Connect with us

Editorial

കപ്പല്‍ ആരുടെതെന്നല്ല; എന്തിന് വന്നെന്ന്

Published

|

Last Updated

തൂത്തുക്കുടിയില്‍ ആയുധങ്ങളുമായി പിടിയിലായ അമേരിക്കന്‍ കപ്പലിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കയാണല്ലോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാനാണ് അമേരിക്കന്‍ കപ്പല്‍ എത്തിയതെന്നും അവര്‍ക്ക് ആയുധങ്ങള്‍ കൈവശം വെക്കാന്‍ അവകാശമുണ്ടെന്നുമാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നിന്നും ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നുമുള്ള സംഘങ്ങള്‍ ജയിലില്‍ ചെന്ന് കപ്പല്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വിശദീകരണമെന്നത് ശ്രദ്ധേയമാണ്.
അനധികൃതമായി ഇന്ത്യന്‍ തീരത്ത് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കെ ഈ മാസം 12ന് തൂത്തുക്കുടിയില്‍ പിടിയിലായ എം വി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന കപ്പലിനെക്കുറിച്ച് തമിഴ്‌നാട് പോലീസിലെ ക്യു ബ്രാഞ്ച് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. ക്യാപ്റ്റനടക്കം കപ്പലിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചതുള്‍പ്പെടെ പല സംഭവങ്ങളും സദുദ്ദേശ്യപരമല്ല കപ്പലിന്റെ വരവെന്നാണ് സൂചിപ്പിക്കുന്നത്. ചോദ്യം ചെയ്യലില്‍ കപ്പല്‍ ജീവനക്കാര്‍ നല്‍കിയ മറുപടികളിലും ദുരൂഹതകളുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കപ്പലിന്റെ വരവിനെ ന്യായീകരിച്ചു തിടുക്കത്തില്‍ രംഗത്തു വന്നത് മന്‍മോഹന്‍ സിംഗിന്റെ അമേരിക്കല്‍ ഭക്തി കൊണ്ട് മാത്രമാണെന്ന് സമാധാനിക്കാനാകുമോ?
സമുദ്ര മേഖലയില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുകയാണ് കപ്പലിന്റെ ദൗത്യമെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ചോദ്യത്തിന് കപ്പല്‍ ജീവനക്കാരുടെ മറുപടി. ഇന്ത്യന്‍ നാവിക സേനയും തീര രക്ഷാ വിഭാഗവും ചേര്‍ന്ന് സുരക്ഷാവലയം തീര്‍ത്തതിനാല്‍ കടല്‍ക്കൊള്ളക്കാരൂടെ ശല്യമില്ലാത്ത തൂത്തുക്കുടി മേഖലയില്‍ കപ്പല്‍ എന്തിന് ചുറ്റിക്കറങ്ങിയെന്ന ചോദ്യത്തിന് അവര്‍ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഡീസല്‍ ആവശ്യത്തിനാണ് ഇവിടെ വന്നതെന്നായിരുന്നു പിടിയിലായ ഉടനെ ജീവനക്കാര്‍ ക്യൂ ബ്രാഞ്ചിന് നല്‍കിയ മൊഴി. കപ്പല്‍ കമ്പനിയായ അഡ്‌വാന്‍ ഫോര്‍ട്ട് മേധാവികള്‍ പറയുന്നത് ഫൈലീന്‍ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനായിരുന്നുവെന്നാണ്. ഫൈലിന്‍ബാധിത പ്രദേശവുമായി തൂത്തുക്കുടി തീരത്തിന് ബന്ധമില്ലെന്നതിനാല്‍ ആ ഭാഗത്ത് നിന്നാണ് കപ്പല്‍ എത്തിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം.
മൂന്ന് മാസത്തോളമായി കപ്പല്‍ കേരള, തമിഴ്‌നാട് തീരത്തെത്തിയിട്ട്. കഴിഞ്ഞ ആഗസ്റ്റില്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് ചുറ്റിക്കറങ്ങവെ ആയുധം കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത് കൊച്ചി തുറമുഖത്തെത്തിച്ചിരുന്നു. അന്ന് വിശദമായ പരിശോധന നടത്താതെ തീരസംരക്ഷണ സേനയിലെയും സംസ്ഥാന പോലീസ്, കസ്റ്റംസ് വിഭാഗങ്ങളിലെയും ചില ഉന്നതര്‍ ഇടപെട്ട് കപ്പല്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ കപ്പലിനെക്കുറച്ച് അന്വേഷിക്കുന്ന തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നാമമാത്രമായ പരിശോധന നടത്തി കപ്പലില്‍ ആയുധങ്ങളില്ലെന്ന് അന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടായിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ട്.
കൊച്ചിയില്‍ പിടിയിലായ ഘട്ടത്തില്‍ കപ്പലില്‍ മുഴുവന്‍ രേഖകളുമുണ്ടായിരുന്നു. തുറമുഖത്തെ പരിശോധനയിലും ഡീസല്‍ നിറക്കുന്നതിനും ഈ രേഖകള്‍ കൊച്ചിയില്‍ ഹാജരാക്കിയിരുന്നതുമാണ്. തൂത്തുക്കുടിയില്‍ പിടിയിലാകുമ്പോള്‍ കപ്പലിന്റെ ഉടമസ്ഥതയോ ലൈസന്‍സോ സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ കപ്പലിന്റെ നിറത്തോട് സാദൃശ്യമുള്ള നിറമാണ് അമേരിക്കന്‍ കപ്പലിന് നല്‍കിയിരിക്കുന്നത്. ഇത് യാദൃച്ഛികമല്ലെന്നും ബോധപൂര്‍വമാകാമെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടിത ഗ്രൂപ്പുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കും അമേരിക്കന്‍ ആയുധ വ്യാപാരികളുടെ അത്യാധുനിക തോക്കുകളും സ്‌ഫോടകവസ്തുക്കളും എത്തിച്ചു കൊടുക്കുകയാണ് കപ്പലിന്റെ ദൗത്യമെന്ന് സന്ദേഹമുണ്ട്.
തന്ത്രപ്രധാന മേഖലകളാണ് കൊച്ചിയും തൂത്തുക്കുടിയും. ഇവിടങ്ങളില്‍ മതിയായ രേഖകളും വിശദീകരണവുമില്ലാതെ ആയൂധങ്ങളുമായി ഒരു വിദേശ കപ്പല്‍ ചുറ്റിക്കറങ്ങുന്നത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുയര്‍ത്തുന്നതിനാല്‍ അതീവ ഗൗരവത്തോടെ അതിനെ കാണേണ്ടതുണ്ട്. കപ്പല്‍ ഏത് രാജ്യത്തിന്റെതെന്ന് നേക്കിയല്ല, വരവിന്റെ പിന്നിലെ ലക്ഷ്യമെന്തെന്ന് അന്വേഷിച്ചു കണ്ടെത്തിയായിരിക്കണം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.