Connect with us

Kerala

യൂണിവേഴ്‌സിറ്റി സമരം: ഭരണ സ്തംഭനം ഒഴിവാക്കണം എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ നടത്തുന്ന സമരംമൂലമുണ്ടായ യൂണിവേഴ്‌സിറ്റിയുടെ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പരീക്ഷയേയും സാരമായി ബാധിക്കുന്ന തരത്തിലാണ് നിലവില്‍ യൂണിവേഴ്‌സിറ്റിയുടെ അവസ്ഥ. നിര്‍ദ്ദിഷ്ട സേവനാവകാശം നടപ്പാക്കുന്നതില്‍ ജീവനക്കാരുടെ എതിര്‍പ്പ് ഇല്ലാതായിരിക്കെ വിഷയത്തില്‍ വിസി നേരിട്ട് ഇടപെട്ട് പരിഹരിക്കാവുന്നതേയുള്ളൂ.

പ്രഖ്യാപിക്കപ്പെട്ട അനിശ്ചിതകാല സമരം ഒഴിവാക്കാനാവശ്യമായ അടിയന്തിര ഇടപെടല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു. ഡിഗ്രി സെമസ്റ്റര്‍ പരീക്ഷകളുടെ ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. നവംബര്‍ ആദ്യവാരത്തില്‍ നടത്തേണ്ട മിക്ക പരീക്ഷകളും എപ്പോള്‍ നടക്കുമെന്ന് അധികൃതര്‍ക്ക് മറുപടിയില്ല. വിദ്യര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നിലപാട് തിരുത്താന്‍ ജനകീയ, രക്ഷാകര്‍തൃ കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്തത്തില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി കായംകുളം പ്രസംഗിച്ചു. ഉമര്‍ ഓങ്ങല്ലൂര്‍ സ്വാഗതവും വി പി എം ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Latest