Connect with us

Palakkad

വടകരപ്പതിയിലെ ചന്ത എട്ട് വര്‍ഷം കഴിഞ്ഞിട്ടും തുറന്നില്ല

Published

|

Last Updated

പാലക്കാട്: ലക്ഷങ്ങള്‍ മുടക്കി വടകരപ്പതിയില്‍ പണിത ഗ്രാമച്ചന്ത ഉപയോഗശൂന്യമായിട്ട് എട്ട് വര്‍ഷമായി. ഉദ്ഘാടന ദിവസം മാത്രം തുറന്ന് പ്രവര്‍ത്തിച്ച കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുന്നു. തമിഴ്‌നാട്ടിലെയും പാലക്കാട്ടെ കിഴക്കന്‍ ഗ്രാമങ്ങളിലേയും കര്‍ഷകര്‍ക്ക് പച്ചക്കറി വില്‍പ്പന നടത്താനായി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ചേര്‍ന്ന് പണിത കെട്ടിടമാണിത്.
2006ല്‍ പണിപൂര്‍ത്തിയായ കെട്ടിടം അന്നത്തെ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനദിവസം തുറന്നതല്ലാതെ എട്ടു വര്‍ഷത്തില്‍ ഇന്നുവരെ ചന്ത തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല.
ഇടനിലക്കാരുടെ ചൂഷണമില്ലാതെ കാര്‍ഷികവിളകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍ക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച ഗ്രാമച്ചന്ത പദ്ധതി നടപ്പാക്കുവാന്‍ പഞ്ചായത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പ്രധാന പച്ചക്കറി ഉത്പാദന കേന്ദ്രങ്ങളായ പുതൂര്‍, എരുത്തേമ്പതി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വേലന്താവളത്തില്‍ ഗ്രാമചന്ത തുടങ്ങണം എന്ന ആവശ്യം പഞ്ചായത്തും കൃഷിവകുപ്പും നിരാകരിക്കുകയായിരുന്നു. ഇതിനാല്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വേലന്താവളത്തിലെ ചന്തയാണ് കര്‍ഷകരുടെ ആശ്രയം.
ചന്തക്കായി നിര്‍മ്മിച്ച കെട്ടിടത്തില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ എടുത്ത തീരുമാനവും നടപ്പിലായില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച നിര്‍മ്മിച്ച കെട്ടിടത്തില്‍ വിത്ത് സംഭരണവും വിപണനവും നടത്താനെങ്കിലും ഗ്രാമപഞ്ചായത്ത് അനുവദിക്കണം എന്നാണ് ഇപ്പോള്‍ കര്‍ഷകരുടെ ആവശ്യം.

---- facebook comment plugin here -----

Latest