Connect with us

Kozhikode

ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം

Published

|

Last Updated

കോഴിക്കോട്: നിസാര പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കത്തിനിടെ ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ കല്ലടികുന്നുമ്മലിലെ ബശീറി (31)നെ കുത്തികൊന്ന കേസിലെ പ്രതി കോടഞ്ചേരി ആലിഞ്ഞാക്കുടി മുഹമ്മദ് നൗഷാദി (45)നെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. കോഴിക്കോട് രണ്ടാം അഡീഷനല്‍ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോ. കൗസര്‍ ഇടപ്പഴകത്തിന്റെതാണ് വിധി.
2011 സെപതംബര്‍ 12ന് രാത്രി 7.45ന് കോടഞ്ചേരി കണ്ണോത്ത് കളപ്പുറം കുരിശുപളളിക്ക് മുമ്പിലാണ് സംഭവം. പുതുപ്പാടി സ്വദേശി പുഴക്കുന്നുമ്മല്‍ അബൂബക്കറുമൊത്തുള്ള യാത്രക്കിടെ കുരിശുപള്ളിക്ക് സമീപമുള്ള പെട്ടിടകയില്‍ സിഗരറ്റ് വാങ്ങാന്‍ ബശീര്‍ ഓട്ടോ നിറുത്തി. തിരിച്ച് വരുമ്പോള്‍ അബൂക്കറിന്റെ കൈ കടക്ക് മുമ്പില്‍ നില്‍ക്കുകയായിരുന്ന കളപ്പുറത്ത് വാടകക്ക് താമസക്കുന്ന ഈരാറ്റുപേട്ട സ്വദേശിനൗഷാദിന്റെ ദേഹത്ത് അപ്രതീക്ഷിതമായി തട്ടി. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തി. ഇതിനിടെ ബശീര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. തുടര്‍ന്ന് അരയിലുണ്ടായിരുന്ന കത്തിയെടുത്ത് നൗഷാദ് ബശീറിനെയും അബൂബക്കറിനെയും കുത്തുകയായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന ഇവരെ ഇതുവഴി വന്ന നാട്ടുകാരില്‍ ചിലര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ ബശീര്‍ മരണപ്പെടുകയായിരുന്നു. അബൂബക്കര്‍ മാസങ്ങളോളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊലപാതകത്തിന് ശേഷം മുങ്ങാന്‍ ശ്രമിച്ച നൗഷാദിനെ താരമശ്ശേരി സി ഐ പി ബിജുരാജ് താമരശ്ശേരി ബസ്റ്റാന്റില്‍ വെച്ച് പിടികൂടുകയായിരുന്നു. റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി പി ഒ പത്മനാഭന്‍, സി പി ഒ സലീം എന്നിവര്‍ ഈരാറ്റുപേട്ടയിലെത്തി പ്രതിയെ സാഹസികമായി പിടികൂടി കോടതിയില്‍ ഹാജറാക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്ത കോഴിക്കോട് രണ്ടാം അഡീഷനല്‍ സെഷന്‍ കോടതി ഇന്നലെയാണ് കേസിന്റെ വിധി പ്രസ്ഥാവിച്ചത്. ബഷീറിനെ കുത്തികൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും അബൂബക്കറിനെ കുത്തി പരുക്കേല്‍പിച്ചതിന് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പി ബിജുരാജ് താമരശ്ശേരി സി ഐ ആയി ചാര്‍ജെടുത്ത് ആദ്യമായി ഏറ്റെടുത്ത കേസായിരുന്നു ഇത്. അഡീഷനല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറായി ഷാജു ജോര്‍ജ് ഹാജരായി.