Connect with us

Editorial

കേരള വികസനം വിലയിരുത്തുമ്പോള്‍

Published

|

Last Updated

സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്ര വിഹിതം സംബന്ധിച്ചു പഠിക്കാനായി പുതിയ സമിതിക്ക് രൂപം നല്‍കിയിരിക്കയാണ് ആസൂത്രണ കമ്മീഷന്‍. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അധ്യക്ഷനായി സര്‍ക്കാര്‍ നേരത്തെ രൂപവത്കരിച്ച ആറംഗ സമിതിയുടെ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും പ്രായോഗികമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആസൂത്രണ കമ്മീഷന്‍ അംഗങ്ങളായ മിഹിര്‍ ഷാ, അഭിജിത്ത് സെന്‍ എന്നിവരടങ്ങുന്ന പുതിയ സമിതി രൂപവത്കരിച്ചത്. രഘുറാം രാജന്‍ റിപ്പോര്‍ട്ട് തള്ളിക്കണയമെന്ന് കേരളവും മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നതാണ്. പസ്തുത റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. എന്നാല്‍ ഏറ്റവും കൂടുതല്‍ കടക്കെണി നേരിടുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കഴിഞ്ഞ ധനകാര്യ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ ഗണത്തിലെ മറ്റു രണ്ട് സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവക്കൊപ്പം സാമ്പത്തിക പരാധീനതയില്‍ നിന്ന് കരകയറ്റാന്‍ കേരളത്തിനും പ്രത്യേക സഹായം അനുവദിക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നതുമാണ്. അതിനിടെ വന്ന രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിനുള്ള കേന്ദ്രവിഹിതം കുറയാനിടയാക്കുമെന്നതിനാലാണ് കേരളം അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.
അവികസിത സംസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുമാണ് വികസിത, അവികസിത സംസ്ഥാനങ്ങളെ കണ്ടെത്താന്‍ കേന്ദ്രം രഘുറാം രാജന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സേവന മേഖലകളിലെ പുരോഗതി മുന്‍നിര്‍ത്തിയാണ് കമ്മീഷന്‍ കേരളത്തിന്റെ വളര്‍ച്ച വിലയിരുത്തിയത്. ഈ രംഗങ്ങളില്‍ കേരളം താരതമ്യേന മെച്ചമാണെന്നതിനാല്‍ കമ്മീഷന്‍ വികസിത സംസഥാനങ്ങളില്‍ ദ്വിതീയ സ്ഥാനം നല്‍കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ സേവന മേഖലകള്‍പ്പുറം കേരളത്തിന്റെ ചിത്രം അത്ര മെച്ചമല്ല. ആരോഗ്യ, വിദ്യഭ്യാസ,സാമൂഹിക സേവനരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതിന്റെ ഫലമായി ആ മേഖലകളില്‍ വന്‍പുരോഗതി കൈവരികയും കേരള മോഡല്‍ എന്ന ഖ്യാതി ലഭിക്കുകയുമുണ്ടായി എന്നത് ശരി തന്നെ. റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും എണ്ണത്തിലും പുരോഗതിയുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് ദേശിയ വളര്‍ച്ചാ നിരക്കിനേക്കാള്‍ 3 ശതമാനം കൂടുതലുമാണ്. ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കാണ് നമ്മുടേത്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. സംസ്ഥാനത്ത് സമ്പന്നനും ദരിദ്രനും തമ്മിലുള്ള വിടവ് കൂടുകയും ദരിദ്രരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്. മൊത്തം വരുമാനത്തിന്റെ 40•ശതമാനവും മൊത്തം ഭൂമിയുടെ 60 ശതമാനവും പത്ത് ശതമാനം വരുന്ന അതിമ്പന്നരുടെ നിയന്ത്രണത്തിലാണ്. താഴെ തട്ടിലുള്ള 60—ശതമാനത്തിന്റെ കൈകളില്‍ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 17 ശതമാനം മാത്രമാണുള്ളത്. 2005-06 വര്‍ഷത്തെ കണക്കനുസരിച്ചു സംസ്ഥാനത്തെ ജനസംഖ്യയില്‍ 15 ശതമാനത്തിന്റെ പ്രതിമാസ വരുമാനം 1500 രൂപയും മറ്റൊരു 35 ശതമാനത്തിന്റേത് 3500 രൂപയില്‍ താഴെയും മാത്രമാണ്. പുറംനാടുകളില്‍ നിന്നുള്ള വരവിനെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളില്‍ പോലും 19.8 ശതമാനം ദരിദ്രരുണ്ട്. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ നിന്നു കൊണ്ടുവേണം കേരളത്തിന്റെ വികസനത്തെയും വളര്‍ച്ചയെയും വിലയിരുത്താന്‍.
കേന്ദ്ര സര്‍ക്കാറിന്റെ ആഗോളവത്കരണ നയങ്ങള്‍ കേരളത്തില്‍ വിപരീത ഫലങ്ങളാണുളവാക്കിയത്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, തൊഴിലവസരങ്ങള്‍ കുറയല്‍, പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച, സാമ്പത്തിക മേഖലയുടെ ശോഷിപ്പ് തുടങ്ങിയവയായിരുന്നു അതിന്റെ പരിണതി. ഇതെല്ലാം അവഗണിച്ചു സേവനരംഗത്തേക്ക് മാത്രം കണ്ണയച്ചു സംസ്ഥാനത്തിന്റെ വികസനത്തെ വിലയിരുത്തുന്നത് ശരിയായ കാഴ്ചപ്പാടല്ല. സംസ്ഥാനത്തോട് പൊതുവെ ചിറ്റമ്മ നയമാണ് കേന്ദ്രത്തിന്. വാര്‍ഷിക പദ്ധതി വിഹിതം, ഭക്ഷ്യധാന്യ വിഹിതം, തൊഴിലുറപ്പ് പദ്ധതി, റെയില്‍വേ, റോഡ് വികസനം, തുടങ്ങിയ ഇനങ്ങളിലൊന്നും അര്‍ഹമായ വിഹിതം സംസ്ഥാനത്തിന് ലഭിക്കാറില്ല. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കേന്ദ്ര കമ്മിറ്റികള്‍ വരുത്തുന്ന വീഴ്ചയും കേന്ദ്ര സംഘങ്ങളെ വസ്തുതകള്‍ യഥാവിധി ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന ഭരണകൂടത്തിന് സംഭവിക്കുന്ന പരാജയവുമാണിതിന് പ്രധാന കാരണം. ആസൂത്രണ കമ്മീഷന്‍ പുതുതായി നിയോഗിച്ച സമിതിയെ കാര്യങ്ങള്‍ യഥാവിധി ബോധ്യപ്പെടുത്താനും അര്‍ഹതപ്പെട്ട വിഹിതം നേടിയെടുക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.

Latest