Connect with us

Palakkad

കണ്ണാടിയില്‍ പത്ത് വീടുകളില്‍ മോഷണം

Published

|

Last Updated

പാലക്കാട്: നഗരാതിര്‍ത്തിയായ കണ്ണാടിയില്‍ മോഷണ പരമ്പര. പത്തോളം വീടുകളില്‍ മോഷണശ്രമം. രണ്ട് വീടുകളില്‍ നിന്നായി മൂന്നര പവന്റെ ആഭരണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. വീടുകളുടെ വാതില്‍ തകര്‍ത്താണ് മോഷണം. സംഭവത്തിനു പിന്നില്‍ തമിഴ് കുറവ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാത്രി 11 മണിക്കും ചൊവാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയിലാണ് മോഷണ പരമ്പര നടന്നത്.
കണ്ണാടി പാത്തിക്കല്‍ മൈത്രി നിവാസില്‍ മൈത്രി ഹോട്ടല്‍ ഉടമ ഹംസയുടെ വീട്ടില്‍ നിന്നാണ് മൂന്നര പവന്റെ ആഭരണം നഷ്ടപ്പെട്ടത്. ഹംസയുടെ ഭാര്യയുടെയും കുട്ടിയുടെയും കഴുത്തില്‍ നിന്നാണ് മാലകള്‍ പിടിച്ചുപറിച്ചത്. കണ്ണാടി അയ്യപ്പന്‍കാവ് മണി എഴുത്തച്ഛന്റെ മകന്‍ ശാന്തകുമാരന്റെ വീട്ടില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ നഷ്ടമായി. വീടിന്റെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.കണ്ണാടി പുളിക്കല്‍ കാര്‍ത്ത്യായനിയമ്മയുടെ വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ച് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.അതേസമയം അയ്യപ്പന്‍കാവ് പ്രിയ നിവാസില്‍ പ്രകാശന്‍ മാസ്റ്ററുടെ വീട്ടില്‍ മോഷണശ്രമമുണ്ടായി. ഇവിടെയും വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടക്കാന്‍ ശ്രമിച്ചത്. മരുവപ്പാടത്ത് മുരളീധരന്റെ വീടിന്റെ മുന്‍വാതില്‍ പകുതിയോളം പൊളിച്ചു. തുടര്‍ന്ന് മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സമീപത്ത് വാടകയ്ക്കു താമസിക്കുന്ന വെങ്കിടസ്വാമിയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അയ്യപ്പന്‍കാവ് വിസ്മയ വീട്ടില്‍ നാരായണന്‍കുട്ടിയുടെ വീടിന്റെ മുന്‍വാതിലാണ് മോഷ്ടാക്കള്‍ പൊളിച്ചത്.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. കര്‍ഷകനായ കണ്ണാടി പുളിക്കല്‍ പ്രകാശന്റെ വീട്ടിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സമീപത്തെ വയലിലൂടെയാണ് മോഷ്ടാക്കള്‍ വന്നുപോയതെന്നാണ് പോലീസ് അനുമാനിക്കുന്നത്.