Connect with us

Wayanad

ജില്ലയില്‍ വൃക്ക രോഗികളുടെ ക്ഷേമത്തിനായി സൊസൈറ്റി

Published

|

Last Updated

കല്‍പറ്റ: ജില്ലയിലെ നിര്‍ധനരായ വൃക്കരോഗികളുടെ ആരോഗ്യപരിരക്ഷയ്ക്കും ചികിത്സാ സഹായത്തിനുമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സൊസൈറ്റി രൂപവത്കരിച്ചു.
“കനിവ്” കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയെന്നാണ് പേര്. സൗജന്യ മരുന്ന് വിതരണം, രോഗനിര്‍ണ്ണയം, വൃക്കമാറ്റിവെയ്ക്കല്‍ സൗകര്യങ്ങള്‍, ഡയാലിസിസിന് സഹായം, ആംബുലന്‍സ് സൗകര്യം, വൃക്കരോഗങ്ങള്‍ തടയുന്നതിനുള്ള പരിപാടികള്‍, സമാനമേഖലകളില്‍ പ്രവൃത്തിക്കുന്നവരുമായി യോജിച്ചുള്ള പദ്ധതികള്‍ രൂപീകരിക്കല്‍ തുടങ്ങിയവയാണ് സൊസൈറ്റി വഴി നടപ്പാക്കുന്ന സുപ്രധാന പരിപാടികള്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി ചെയര്‍മാനും ജില്ലാ കലക്ടര്‍ കെ ജി രാജു ചീഫ് കോ-ഓര്‍ഡിനേറ്ററുമാണ്. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ചികിത്സാ സഹായത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും. സന്നദ്ധ സഹായത്തിന് തയ്യാറുള്ള വ്യക്തികളുടെയും സംഘടനകളുടെയും കൂടി സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ധാരണയായി.