Connect with us

Articles

യു ഡി എഫിലെ അച്യുതാനന്ദനും എല്‍ ഡി എഫിലെ പി സി ജോര്‍ജും

Published

|

Last Updated

യു ഡി എഫിലെ വി എസ് അച്യുതാനന്ദനായ പി സി ജോര്‍ജ് ഇനി കുറേ നാളേത്തക്ക് ശബ്ദിക്കാന്‍ ഇടയില്ല. ശബ്ദിച്ചാല്‍ തന്നെ മാധ്യമങ്ങള്‍ അതിനു പറയത്തക്ക പ്രാധാന്യവും കൊടുക്കാനിടയില്ല. ഇതിനു കാരണം, ചെന്നിത്തലയും ടി എന്‍ പ്രതാപനും കെ മുരളീധരനും കെ എം മാണിയും തിരുവഞ്ചൂരും ഷിബു ബേബി ജോണും ആര്യാടനുമൊക്കെ ചേര്‍ന്ന് പഴുപ്പിച്ചു പാകപ്പെടുത്തിയ ശാസനത്തിന്റെ നിയന്ത്രണച്ചങ്ങലയാല്‍ പി സി ജോര്‍ജിന്റെ എല്ലില്ലാത്ത നാവ് ബന്ധനത്തിലകപ്പെട്ടു എന്നതല്ല; അങ്ങനെയൊന്നും ബന്ധിപ്പിക്കാനാകുന്ന ഒരു നാക്കല്ല ജനാധിപത്യം വഴിഞ്ഞൊഴുകുന്ന യു ഡി എഫ് രാഷ്ട്രീയത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാളായ ചീഫ് വിപ്പിന്റെ നാവ്. ആര് തടഞ്ഞാലും അതങ്ങനെ നിലക്കാതെ ശബ്ദിച്ചുകൊണ്ടിരിക്കും. എന്നിരുന്നാലും അതിനിനി മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാനിടയില്ല എന്നു പറഞ്ഞത് മറ്റൊരു കാരണം കൊണ്ടാണ്.
പി സി ജോര്‍ജിന്റെതിനെക്കാള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു നാവ് തൊണ്ണൂറ് വര്‍ഷത്തെ പഴക്കമുള്ളതും എല്‍ ഡി എഫിലെ പി സി ജോര്‍ജെന്ന് വിളിക്കപ്പെടാനുള്ള യോഗ്യതയത്രയും തികഞ്ഞതെന്ന് പലവുരു തെളിയിക്കപ്പെട്ടുകഴിഞ്ഞതുമായ വി എസ് അച്യുതാനന്ദന്റെ നാവാണ്. അതിനെക്കൊണ്ട് പാര്‍ട്ടിക്കെതിരെ പുലഭ്യം പറയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. വി എസിന്റെ വിഭാഗീയതയുടെ നാവിന് വീണ്ടും ചലനശേഷിയുണ്ടായിരിക്കുന്നു. എല്‍ ഡി എഫ് സര്‍ക്കാറിന് വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത ഇല്ലാതാക്കിയത് യുക്തിഹീനമായ സ്ഥാനാര്‍ഥിനിര്‍ണയങ്ങളായിരുന്നു എന്നാണ് വി എസ് പറഞ്ഞിരിക്കുന്നത്. എല്‍ ഡി എഫിലെ പി സി ജോര്‍ജ് ആയ വി എസ് അച്യുതാനന്ദന്‍ ഇവ്വിധമൊക്കെ പോരാട്ടത്തിന്റെ നാക്കുറുമി വീശാന്‍ തുടങ്ങിയ നിലക്ക്, മാധ്യമങ്ങള്‍ ഇനി യു ഡി എഫിലെ വി എസ് അച്യുതാനന്ദനായിക്കഴിഞ്ഞ പി സി ജോര്‍ജിന് വലിയ പ്രാധാന്യം നല്‍കുകയില്ല. വല്ല വിധേനെയും യു ഡി എഫ് രാഷ്ട്രീയത്തെ അധഃപതനത്തിന്റെ പടുകുഴിയില്‍ നിന്ന് വലിച്ചു കയറ്റാന്‍ എല്‍ ഡി എഫ് രാഷ്ട്രീയത്തിലെ പി സി ജോര്‍ജായ അച്യുതാനന്ദന്റെ വാമൊഴിവഴക്കങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി ശ്രദ്ധ തിരിച്ചുവിടാനായിരിക്കും മാധ്യമങ്ങള്‍ക്ക് താത്പര്യം. അതിന്റെ ലക്ഷണങ്ങളും ചാനലുകളില്‍ കണ്ടുതുടങ്ങി. ആദര്‍ശ കമ്യൂണിസ്റ്റുകളായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നും കെ കെ രമയുമൊക്കെ വി എസിന്റെ പാര്‍ട്ടിക്കകത്ത് നിന്നു പാര്‍ട്ടിക്കെതിരെ പോരാടാനുള്ള സമരയൗവനത്തെ വാഴ്ത്താന്‍ ചാനലുകളില്‍ പ്രത്യക്ഷരാകാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും കേരളത്തിലിനി നല്ല കാലം ഉണ്ടാകുമെന്ന് തീര്‍ത്തും