Connect with us

Malappuram

ലോഡ്ജ് ഉടമയുടെ മരണം; പാര്‍ട്ണര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

എടപ്പാള്‍: സ്വകാര്യ ലോഡ്ജ് ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ണര്‍ ഉള്‍പ്പെടെ അഞ്ചു പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
എടപ്പാള്‍ ജംഗ്ഷനിലെ തൃശൂര്‍ റോഡിലെ ഐവ റസിഡന്‍സി ഉടമ വെങ്ങിനിക്കര പുത്തന്‍ വീട്ടില്‍ മൊയ്തീന്റെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ പുലിയാറംകുന്ന് വയരേങ്ങല്‍ പറമ്പ് കളത്തുംപടിക്കല്‍ ഹസ്സന്റെ മകന്‍ സാലിഹ്(29), എടപ്പാള്‍ പെരുമ്പറമ്പ് കുന്നത്ത് വളപ്പില്‍ കുഞ്ഞിപ്പയുടെ മകന്‍ അക്ബര്‍ അലി(36), എടപ്പാള്‍ ഉക്കൂരത്ത് വളപ്പില്‍ അബുവിന്റെ മകന്‍ റഊഫ് (38), എടപ്പാള്‍ വെങ്ങിനക്കര മുണ്ടേങ്കാട്ടില്‍ സൈഫുദ്ദീന്‍ എന്ന സൈഫു (46), പാലക്കാട് കൊല്ലങ്കോട് നെടുമണി വീട്ടില്‍ ആറുവിന്റെ മകന്‍ സുരേന്ദ്രന്‍ (29)എന്നിവരെയാണ് വളാഞ്ചേരി സി ഐ. പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 18ന് രാത്രി എട്ട് മണിക്കാണ് ഐവ റസിഡന്‍സിയുടെ റിസപ്ഷനില്‍ വെച്ച് മൊയ്തീനെ ഒന്നാം പ്രതി സാലിഹ് മര്‍ദിക്കുന്നത്.
തുടര്‍ന്ന് എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൊയ്തീന്‍ രാത്രി 10.30ന് മരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, നാലാം പ്രതിയായ സൈഫുദ്ദീന്‍ പാര്‍ട്ണറായ സ്ഥാപനമാണ് ഐവ റസിഡന്‍സി. ഇയാള്‍ ഉള്‍പ്പെടുന്ന സംഘത്തിന് മദ്യപിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ മുറികള്‍ നല്‍കാന്‍ മൊയ്തീന്‍ തയ്യാറാകുന്നില്ല. ഇതിനെ ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട്.
സംഭവ ദിവസം രാവിലെ 10.45ന് സൈഫുദ്ദീന്‍, സാലിഹ്, അക്ബര്‍, അലി, റഊഫ് എന്നിവര്‍ എടപ്പാള്‍ ജംഗ്ഷനിലെ പാലക്കാട് റോഡിലുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ രണ്ട് മുറികള്‍ വാടകക്കെടുത്ത് മദ്യപാനം ആരംഭിച്ചു. ഇതിനിടയില്‍ മൊയ്തീന്‍ ഐവ റസിഡന്‍സില്‍ മുറികള്‍ നല്‍കാത്തതിനാല്‍ മൊയ്തീനെ ഒന്ന് കൈകാര്യം ചെയ്യാന്‍ അക്ബര്‍ അലി, റഊഫ്, സൈഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചു.
ഇവരെ മൂന്നുപേരെയും മൊയ്തീന് പരിചയമുള്ളതിനാല്‍ കൃത്യം നടത്താന്‍ സാലിഹിനെ സംഘം ചുമതലപ്പെടുത്തി. ഇതിനുശേഷം സൈഫുദ്ദീന്‍ ഉടമസ്ഥതയിലുള്ള എടപ്പാളിലെ ഫാന്‍സിക്കടയിലെ ജീവനക്കാരനായ സുരേന്ദ്രനെ സംഘം മുറിയിലേക്ക് വിളിച്ചുവരുത്തി. മാങ്ങാട്ടൂര്‍ സ്വദേശിയും ഇപ്പോള്‍ വിദേശത്തുള്ളതുമായ അലിമോന്‍ എന്നയാളില്‍ നിന്നും മാങ്ങാട്ടൂര്‍ സ്വദേശിയായ അഹമ്മദ്കുട്ടി മുഖേന ഒരു ലക്ഷം രൂപ സുരേന്ദ്രന്‍ പലിശക്ക് വാങ്ങിയിരുന്നു. പലിശ സംബന്ധിച്ച് പതിവായി സുരേന്ദ്രന്‍ തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു. ഈ വിഷയം പറഞ്ഞ് തീര്‍ക്കാനെന്ന് പറഞ്ഞാണ് സംഘം സുരേന്ദ്രനെ മുറിയിലേക്ക് വിളിപ്പിച്ച് വരുത്തിയത്. രാത്രി എട്ട് മണിയോടെ അഞ്ച് പ്രതികളും ഒരു ഇന്നോവ കാറില്‍ ഐവ റസിഡന്‍സിക്ക് മുന്നിലെത്തുകയും സാലിഹിന് റിസപ്ഷനിലിരുന്ന മൊയ്തീനെ കാണിച്ച് കൊടുക്കുകയും ചയ്തു. റിസപ്ഷനിലെത്തിയ സാലിഹ് മുറി ആവശ്യപ്പെട്ടു. 