Connect with us

International

ജര്‍മന്‍ ചാന്‍സലറിന്റെ ഫോണും അമേരിക്ക ചോര്‍ത്തി

Published

|

Last Updated

ബര്‍ലിന്‍: ചാന്‍സലര്‍ അഞ്ചലാ മെര്‍ക്കലിന്റെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന് ജര്‍മനി. യു എസ് മുന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥനും അമേരിക്കയുടെ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത എഡ്വേര്‍ഡ് സ്‌നോഡനില്‍ നിന്നാണ് പുതിയ വെളിപ്പെടുത്തല്‍ ലഭിച്ചതെന്ന് കരുതുന്നു.
മര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ യു എസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിക്കൊണ്ടിരിക്കുന്നുണ്ടെന്ന് ജര്‍മന്‍ ചാന്‍സലറിന്റെ വക്താക്കളും രഹസ്വാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും വ്യക്തമാക്കി. എവിടെ നിന്നാണ് തങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് ജര്‍മനി വിശദീകരിച്ചിട്ടില്ല. എന്നാല്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ നല്‍കിയത് സ്‌നോഡനാണെന്ന് ജര്‍മന്‍ പത്രമായ ദേര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവുമായി ജര്‍മനി രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിനെ കുറിച്ച് വ്യക്തവും പൂര്‍ണവുമായ വിശദീകരണം നല്‍കണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയോട് അഞ്ചലാ മെര്‍ക്കല്‍ ആവശ്യപ്പെട്ടു. പ്രതിഷേധമറിയിക്കാന്‍ ബര്‍ലിനിലെ യു എസ് അംബാസഡര്‍ ജോണ്‍ എമേഴ്‌സണെ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗൈഡോ വെസ്റ്റര്‍വെല്ലെ വിളിച്ചുവരുത്തി.
പതിറ്റാണ്ടുകളായി അമേരിക്കയുടെ സഖ്യ രാഷ്ട്രമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ജര്‍മനിയെന്നും ചാന്‍സലറുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മര്‍ക്കലിന്റെ വക്താവ് സ്റ്റീഫണ്‍ സയ്‌ബേര്‍ട്ട് അറിയിച്ചു. അമേരിക്കയുടെ ചാരപ്രവൃത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വക്താക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ഫ്രഞ്ച് പൗരന്‍മാരുടെ ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് ജര്‍മനിയുടെ ആരോപണം എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ പ്രധാന സഖ്യരാഷ്ട്രമായ ഫ്രാന്‍സിലെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തില്‍ പ്രതിഷേധമറിയിക്കാനും വെളിപ്പെടുത്തലിനെ കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാനും ഫ്രഞ്ച് വിദേശകാര്യ മന്ത്രി യു എസ് പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പ്രതിഷേധവുമായി യൂറോപ്യന്‍ യൂനിയനും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ ചാര പ്രവൃത്തിയെ കുറിച്ച് ഇ യുവില്‍ ചര്‍ച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊലന്‍ദെയുടെ ആവശ്യം ഇ യു അംഗീകരിച്ചിട്ടുണ്ട്.

Latest