പ്രതീക്ഷിക്കാം. ജോര്‍ജ് പുണ്യാളനിലൂടെ യു ഡി എഫ് രാഷ്ട്രീയവും വി എസ് എന്ന മാലാഖ മാര്‍ക്‌സിസ്റ്റിലൂടെ എല്‍ ഡി എഫ് രാഷ്ട്രീയവും സംശുദ്ധമാക്കപ്പെട്ടാല്‍ പിന്നെ കേരളത്തിന് നല്ല കാലം വരാതിരിക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ലല്ലോ. പക്ഷേ അത്തരമൊരു നല്ല കാലത്തിന്റെ ലക്ഷണമായി വല്ലയിടത്തും താമര വിരിയുന്നതിന് പി സിയുടെയും വി എസിന്റെയും നിലപാടുകള്‍ വഴി വെച്ചേക്കുമോ എന്ന ആശങ്കയും കൂട്ടത്തില്‍ പങ്ക് വെക്കട്ടെ. എന്തെന്നാല്‍, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മുന്നണി രാഷ്ട്രീയം അഴിമതിയാലും വിഭാഗീയതയാലും അഴുകിയഴുകി ചീഞ്ഞുനാറുന്ന ചേറായിയിരിക്കുന്നു എന്നാണ് ജോര്‍ജും അച്യുതാനന്ദനും പൊതുജനസമക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നത്. ചേറ് എവിടെയെങ്കിലും ഉണ്ടെന്ന് കേട്ടാല്‍ അവിടെ താമരക്കൃഷി ചെയ്യാന്‍ വേണ്ട മാനേജ്‌മെന്റ് സ്‌കില്ലും മണി പവറും മസ്സില്‍ പവറുമുള്ളയാളാണ് നരേന്ദ്ര മോഡി എന്ന കാര്യം ഇരുവരും വിസ്മരിക്കുകയും ചെയ്യുന്നു. അതിനാല്‍, പരസ്യമായ വിഴുപ്പലക്കിനെ ആദര്‍ശ പോരാട്ടമായി തെറ്റിദ്ധരിച്ചു കൊട്ടിഘോഷിക്കുന്ന പി സി ജോര്‍ജും വി എസ് അച്യുതാനന്ദനും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഫലം മതേതര ജനാധിപത്യ രാഷ്ട്രീയം മ്ലേച്ഛവും നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം തമ്മില്‍ ഭേതവും എന്ന ധാരണയിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നു എന്നതാണ്. ഇതിനെ ഒരു കാരണവശാലും അനുമോദിക്കാനോ പ്രോത്സാഹിപ്പിക്കാനോ മതേതര ജനാധിപത്യ രാഷ്ട്രീയ വിവേകമുള്ള ഒരു പൗരനും സാധിക്കില്ല. അതുകൊണ്ട് പി സി ജോര്‍ജിനെയും വി എസ് അച്യുതാനന്ദനെയും നിലക്ക് നിര്‍ത്താന്‍ ചെയ്യേണ്ടത് ചെയ്യേണ്ടവര്‍ ചെയ്‌തേ പറ്റൂ. മതേതര ജനാധിപത്യ ഭാരതത്തിന്റെ പൊതുരക്ഷക്ക് അത്തരം അച്ചടക്ക നടപടികള്‍ അത്യന്താപേക്ഷിതമാണ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്കു കാരണം, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകമാണെന്നു കാണിക്കാന്‍ വി എസ് ചൂണ്ടിക്കാണിച്ച ഉദാഹണം, തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലമാണ്. അവിടെ കെ മുരളീധരന്‍ ജയിക്കാന്‍ ഇടയായത് മണ്ഡലത്തില്‍ നായര്‍ വോട്ടര്‍മാര്‍ കൂടുതലാണ് എന്നത് പരിഗണിക്കാതെ ചെറിയാന്‍ ഫിലിപ്പ് എന്ന ക്രൈസ്തവനെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാക്കിയതാണെന്നാണ് വി എസിന്റെ വാദം. എന്താണിതിനര്‍ഥം?
വി എസ് പ്രതിനിധാനം ചെയ്യുന്ന ആദര്‍ശാത്മക ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തുക മണ്ഡലത്തിലെ ജാതി മതസ്ഥരുടെ എണ്ണം നോക്കിയാണെന്നാണോ? നായര്‍ കൂടുതലുള്ളിടത്ത് നായര്‍ സ്ഥാനാര്‍ഥി, ഈഴവര്‍ കൂടുതലുള്ളിടത്ത് ഈഴവ സ്ഥാനാര്‍ഥി, ക്രൈസ്തവര്‍ കൂടുതലുള്ളിടത്ത് ക്രൈസ്തവ സ്ഥാനാര്‍ഥി എന്നിങ്ങനെ തീരുമാനമെടുക്കുന്നതാണ് ആദര്‍ശാത്മക ഇടതുപക്ഷ പ്രകാരം ശരിയായ പാര്‍ലിമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനം എന്നാണോ വി എസിന്റെ വാദം?
