Connect with us

Gulf

'യു എ ഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആണവനയമുള്ള രാജ്യമെന്ന്'

Published

|

Last Updated

അബുദാബി: ലോകത്ത് ഏറ്റവും സുരക്ഷിതമായ ആണവ നയമുള്ള രാജ്യമാണ് യു എ ഇയെന്ന് ഇന്റര്‍നാഷ്ണല്‍ കമ്മിഷന്‍ ഓണ്‍ റേഡിയോളജിക്കല്‍ പ്രൊട്ടക്ഷന്‍ (ഐ സി ആര്‍ പി) ചെയര്‍പേഴ്‌സണായ ഡോ.ക്ലയര്‍ കസിന്‍സ് അഭിപ്രായപ്പെട്ടു.
റേഡിയോളജിക്കല്‍ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് ഐ സി ആര്‍ പിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന രണ്ടാമത് രാജ്യാന്തര സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യു എ ഇയുടെ ആണവോര്‍ജ്ജ നയം പരമാവധി റേഡിയേഷനില്‍ നിന്നും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ്.
യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണത്തില്‍ മേഖലയിലെ ജനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് അണുവികിരണം മൂലം സംഭവിക്കുന്ന റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഐ സി ആര്‍ പി ശ്രമിക്കുന്നതെന്നും 2006 മുതല്‍ ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റേഡിയോളജി റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗവും കൂടിയായ ക്ലര്‍ക്ക് വ്യക്തമാക്കി.
ആണവോര്‍ജവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം രാജ്യാന്തര നിലവരാത്തില്‍ ഏറ്റവും സുരക്ഷിതമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വില്ല്യം ഡി ട്രാവേഴ്‌സ് വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍ നടത്തപ്പെടുന്ന ഇത്തരം ഒരു സിംപോസിയത്തിന് ആദ്യമായി വേദിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ ഭരണ നേതൃത്വം ആണവോര്‍ജവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എത്രത്തോളം സൂക്ഷ്മമായും സുരക്ഷിതമായുമാണ് കൈകാര്യം ചെയ്യുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും സാധിക്കുമെന്നത് വലിയ കാര്യമാണ്.
രാജ്യാന്തര നിലവാരം ഉറപ്പാക്കി സമാധാനാവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗപ്പെടുത്തുകയെന്നതാണ് രാജ്യം അവലംഭിക്കുന്ന നയം. സമാധാനാവശ്യത്തിന് മാത്രമാണ് രാജ്യം ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനും സമ്മേളനം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റേഡിയേഷന്‍ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്ത് പിന്തുടരുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പിന്തുടരുന്ന രാജ്യം കൂടിയാണ് യൂ എ ഇ. രാജ്യാന്തര തലത്തില്‍ നടക്കുന്ന ഇത്തരം ഒരു സിംപോസിയം രാജ്യത്ത് നടത്താന്‍ സാധിച്ചതിലൂടെ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട അറിവുകള്‍ പരസ്പരം കൈമാറാനും രാജ്യാന്തര തലത്തിലുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ മനസിലാക്കാനും സാഹയകമായിട്ടുണ്ട്. സുസ്ഥിരമായ ഭാവിയാണ് ഇതിലൂടെ രാജ്യം ലക്ഷമിടുന്നത്.
മൂന്നു ദിവസങ്ങളിലായി ആറു സെഷനുകളായാണ് സിംപോസിയം നടത്തിയത്. റേഡിയേഷനുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖല വ്യവസായങ്ങളില്‍ എടുക്കേണ്ട മുന്‍കരുതല്‍, ജപ്പാനിലെ ഫുകോഷിമയില്‍ സംഭവിച്ചതുപോലുള്ള ദുരന്തങ്ങള്‍ ലോകത്തെവിടെയെങ്കിലും സംഭവിച്ചാല്‍ റേഡിയേഷന് കാരണമാവുന്ന വസ്തുക്കള്‍ എങ്ങിനെ സുരക്ഷിതമായി മാറ്റാം എന്ന കാര്യവും സിംപോസിയം ചര്‍ച്ചചെയ്തതായും ഡോ. വില്ല്യം പറഞ്ഞു.

Latest