Connect with us

Kozhikode

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കമ്മീഷനെ അംഗീകരിക്കാത്തത് പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടം: കെ പി എ മജീദ്

Published

|

Last Updated

കോഴിക്കോട്: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷ നിലപാട് സത്യം പുറത്താവുന്നത് ഭയന്നുള്ള ഒളിച്ചോട്ടമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുള്ളതാണെന്ന് വ്യക്തമാക്കുന്നതാണിത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കമ്മീഷന് മുന്നില്‍ നിരത്തി ആരോപണങ്ങള്‍ തെളിയിക്കുന്നതിന് പകരം കമ്മീഷനെ തന്നെ അംഗീകരിക്കില്ലെന്ന് പറയുന്നത് അപഹാസ്യമാണ്. ജുഡീഷ്യല്‍ കമ്മീഷനായി സിറ്റിംഗ് ജഡ്ജിയെ ലഭ്യമാക്കാനുള്ള മുഴുവന്‍ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
ഇത് സംബന്ധിച്ച സര്‍ക്കാറിന്റെ ആവശ്യത്തെ രണ്ട് തവണ ഹൈകോടതി നിരാകരിക്കുകയായിരുന്നു. എല്ലാ കേസന്വേഷണങ്ങള്‍ക്കും സിറ്റിംഗ് ജഡ്ജിയെ വിട്ട് നല്‍കേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനമാണിതിന് കാരണം. എല്‍ ഡി എഫ് കാലത്ത് പിന്നാക്ക കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച വ്യക്തിയാണ് ജസ്റ്റിസ് ശിവരാജനെന്നും മജീദ് പറഞ്ഞു.

 

Latest