ഇതില്‍പ്പരം പ്രതിലോമകരമായ വാദഗതി വേറൊന്നുമില്ല. ഇത്തരം വാദഗതികള്‍ ഉയര്‍ത്തുന്ന ഒരാളെ ഉത്തരവാദപ്പെട്ട കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ കൊണ്ടാടാന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് പോലും സാധിക്കുമെന്ന് തോന്നുന്നില്ല. ഇത്തരമൊരാളുടെ നവതി ആഘോഷത്തിനും അമൃതാനന്ദമയിയുടെ 60-ാം പിറന്നാള്‍ മഹാമഹത്തിനേക്കാള്‍ മൂല്യമുള്ളതായി കാണാന്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്കൊന്നും കഴിയുകയും ഇല്ല. കാരണം, ജാതി മത പരിഗണനകള്‍ക്കതീതമായി മുഴുവന്‍ പൗരന്മാരെയും മനുഷ്യരായി കണ്ട് കൊണ്ട് പൊതുക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ജനാധിപത്യ മതേതര വ്യവസ്ഥയിലെ മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. അത്തരമൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഒരാള്‍ക്കും ജാതി നോക്കി സ്ഥാനാര്‍ഥി നിര്‍ണയം നടത്താതിരുന്നതിനെ യുക്തഹീനം എന്നു അധിക്ഷേപിക്കാന്‍ ആകില്ല. വി എസ് അതാണ് ചെയ്തത്. അതിനാലാണ് കാരാട്ട് വി എസിനെ താക്കീത് ചെയ്തതും.
ഇടതുപക്ഷം തുടര്‍ച്ചയായി അധികാരത്തിലിരിക്കാന്‍ വേണ്ട കാലോചിതമായ ചില ഇടപെടലുകള്‍ക്ക് പിണറായി വിജയന്‍ നേതൃത്വം നല്‍കിയിരുന്നു. കെ മുരളീധരന്റെ ഡി ഐ സിയെ ഇടതുപക്ഷ മുന്നണിയിലെ കക്ഷിയാക്കുക, ഇബ്‌റാഹീം സുലൈമാന്‍ സേഠിന്റെ ഐ എന്‍ എല്ലിനെയും മഅ്ദനിയുടെ പി ഡി പി യെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അഭേദ്യ ഭാഗമാക്കുക എന്നിവയായിരുന്നു ആ നടപടികള്‍. ഇത്തരം നടപടികള്‍ ശക്തിപ്പെട്ടപ്പോഴൊക്കെ അതിനെതിരെ ഐ എന്‍ എല്‍ വര്‍ഗീയ കക്ഷി തന്നെ എന്നും അടിയന്തരാവസ്ഥയില്‍ കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയ ആഭ്യന്തര മന്ത്രിയായ കരുണാകരനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരരുത് എന്നും മറ്റും പറഞ്ഞ് അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യുത മേനോന്റെ പാര്‍ട്ടിയായ സി പി ഐ ഇടതുപക്ഷത്താണല്ലോ എന്ന കാര്യം പോലും വിസ്മരിച്ച് രംഗത്ത് വന്ന്, ഇടതുപക്ഷ രാഷ്ട്രീയത്തെ അപ്രതിരോധമാക്കാനുള്ള പിണറായി വിജയന്റെ ഇടപെടലുകള്‍ക്ക് പാര വെച്ചയാളാണ് അച്യുതാനന്ദന്‍. അതിനാല്‍, അദ്ദേഹത്തിന്റെ വിഴുപ്പലക്കല്‍ പ്രസ്താവനകള്‍ ഇടതുപക്ഷം ശക്തിപ്പെടാത്തതിലുള്ള ആത്മാര്‍ഥമായ വേദനയില്‍ നിന്ന് പുറപ്പെടുന്നത് എന്നതിനേക്കാള്‍ തനിക്ക് വീണ്ടും മുഖ്യമന്ത്രിയാകാന്‍ കഴിയാതെ പോയതിലുള്ള നൈരാശ്യത്തില്‍ നിന്ന് പറപ്പെടുന്നതാണെന്നേ കരുതാനാകൂ. നവതിയുടെ കുത്തരിച്ചോറുണ്ണുന്നതിനിടയില്‍ ഇത്തരം “കല്ലുകടി” വിമര്‍ശങ്ങള്‍ വി എസിന് അസഹ്യമായേക്കാം. പക്ഷേ, സത്യം കേള്‍ക്കുമ്പോള്‍ അസഹ്യത തോന്നുന്ന നെഞ്ച് എത്രത്തോളം ആദര്‍ശാത്മകമാണെന്ന കാര്യം അദ്ദേഹം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

Latest