Connect with us

Articles

ക്രിമിനലുകള്‍ക്കെതിരെ, പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടി

Published

|

Last Updated

സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കയാണ്. സുന്നീ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ചെയ്യാന്‍ തയ്യാറായി ഒരു വിഭാഗം രംഗത്തുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാറാട് നടന്ന ബോംബ് സ്‌ഫോടനം.
പാനൂര്‍ മേഖല എല്ലാവര്‍ക്കും പരിചിതമാണ്. രാഷ്ട്രീയ പകപോക്കലുകളുടെ പേരില്‍ മുപ്പതിലധികം പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട് ഈ പ്രദേശങ്ങളില്‍. പാനൂര്‍, കൊളവല്ലൂര്‍, ചൊക്ലി എന്നിവിടങ്ങളില്‍ ജീവിക്കുന്ന രക്തസാക്ഷികളായി പതിനാറോളം പേരുണ്ട്. ഈ പട്ടികയലിലേക്ക് 21 വയസ്സിനു താഴെ മാത്രം പ്രായമുള്ള നാല് ചെറുപ്പക്കാരെ കുരുതി കൊടുത്തതിന്റെ ക്രെഡിറ്റ് ചേളാരി സമസ്തക്കുള്ളതാണ്. ബോംബ് നിര്‍മാണത്തിനിടെ പരുക്കേറ്റ് കഴിയുന്ന ആ നാല് ചെറുപ്പക്കാര്‍ ഇനിയുള്ള കാലം ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കും.
ഇവിടെ ഉയരുന്ന ചോദ്യം പ്രസക്തമാണ്. എന്തിനു വേണ്ടിയായിരുന്നു ഈ ചെറുപ്പക്കാരെ ഈ രൂപത്തിലാക്കിയത്? ആര്‍ക്കെതിരെയായിരുന്നു ഈ ബോംബ് നിര്‍മാണം? 800 രൂപക്ക് ഒരു ബോംബെന്ന തോതില്‍ ഉഗ്രശേഷിയുള്ള ബോംബ് നിര്‍മാണത്തിന് ക്വൊട്ടേഷന്‍ കൊടുത്തത് എന്തിനായിരുന്നു? 12 ബോംബുകള്‍ക്ക് 5000 രൂപ അഡ്വാന്‍സും കൊടുത്ത് തിരിച്ചുപോരുമ്പോള്‍ ക്വൊട്ടേഷന്‍ കൊടുത്തവരുടെ കണക്കൂകൂട്ടലുകള്‍ എന്തൊക്കെയായിരുന്നു?
പൊയിലൂരിലെ സുന്നീ പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചായിരുന്നു ബോംബ് നിര്‍മാണമെന്ന് പിടിയിലായവര്‍ തന്നെ കുമ്പസരിച്ചിരിക്കുന്നു. അങ്ങനെ ഒടുവില്‍ എല്ലാ കുതന്ത്രങ്ങളും പുറത്തുവന്നപ്പോള്‍ കേസുകള്‍ അട്ടിമറിക്കാനും സുന്നീ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചമക്കാനുമുള്ള ശ്രമത്തിലാണിപ്പോള്‍ ചേളാരി വിഭാഗവും അവരുടെ രക്ഷാകര്‍ത്താക്കളും. പ്രക്ഷോഭങ്ങള്‍ തുടര്‍ന്നാല്‍, “നിങ്ങള്‍ അറിയു”മെന്ന രാഷ്ട്രീയ മേലാളന്മാരുടെ ഭീഷണിയും നിലവിലുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഓണപ്പറമ്പിലെ പള്ളിയും മദ്‌റസയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഉദ്ഘാടന വേദിയും ചേളാരി സമസ്തക്കാര്‍ തകര്‍ത്തത്. വിശ്വാസികള്‍ ഏറെ പവിത്രമായി കാണുന്ന പള്ളിയുടെ ചില്ലുകളും ഫര്‍ണീച്ചറുകളും നശിപ്പിക്കുകയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പിന്നെയും അതിക്രമം തുടര്‍ന്നു. പെരുന്നാള്‍ തലേന്ന് സുന്നീ പ്രവര്‍ത്തകന്റെ കാറ് തകര്‍ത്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. വീടുകള്‍ക്ക് നേരെ ചീമുട്ട എറിഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി.
