Connect with us

Malappuram

ജനറല്‍ ആശുപത്രി വികസന പദ്ധതികള്‍ മുടങ്ങി

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രിയുടെ പഴയ ബ്ലോക്ക് നവീകരണവും വിവിധ വികസന പദ്ധതികളും വീണ്ടും മുടങ്ങി. പഴയ ബ്ലോക്കിന്റെ നവീകരണത്തോടെ റീവയറിംഗ് ഇലക്ട്രിഫിക്കേഷനുമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പും പൊതുമരാമത്ത് കെട്ടിട വിഭാഗവും തമ്മില്‍ ഫണ്ടിന്റെ കാര്യത്തില്‍ സമവായത്തിലെത്താതാണ് വികസന പദ്ധതികള്‍ മുടങ്ങാന്‍ കാരണം. വിവിധ വകുപ്പുകള്‍ തമ്മില്‍ ദീര്‍ഘകാലം നീണ്ടുനിന്ന ശീതസമരത്തിനൊടുവില്‍ കാരുണ്യ ഫാര്‍മസി തുടങ്ങാനാവശ്യമായ ഒരുക്കം പൂര്‍ത്തിയായിട്ടുണ്ട്. അതേ സമയം ഡയാലിസിസ് യൂണിറ്റ്, കൃത്രിമ അവയവ നിര്‍മാണ യൂനിറ്റ് എന്നിവക്കുള്ള സംവിധാനമായിട്ടില്ല. പി ഡബ്ല്യൂ ഡി കെട്ടിടം വിഭാഗത്തിന്റെ ചുമതലയിലാണ് നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉദാസീനതയും അധികൃതരുട അനാസ്ഥയും കാരണം ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോകുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും വേണ്ടി പ്രത്യേകം നിര്‍മിച്ച കെട്ടിടമാണ് മെഡിക്കല്‍ കോളജായി പരിവര്‍ത്തനം ചെയ്തത് പ്രവര്‍ത്തിച്ച് വരുന്നത്. ഗര്‍ഭണികള്‍, ശിശുക്കള്‍ എന്നിവരുടെ വാര്‍ഡുകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഗര്‍ഭിണികളും കുട്ടികളും ഇപ്പോഴും തറയില്‍ കിടക്കേണ്ട ദുരിതാവസ്ഥയിലാണ്. സൗജന്യ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വന്നിട്ടും പൊതുമരാമത്ത് വകുപ്പ് ആവശ്യമായ കെട്ടിടം സജ്ജീകരിക്കാന്‍ നടപടിയെടുക്കുന്നില്ല. മഞ്ചേരി നഗരസഭ അരക്കോടി രൂപ ഡയാലിസിസ് മെഷീനുകള്‍ വാങ്ങാന്‍ നീക്കി വെച്ചിട്ടുണ്ട്. പഴയ ബ്ലോക്കില്‍ ആവശ്യമായ മുറികള്‍ ഒഴിഞ്ഞു കിടന്നിട്ടും സൗകര്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ അമാന്തം കാണിക്കുന്നതായാണ് അധികൃതരുടെ ആരോപണം. കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ഇവിടെ സ്ഥലം കണ്ടെത്തിയിരുന്നു. ഇതിനായി വാങ്ങിവെച്ച വിലപിടിപ്പുള്ള യന്ത്രങ്ങള്‍ പലതും തുരുമ്പെടുത്തു നശിച്ചിട്ടും കെട്ടിടം സജ്ജമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയും ഇപ്പോഴത്തെ മന്ത്രി വി എസ് ശിവകുമാറും ഓരോ കോടി രൂപ വീതം ആശുപത്രി നവീകരണത്തിനായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പഴയ ആശുപത്രി കെട്ടിടത്തിന്റെ തറയും ചുവരുകളും അറ്റകുറ്റപണികള്‍ തീര്‍ത്ത് ടൈല്‍സ് വിരിക്കാനും വാര്‍ഡുകള്‍ വൈറ്റ് വാഷ് ചെയ്തും കുളിമുറികളും മറ്റും നവീകരിച്ച് പ്ലംബ്ലിംഗും വയറിംഗും പൂര്‍ത്തിയാക്കാനുമായിരുന്നു പദ്ധതി. മുടങ്ങി കിടക്കുന്ന പദ്ധതികള്‍ക്ക് ജീവന്‍ നല്‍കാന്‍ ജനപ്രതിനിധികള്‍ സമ്മര്‍ദ്ദം ചെലത്തുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കല്‍ കോളജിനുവേണ്ടി പൊതുമരാമത്ത് വകുപ്പിന്റെ ബില്‍ഡിംഗ് സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസും സര്‍ക്കാര്‍ റസ്റ്റ് ഹൗസും വിട്ടുകൊടുത്തതോടെ ആരംഭിച്ചതാണ് ഇരു വകുപ്പുകള്‍ തമ്മിലുള്ള ശീത സമരം.

Latest