവന്റെ തണലില്‍ കഴിയുന്നത്.