Connect with us

Kasargod

ഇടയിലക്കാട് പാലം: ഉദ്ഘാടനം കാത്ത് നാട്ടുകാര്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപ് നിവാസികള്‍ കാലങ്ങളായി അനുഭവിച്ചുവരുന്ന യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുന്ന ഇടയിലക്കാട് പാലം നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ള ഇരുഭാഗങ്ങളിലെ അപ്രോച്ച് റോഡ് പണികൂടി കഴിഞ്ഞാല്‍ സമീപഭാവിയില്‍ത്തന്നെ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
നവംബര്‍ അവസാനത്തോടുകൂടി നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുന്ന വിധത്തില്‍ ധൃതഗതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇപ്പോള്‍ത്തന്നെ ഇരു കരകളിലേക്കുമുള്ള കാല്‍നടയാത്രക്കാര്‍ ഈ പാലത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. ഇരു ഭാഗങ്ങളിലുമുള്ള അനുബന്ധ റോഡിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതില്‍ ഇടയിലക്കാട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിംഗ് ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തിയായി.
പടിഞ്ഞാറ് വലിയപറമ്പ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഇരു ഭാഗങ്ങളിലും കോണ്ക്രീറ്റ് ചെയ്ത് സൈഡ് ഉറപ്പിച്ച് മണ്ണിട്ട് നിറക്കുന്ന ജോലി നടന്നുവരികയാണ്. മറ്റൊരു ഭാഗത്ത് പാലം പെയിന്റടിക്കുന്ന പ്രവൃത്തിയും പാലത്തിന്റെ മുകളില്‍ ടാറിങ്ങിനു പകരം ചെയ്യുന്ന കോണ്‍ക്രീറ്റ് കോട്ടിംഗും പൂര്‍ത്തിയായിവരികയാണ്. നവംബര്‍ അവസാനത്തിലോ ഡിസംബര്‍ ആദ്യവാരത്തിലോ പാലം ഉദ്ഘാടനം ഉണ്ടാകും.
2006ല്‍ 7.08 കോടി രൂപയില്‍ ആരംഭിച്ച പാലത്തിന്റെ പ്രവൃത്തി ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ത്തിയാകുമ്പോള്‍ 18 കോടി രൂപയായി എസ്റ്റിമേറ്റ് തുക ഉയര്‍ന്നു. പണി തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂഴിയുടെയും എസ്റ്റിമേറ്റ് തുകയുടെ അപര്യാപ്തതയും പറഞ്ഞ് കരാറുകാരന്‍ പണി നിര്‍ത്തിവെച്ചു. ഒരുതരത്തില്‍ കരാറുകാരന്‍ പാലംപണി ഉപേക്ഷിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതിനിടയില്‍ നിര്‍മാണ സാമഗ്രികള്‍ പാലം സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് എസ്റ്റിമേറ്റ് തുക ഇരട്ടിപ്പിക്കുകയും പിന്നീട് അത് 18 കോടിയില്‍ എത്തുകയും ചെയ്തു.
283 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള ഈ പാലം 24 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന വലിയപറമ്പ പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
പദ്ധതി പൂര്‍ത്തിയായാല്‍ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലുള്ള പുരോഗതിയായിരിക്കും സംജാതമാവുക. കൂടാതെ ഇടയിലക്കാടിനെയും വലിയപറമ്പയേയും ബന്ധിപ്പിക്കുന്ന ഈ പാലം വിനോദസഞ്ചാര മേഖലക്ക് ഒരു പുത്തന്‍ ഉണര്‍വ്വും ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.

Latest