Connect with us

Gulf

ഷാര്‍ജ രാജ്യാന്തര പുസ്തകമേളക്ക് 53 രാജ്യങ്ങള്‍

Published

|

Last Updated

ഷാര്‍ജ: രാജ്യാന്തര പുസ്തകമേളയില്‍ 53 രാജ്യങ്ങളില്‍ നിന്ന് 1,010 പ്രസാധകര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

23 അറബ് രാജ്യങ്ങളും 26 ഇതര രാജ്യങ്ങളും പങ്കെടുക്കും. പോര്‍ച്ചുഗല്‍, ന്യൂസിലാന്‍ഡ്, ഹംഗറി എന്നീ രാജ്യങ്ങള്‍ പുതുതായി എത്തും. 4.05 ലക്ഷം കൃതികളാണ് 11 ദിവസത്തെ മേളക്കെത്തുന്നത്. ഷാര്‍ജ എക്‌സ്‌പോയില്‍ നവം. ആറ് മുതല്‍ 16 വരെയാണ് മേള. ഇന്ത്യയില്‍ നിന്ന് നിരവധി പ്രമുഖര്‍ ഇത്തവണയുണ്ട്. മലയാളത്തിന്റെ വലിയ സാന്നിധ്യം ഇത്തവണയും പ്രതീക്ഷിക്കാം. മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിന്റെ ഭാഗമായി ആശയവിനിമയ പരിപാടി നടക്കും.
32-ാമത് രാജ്യാന്തര പുസ്തകമേളക്ക് ഒരുക്കം പൂര്‍ത്തിയായി വരുന്നു. ലിഖിതാക്ഷരങ്ങളോടുള്ള സ്‌നേഹം എന്ന സന്ദേശത്തിലാണ് ഇത്തവണയും പുസ്തകമേള നടക്കുന്നത്. 180 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളും സാംസ്‌കാരിക പരിപാടികളും ലക്ഷങ്ങളെ ആകര്‍ഷിക്കുമെന്ന് കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഉവൈസ് പറഞ്ഞു.
പുസ്തകമേള ഡയറക്ടര്‍ അഹ്്മദ് ബിന്‍ റക്കദ് അല്‍ അമീരി, ഇത്തിസലാത്ത് വടക്കന്‍ മേഖല ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് തര്യം, ലബനന്‍ കോണ്‍സുല്‍ ജനറല്‍ സമീ അല്‍ നിമീര്‍, സയന്റിഫിക് പബ്ലിഷിംഗ് ഡയറക്ടര്‍ റാശിദ് സഈദ് അല്‍ ശംസി, ഷാര്‍ജ മീഡിയ ഡയറക്ടര്‍ ജനറല്‍ ഡോ. ഖാലിദ് അല്‍ മിദ്ഫ സംബന്ധിച്ചു.
ഷാര്‍ജ ഭരണാധികാരിയ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുസ്തകമേളയെന്ന് ഡയറക്ടര്‍ അഹ്്മദ് ബിന്‍ റക്കദ് അല്‍ അമീരി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ധാരാളം പുസ്തകങ്ങളും പ്രഗത്ഭരും എത്തുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം, കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ഒ എന്‍ വി കുറുപ്പ്, കമലഹാസന്‍ തുടങ്ങിയവര്‍ എത്തും.
നവം. ആറിന് രാവിലെ 10ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വിവിധ പുരസ്‌കാര വിതരണവും നടക്കും.
പുസ്തക പ്രദര്‍ശനത്തിനും വില്‍പ്പനക്കും പുറമെ, കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം, പാചക പ്രദര്‍ശനം തുടങ്ങിയവ നടക്കും. സിറാജ് ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുള്ള ചിത്രരചനാ മത്സരം നവം. 15 (വെള്ളി) വൈകുന്നേരം 4.30ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ പ്രഭാഷണം നവം. 14 വ്യാഴം വൈകുന്നേരം ഏഴിന് ബോള്‍ റൂമിലാണ്. രണ്ടായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അഹ്്മദ് അമീരി പറഞ്ഞു.

മലയാളത്തിന് ശക്തമായ പ്രാതിനിധ്യം

ഷാര്‍ജ: രാജ്യാന്തര പുസ്തകമേളയില്‍ ഇത്തവണയും മലയാളത്തിന് ശക്തമായ പ്രാതിനിധ്യമുണ്ടെന്ന് ഡയറക്ടര്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി. നിരവധി എഴുത്തുകാര്‍ അതിഥികളായി എത്തും. മലയാളം ശ്രേഷ്ഠഭാഷയായതിന്റെ ആഘോഷമുണ്ട്. സിറാജ് ദിനപത്രം, ഡി സി ബുക്‌സ്, മാതൃഭൂമി ബുക്‌സ് തുടങ്ങിയവയുടെ പവലിയനുകള്‍ ഉണ്ടാകും.
നവം. എട്ട് (വെള്ളി) വൈകുന്നേരം 4.45ന് ഷാബു കിളിത്തട്ടിലിന്റെ പുസ്തകം ബുക് ഫോറത്തില്‍ പ്രകാശനം ചെയ്യും. അന്നു തന്നെ വൈകുന്നേരം ആറിന് ഒ എന്‍ വി, കാവാലം, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍ ഐ എ എസ് എന്നിവര്‍ പങ്കെടുക്കുന്ന ആശയവിനിമയ പരിപാടി ബോള്‍ റൂമില്‍ നടക്കും. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണിത്. നവം. ഒമ്പതിന് വൈകുന്നേരം 8.30ന് കോണ്‍ഫറന്‍സ് ഹാളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കും. നവം. 12ന് വൈകുന്നേരം എട്ടിന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്ത്യന്‍ കവികളുടെ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ച് അന്‍വര്‍ അലി പങ്കെടുക്കും. നവം. 14 (വ്യാഴം) വൈകുന്നേരം ഏഴിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ പ്രഭാഷണം ബോള്‍ റൂമില്‍ നടക്കും. നവം. 15 (വെള്ളി) വൈകുന്നേരം ആറിന് കെ എം അബ്ബാസിന്റെ കഥകളെക്കുറിച്ചുള്ള ചര്‍ച്ച ലിറ്ററേച്ചര്‍ ഹാളില്‍ നടക്കും. അന്ന് വൈകുന്നേരം 7.15ന് അബ്ദുല്‍ ഹമീദ് മദനി കോണ്‍ഫറന്‍സ് ഹാളില്‍ പ്രഭാഷണം നടത്തും. രാത്രി 8.30ന് കോണ്‍ഫറന്‍സ് ഹാളില്‍ കവി സച്ചിദാനന്ദനും എഴുത്തുകാരന്‍ താഹ മാടായിയും ആശയസംവാദത്തില്‍ പങ്കെടുക്കുമെന്നും ഡയറക്ടര്‍ അഹ്മദ് അറിയിച്ചു.

Latest