Connect with us

Malappuram

സാമൂഹികനീതി ദിനാചരണത്തിന് ഇന്ന് തുടക്കം

Published

|

Last Updated

മലപ്പുറം: സംസ്ഥാന സാമൂഹിക നീതി ദിനാചരണത്തിന് ഇന്ന് രാവിലെ ഒമ്പതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ തുടക്കമാകും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ഘോഷയാത്രയില്‍ 5000 ത്തോളം പേര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ കെ ബിജു ഫഌഗ് ഓഫ് ചെയ്യും. ജില്ലയിലെ ജനപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഐ സി ഡി എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
എം എസ് പി ഗ്രൗണ്ടില്‍ 10 ന് ഘോഷയാത്ര എത്തുമ്പോള്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്, സാമൂഹികനീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭിന്നശേഷി നിര്‍ണയ ഉപകരണ വിതരണ ക്യാമ്പ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ ടി എ അഹമ്മദ് കബീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം എല്‍ എ സ്വാഗതം പറയും. എം എല്‍ എ മാരായ സി മമ്മൂട്ടി, പി ശ്രീരാമകൃഷ്ണന്‍ ,അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, ജില്ലാ പൊലീസ് മേധാവി എച്ച് മഞ്ജുനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ഒന്നാം വേദിയില്‍ സ്ത്രീകളും കുട്ടികളും സാമൂഹിക നീതിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷത വഹിക്കും.
രണ്ടാം വേദിയില്‍ നടക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പില്‍ അംഗപരിമിതി നിര്‍ണയവും തല്‍സമയ തിരിച്ചറിയല്‍ കാര്‍ഡ്/ സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. മൂന്നാം വേദിയില്‍ ഉച്ചക്ക് 12 ന് ഡോക്യുമെന്ററി ഫെസ്റ്റ് ആരംഭിക്കും. നാല് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.നാലാം വേദിയില്‍ രാവിലെ 10 ന് വനിതാ കമ്മീഷന്‍ അദാലത്ത് നടക്കും. വനിതാ കമ്മീഷന്‍ അംഗം നൂര്‍ബീന റഷീദ് നേതൃത്വം നല്‍കും.
അഞ്ചാം വേദിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകളും ആറാം വേദിയില്‍ കുടുംബശ്രീ യൂനിറ്റുകളുടെ ഭക്ഷ്യമേളയും നടക്കും. വൈകീട്ട് 5 ന് ഒന്നാം വേദിയില്‍ കലാപരിപാടികള്‍ തുടങ്ങും.