Connect with us

National

പ്രാദേശിക ശത്രുതകളും സൗഹൃദങ്ങളും 'മൂന്നാം മുന്നണി'ക്ക് വിനയാകുന്നു

Published

|

Last Updated

കൊല്‍ക്കത്ത/ഹൈദരാബാദ്: പ്രാദേശിക രാഷ്ട്രീയത്തിന്റെ ശത്രുതകളും സൗഹൃദങ്ങളും നിര്‍ദിഷ്ട മൂന്നാം മുന്നണിക്ക് വിനയാകുന്നു. ഈ മാസം മുപ്പതിന് കോണ്‍ഗ്രസേതര, ബി ജെ പിയേതര വര്‍ഗീയവിരുദ്ധ കണ്‍വെന്‍ഷന്‍ ബദല്‍ മുന്നണിയുടെ രംഗപ്രവേശമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട പലരുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെടും. നാല് ഇടതുപാര്‍ട്ടികള്‍ക്കൊപ്പം എ ഐ എ ഡി എം കെ, ജനതാ ള്‍ (യു), എസ് പി, ബി ജെ ഡി, ജനതാദള്‍ (എസ്), നാഗാ പീപ്പിള്‍സ് ഫ്രണ്ട്, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ഝാര്‍ഖണ്ഡ് വികാസ് മുക്തി മോര്‍ച്ച തുടങ്ങിയവയാണ് കണ്‍വെന്‍ഷനില്‍ എത്തുക.
എന്നാല്‍ പശ്ചിമ ബംഗാളിലെ നിര്‍ണായക ശക്തിയായ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ബി ജെ പിയോടും കോണ്‍ഗ്രസിനോടും ഒരു പോലെ പോരാടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് കണ്‍വെന്‍ഷനില്‍ വരാന്‍ യഥാര്‍ഥ യോഗ്യതയുണ്ടായിട്ടും പുറത്തു നില്‍ക്കുന്നത് ഇടത് പാര്‍ട്ടികളോട് പ്രത്യേകിച്ച് സി പി എമ്മിനോടുള്ള ശത്രുത കൊണ്ടാണ്. സംസ്ഥാനത്തെ മുഖ്യ ശത്രുവായ സി പി എമ്മിന്റെ മുന്‍കൈയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് വിശദീകരിക്കാന്‍ തൃണമൂല്‍ പാടുപെടും എന്നതാണ് അവര്‍ കൂട്ടായ്മയില്‍ വരാത്തതിന്റെ കാരണം. എന്നാല്‍ കണ്‍വെന്‍ഷന്റെ മുദ്രാവാക്യം പാര്‍ട്ടിക്ക് സ്വീകാര്യമാണെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥിതിയും സമാനമാണ്. കടുത്ത എതിരാളികളായ സമാജ്‌വാദി പാര്‍ട്ടിക്ക് നിര്‍ണായക സ്ഥാനമുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്കാകില്ല. കോണ്‍ഗ്രസ് വിട്ട വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിനെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം ശക്തമാണ്. ഐക്യ ആന്ധ്രാ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുന്ന സി പി എമ്മുമായി വൈ എസ് ആര്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സി പി ഐ ഇതിനെ എതിര്‍ത്തുവെന്നാണ് അറിയുന്നത്. അനധികൃത സ്വത്ത് കേസടക്കം ജഗനെതിരായ ആരോപണങ്ങളില്‍ സി പി ഐ കടുത്ത വിമര്‍ശം നടത്തിയിരുന്നു.
“കോണ്‍ഗ്രസേതര, ബി ജെ പിയേതര പാര്‍ട്ടികളെ ഒറ്റ വേദിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. പക്ഷേ രാജ്യം വൈവിധ്യപൂര്‍ണമാണല്ലോ. വിവിധങ്ങളായ പ്രശ്‌നങ്ങളുണ്ട്. പരമാവധി കക്ഷികളെ പങ്കെടുപ്പിക്കാനായാല്‍ തന്നെ വലിയ വിജയമായിരിക്കും” സംഘാടക സമിതിയിലെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ജമ്മു- കാശ്മീരിലെ പി ഡി പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദ് പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അത് റദ്ദാക്കി.
തെലുഗു ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്ര ബാബു നായിഡുവിനെ ക്ഷണിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം ബി ജെ പിയുമായി അടുക്കുകയാണെന്ന് വ്യക്തമായതോടെ ആ ശ്രമം അവസാനിപ്പിച്ചു. സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് നിതീഷ് കുമാറിന്റെ ജനതാ ദള്‍ യു ആണ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും രാംവിലാസ് പാസ്വാന്റെ എല്‍ ജെ പിയും പങ്കെടുക്കില്ല. യു പി എയെ പുറത്തു നിന്ന് പിന്തുണക്കുന്നുവെന്നതിനേക്കാള്‍ ജെ ഡി യുവിനോടുള്ള ശത്രുതയാണ് അവരെ പിന്നോട്ടടിപ്പിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ പ്രതിനിധാനം ചെയ്ത് എ ഐ ഡി എം കെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എം തമ്പിദുരൈ ആണ് പങ്കെടുക്കുക. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും പ്രതിനിധിയെ അയക്കും.

Latest