Connect with us

International

'വെളുത്ത വിധവ'യെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടു

Published

|

Last Updated

ലണ്ടന്‍: കെനിയന്‍ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വെളുത്ത വിധവയെന്നറിയപ്പെടുന്ന ഭീകരപ്രവര്‍ത്തകക്ക് ലോകത്തെ പല ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നും പല രാജ്യങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, സൊമാലിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സാമന്ത ല്യൂത്‌വെയ്റ്റ് എന്ന വനിത യഥേഷ്ടം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. സാമന്തയുടെ മൂന്നു കുട്ടികളും ഭീകരസംഘടനകളുമായി ബന്ധമുള്ള വ്യക്തികളുടേതാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ലണ്ടന്‍ സ്‌ഫോടനക്കേസിലെ പ്രതി ജെര്‍മെയിന്‍ ലിന്‍ഡ്‌സെയായിരുന്നു ഭര്‍ത്താവ്. ബ്രിട്ടനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെര്‍മയിനുമായുള്ള വിവാഹ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ബ്രിട്ടനില്‍തന്നെ പാകിസ്ഥാന്‍കാരനായ ഹബീബ് ഗനിയുമൊന്നിച്ചായിരുന്നു പിന്നീടുള്ള ജീവിതം. ലണ്ടനില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞപ്പോള്‍ ഇരുവരും നാടുവിട്ടു. ഗനി പിന്നീട് സൊമാലിയയില്‍ കൊല്ലപ്പെട്ടു.
കെനിയയിലെ മൊംബാസയില്‍ പിടിയിലായ ഇരുവരും ഒരു ജയിലിലാണ് കഴിഞ്ഞിരുന്നത്. ഇവര്‍ കെനിയയിലും സ്‌ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു.
ഗനി കൊല്ലപ്പെട്ടശേഷം സാമന്ത പിന്നീട് അബ്ദുല്‍ വാഹിദ് എന്ന കെനിയക്കാരനൊപ്പമായിരുന്നു താമസം. കെനിയയിലെ മുന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന അബ്ദി അല്‍ ഖാഈദ ബന്ധമുള്ള അല്‍ ശബാബ് എന്ന സൊമാലിയന്‍ ഭീകര സംഘടനയില്‍ ചേരുകയായിരുന്നു. ഈ സംഘടനയാണ് കെനിയയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ആക്രമണം നടത്തിയത്.
രണ്ട് വര്‍ഷം മുമ്പാണ് സാമന്ത വാഹിദുമൊത്ത് താന്‍സാനിയയില്‍നിന്ന് കെനിയയിലെത്തിയത്. അവിടെ ഒരു വാടകവീട്ടിലായിരുന്നു താമസം. അതിന് മുമ്പ് കുറെക്കാലം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്ന് പല തവണ മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിട്ടും സാമന്തയെ ആരും ശ്രദ്ധിച്ചില്ലെന്നതാണ് വിചിത്രം.
കെനിയയിലെ ആക്രമണവുമായി സാമന്തക്ക് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അത് ശരിയല്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. സാമന്ത സൊമാലിയയില്‍ അല്‍ശബാബുമായി ബന്ധപ്പെട്ടു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു.