ചികിത്സാപിഴവ്: 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Posted on: October 24, 2013 8:37 pm | Last updated: October 24, 2013 at 8:41 pm
SHARE

anuradha---diedന്യൂഡല്‍ഹി: ചികിത്സയിലെ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. കൊല്‍ക്കത്തയിലെ എ എം ആര്‍ ഐ ആശുപത്രിക്കും അവിടത്തെ മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചത്. 1998ല്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി. എട്ടാഴ്ചക്കുള്ളില്‍ പണം അടക്കണമെന്നും കോടതി ഉത്തരവിട്ടു.

ഡോക്ടര്‍മാരായ ബല്‍റാം പ്രസാദ്, സുകുമാര്‍ മുഖര്‍ജി എന്നിവര്‍ പത്ത് ലക്ഷം രൂപ വീതവും ബൈദ്യാനന്ദ് ഹല്‍ദര്‍ അഞ്ച് ലക്ഷം രൂപ വീതവും ബാക്കി തുക ആശുപത്രി അധികൃതരുമാണ് നല്‍കേണ്ടത്. ചികിത്സാപിഴവിന് രാജ്യത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരമാണിത്.

കേസില്‍ 2011ല്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ 1.73 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഉയര്‍ന്ന തുക നഷ്ടപരിഹാരം വിധിച്ചത്.

അനുരാധാ സാഹ എന്ന കുട്ടികളുടെ മനശാസ്ത്രജ്ഞയാണ് ചികിത്സയിലെ പിഴവിനെ തുടര്‍ന്ന് മരിച്ചത്. 1998ലെ ഒരു വേനലവധിക്കാലത്ത് ത്വക്ക് രോഗത്തിന് ചികിത്സക്കായാണ് യുവതി ഡോ. സുകുമാര്‍ മുഖര്‍ജിയെ സമീപിച്ചത്. യുവതിയോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും രോഗം അധികമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കി. ഇതേതുടര്‍ന്ന് യുവതിയുടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഡോക്ടര്‍ നല്‍കിയത് തെറ്റായ ഇന്‍ജക്ഷനാണെന്ന് പിന്നീട് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here