നിയമപാലകര്‍ നിതീനിഷ്ഠമായി പെരുമാറിയപ്പോള്‍ പ്രതീക്ഷിക്കാത്ത പലരും കുടുങ്ങിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തില്‍ ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയാണ് പൊലിഞ്ഞത്. അതിന്റെ ജാള്യം മറച്ചുവെക്കാനാണ് എന്നു വേണം കരുതാന്‍ പുതിയ “മദ്‌റസ കത്തിക്കല്‍” സംഭവം. 62 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടം, പുതിയ മദ്‌റസയുടെ കെട്ടിട നിര്‍മാണം നടന്നുകൊണ്ടിരിക്കെ കത്തിക്കുക! പോലീസ് പട്രോളിംഗ് ഉള്ള സ്ഥലത്ത് അങ്ങനെ ചെയ്യാന്‍, പുറമെയാരും കടന്നുവരാന്‍ ധൈര്യപ്പെടാത്ത നേരം! പള്ളി തകര്‍ത്ത കേസിലെ പ്രതികള്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇത് സംഭവിക്കുന്നത് എന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കില്‍ കള്ളക്കളി വെളിച്ചത്തു വരിക തന്നെ ചെയ്യും.
കണ്ണൂര്‍ ജില്ലയിലെ പല പ്രദേശങ്ങളിലും മൂന്ന് വര്‍ഷമായി സുന്നീ പ്രവര്‍ത്തകരെ വേട്ടയാടുകയാണിക്കൂട്ടര്‍. ആലക്കോട് നിടുവോട്ടെ എസ് എസ് എഫ് പ്രവര്‍ത്തകനെ ആക്രമിക്കുകയും വിവസ്ത്രനാക്കാന്‍ ശ്രമിക്കുകയുമുണ്ടായി. കുറച്ചുമുമ്പ് വെള്ളക്കീലില്‍ ഈ വിഭാഗം അഴിഞ്ഞാടി ബോംബേറ് നടത്തി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഈ അതിക്രമങ്ങള്‍ നിര്‍ബാധം തുടരുന്നത്.
നിലവിലുള്ള നിയമപാലന, നീതിന്യായ സംവിധാനത്തില്‍ സുന്നീ പ്രസ്ഥാനത്തിന് വിശ്വാസമുണ്ട്. എന്നാല്‍ നിയമത്തിന്റെ വഴിയില്‍ നിന്ന് തന്ത്രപൂര്‍വം രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ശക്തമായി അണിയറയില്‍ നടക്കുന്നു എന്ന ബോധ്യവും സുന്നീ സംഘടനകള്‍ക്കുണ്ട്. പള്ളി പൊളിച്ച സംഭവത്തിലും പാറാട് ബോംബ് കേസിലും യഥാര്‍ഥ പ്രതികളെ പിടികൂടാനും ഗൂഢാലോചനയില്‍ പങ്കാളികളായ ഉന്നതരെ കണ്ടെത്താനും അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്.
പ്രതികള്‍ നിയമത്തെ വെല്ലുവിളിച്ച് സൈ്വരവിഹാരം നടത്തുന്നത് അതിക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തും എന്ന കാര്യത്തില്‍ സന്ദേഹമില്ല. മുമ്പ് പല കേസുകളിലും പ്രതികളായവരാണ് ഓണപ്പറമ്പ് കേസിലും ജയിലിലടക്കപ്പെട്ടത്. പാറാട് ബോംബ് സ്‌ഫോടനക്കേസിന്റെ അന്വേഷണം ആദ്യഘട്ടത്തില്‍ വളരെ ജാഗ്രതയോടെ നടന്നതിന്റെ ഫലമായാണ് ഗൂഢ ലക്ഷ്യം പുറത്തായത്. ചേളാരി സമസ്തക്കാരുടെ ഭീകര മുഖം പുറത്തു വരികയും പല കേന്ദ്രങ്ങളെയും ഇത് ബാധിക്കുമെന്ന് തോന്നുകയും ചെയ്തപ്പോഴാണ് ഭീഷണിയുടെ സ്വരവുമായി അധികാര ഗര്‍വില്‍ ചിലര്‍ സംസാരിച്ചു തുടങ്ങിയത്.
ചേളാരി സമസ്തക്കാരും അവരുടെ രാഷ്ട്രീയ രക്ഷാകര്‍ത്താക്കളും നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ താക്കീതായാണ് ഇന്ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് സുന്നീ പ്രവര്‍ത്തകര്‍ നടത്തുന്ന മാര്‍ച്ച്. ഈ പ്രക്ഷോഭത്തില്‍ സുന്നികള്‍ക്ക് മുന്നോട്ട് വെക്കാനുള്ളത് ന്യായമായ ആവശ്യങ്ങള്‍ മാത്രമാണ്. ജില്ലയില്‍ സുന്നികള്‍ക്കും പ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത്. അക്രമ സംഭവങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും ഗൂഢാലോചന നടത്തിയവരെയും ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം.

 

---- facebook comment plugin here -----

Latest