600 രൂപ വാടകയുള്ള മുറി നല്‍കാമെന്ന് മൊയ്തീന്‍ പറഞ്ഞു. തന്റെയൊപ്പം രണ്ട് സ്ത്രീകള്‍ കൂടി ഉണ്ടെന്ന് സാലിഹ് പറഞ്ഞപ്പോള്‍ മുറി തരാന്‍ കഴിയില്ലെന്ന് മൊയ്തീന്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ സാലിഹ് മൊയ്തീന്റെ മുഖത്തിനടിക്കുകയും നെഞ്ചിന് ചവിട്ടുകയും ചെയ്തു. തിരിച്ച് വന്ന് വാഹനത്തില്‍ കയറി സംഘം മാങ്ങാട്ടൂരിലെ അഹമ്മദ് കൂട്ടായിയിലെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഒമ്പത് മണിയോടെ തിരിച്ചുവന്ന സംഘം തൃശൂര്‍ റോഡിലുള്ള ബാറില്‍ കയറി മദ്യപിച്ചു. ഇതിനിടയില്‍ മൊയ്തീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സൈഫുദ്ദീന് ലഭിച്ചു. ഐവ റസിഡന്‍സിയില്‍ എത്തിയ സംഘം സുരേന്ദ്രനെ അവിടെ നിര്‍ത്തി പാലക്കാട് റോഡിലെ ലോഡ്ജിലേക്ക് മടങ്ങി. അപ്പോഴേക്കും മര്‍ദന വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്ന ചങ്ങരംകുളം എസ് ഐ. ടി മനോഹരന്‍ ലോഡ്ജിന് താഴെ നിന്നിരുന്ന സൈഫുദ്ദീന്‍, അഖ്ബര്‍ അലി, റഊഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഈ സമയം ഒന്നാം പ്രതിയായ സാലിഹ് ലോഡ്ജിലെ മുറിയിലുണ്ടായിരുന്നു. പിന്നീട് രാത്രി 10.30 ഓടെ മൊയ്തീന്‍ മരിച്ച വിവരമൊന്നും അറിയാതിരുന്ന സാലിഹ് പിറ്റേന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികളില്‍ നിന്നും സാലിഹിനെ സംബന്ധിച്ച യാതൊരു സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. പിന്നീട് മാങ്ങാട്ടൂരിലെ സംഭവസ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് അവിടെ സംഘമെത്തുമ്പോള്‍ അഞ്ച് പേര്‍ ഉണ്ടായിരുന്ന വിവരം ലഭിക്കുന്നത്.
പിന്നീട് കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണില്‍ വിളിച്ച രേഖകളില്‍ നിന്നാണ് സാലിഹിലേക്ക് അന്വേഷണ സംഘം എത്തുന്നത്. സാലിഹിനെ ചളവറയിലെ വീട്ടില്‍ നിന്നും ചൊവ്വാഴ്ചയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും പ്രതികളുടെ ക്രമിനല്‍ പശ്ചാത്തലം കണ്ടെത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ അടുത്ത ദിവസം അപേക്ഷ നല്‍കുമെന്ന് അറസ്റ്റ് സംബന്ധിച്ച വിവരം നല്‍കുന്നതിനായി വാര്‍ത്താ സമ്മേളനം നടത്തിയ തിരൂര്‍ ഡി വൈ എസ് പി സൈതാലി പറഞ്ഞു.
അന്വേഷണത്തിന് നേതൃത്വം നല്‍കിയ വടക്കാഞ്ചരി സി ഐ. പി അബ്ദുല്‍ ബഷീര്‍, അന്വേഷണ സംഘാംഗമായ പൊന്നാനി സി ഐ. പി അബ്ദുല്‍ മുനീര്‍, ചങ്ങരംകുളം എസ് ഐ. ടി മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ഗ്രേഡ് എസ് ഐ ചന്ദ്രന്‍, എ എസ് ഐ ബാബുരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, ഹരിനാരായണന്‍, സുധീര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.