Connect with us

National

കല്‍ക്കരിപ്പാടം അഴിമതി: സി ബി ഐക്ക് ചോദ്യം ചെയ്യാം പ്രധാനമന്ത്രി

Published

|

Last Updated

പ്രത്യേക വിമാനത്തില്‍ നിന്ന്: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ സി ബി ഐ ചോദ്യം ചെയ്യലിന് വിധേയമാകാന്‍ തയ്യാറാണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റഷ്യ, ചൈനാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രത്യേക വിമാനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ നിയമത്തിന് അതീതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2006ല്‍ ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി ഖനി അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന ആരോപണത്തില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ച സി ബി ഐ, അന്നത്തെ കല്‍ക്കരി മന്ത്രിയായ മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യുമെന്ന് സൂചന നല്‍കിയിരുന്നു. എഫ് ഐ ആറില്‍ ഉള്‍പ്പെട്ട മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ്, താന്‍ പ്രതിയാണെങ്കില്‍ പ്രധാനമന്ത്രിയും പ്രതിയാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. “സി ബി ഐക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ ചോദിക്കാനുള്ളതെല്ലാം ചോദിക്കട്ടെ. എനിക്ക് ഒന്നും ഒളിക്കാനില്ല. ഞാന്‍ നിയമത്തിന് അതീതനുമല്ല”- പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ അത് ചരിത്രം തെളിയിക്കട്ടെ എന്നായിരുന്നു സിംഗിന്റെ മറുപടി. പത്ത് വര്‍ഷമായി താന്‍ കടമ നിര്‍വഹിക്കുന്നു. അത് തുടരുകയും ചെയ്യും. ഈ കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ ചരിത്രകാരന്‍മാരുടെ മുന്നില്‍ പരിശോധനക്ക് വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മുത്തശ്ശിയെയും പിതാവിനെയും വകവരുത്തിയത് പോലെ തന്നെയും വധിക്കുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താനടക്കം ബുദ്ധിയുള്ള മുഴുവന്‍ പേരും വിദ്വേഷ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് സിംഗ് പറഞ്ഞു. രാഹുലിനെതിരായ ഭീഷണിയെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മുഖ്യ പ്രതിപക്ഷമായ ബി ജെ പി ഇപ്പോള്‍ തന്നെ പ്രചണ്ഡമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്നും സാവധാനം മുന്നോട്ടു പോകുന്ന തന്റെ പാര്‍ട്ടി തന്നെയാകും അവസാന വിജയം നേടുകയെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിപക്ഷത്തിന്റെത് ആരംഭ ശൂരത്വമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം യു എന്‍ പൊതു സമ്മേളനത്തോടനുബന്ധിച്ച് പാക് പ്രധാനമന്ത്രിയുമായി കരാര്‍ ഒപ്പ് വെച്ചിട്ടും പാക് സേന അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് നിരാശാജനകമാണെന്നും സിംഗ് പറഞ്ഞു.

 

Latest