Connect with us

National

പാക് വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വന്‍തോതിലുള്ള വെടിവെപ്പിലും ഷെല്ലാക്രമണത്തിലും ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഏഴ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അമ്പതിലേറെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഈ വര്‍ഷം 200 തവണ 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാക് സൈന്യം ലംഘിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സന്ദര്‍ശിച്ച് മടങ്ങിയയുടനെയാണ് ആക്രമണമുണ്ടായത്. ഈ മാസം 14 മുതല്‍ പാക് സൈന്യം തുടരുന്ന വെടിവെപ്പിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതി വിലിയിരുത്താനാണ് ഷിന്‍ഡെ എത്തിയത്. 14ാം തീയതി നടന്ന വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 18 സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാത്രി 7.40ന് ആക്രമണം തുടങ്ങിയ ഉടനെ സൈന്യം തിരിച്ചടിച്ചു. രാവിലെ വരെ പരസ്പര വെടിവെപ്പ് തുടര്‍ന്നു. രാജസ്ഥാനിലെ സൈ്വമധോപൂര്‍ ജില്ലയില്‍ മൊഹാച്ച സ്വദേശിയായ മുകേഷ് ലാല്‍ മീണയാണ് കൊല്ലപ്പെട്ടത്. ചിനജ് പോസ്റ്റിലാണ് ഇദ്ദേഹത്തെ നിയമിച്ചിരുന്നത്. ഇന്‍സ്‌പെക്ടര്‍ രാംപാല്‍, എസ് ഐ സുരേന്ദര്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ് സിംഗ്, അശോക് കുമാര്‍, മനോജ് കുമാര്‍, ശ്രീനിവാസ് നായ്ക്, സന്ദീപ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പൂഞ്ച് ജില്ലയിലെ ഹാമിര്‍പൂര്‍, ഭീംബര്‍ഗലി സബ് സെക്ടറുകളില്‍ രാത്രി 9.30നും 9.45നും മാണ്ഡി സെക്ടറില്‍ അര്‍ധരാത്രി 12.30നും ഒരു മണിക്കും ഇടയിലും പാക് ആക്രമണമുണ്ടായി.
പാക് വെടിവെപ്പിനെ തുടര്‍ന്ന് ജമ്മു ജില്ലയിലെ അര്‍ണിയ, രാംഗഢ് ഗ്രാമങ്ങളില്‍ നിന്ന് നൂറിലേറെ കുടുംബങ്ങളാണ് വീടൊഴിഞ്ഞത്. അര്‍ണിയ, ആര്‍ എസ് പുര, അഖ്‌നൂര്‍ സെക്ടറുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം ഉണ്ടായിരുന്നു.