Connect with us

Wayanad

ദേശീയപാതയിലെ രാത്രിയാത്രാവിലക്ക്: വയനാട് വീണ്ടും സമരച്ചൂടിലേക്ക്

Published

|

Last Updated

കല്‍പറ്റ: കോഴിക്കോട്-ബത്തേരി-മൈസൂര്‍ ദേശീയപാതയില്‍ കര്‍ണാടകയിലെ ബന്ദിപ്പുര വനമേഖലയില്‍ തുടരുന്ന രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വീണ്ടും സമരച്ചൂട്. ഗതാഗത നിരോധം നീക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ വ്യാപാരി വ്യവാസി ഏകോപന സമിതി ജില്ലാ ഘടകവും പ്രക്ഷാഭത്തിന് നാളുകുറിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏതാനും ആഴ്ചകളായി ദേശീയപാതയിലെ ഗതാഗത നിരോധം വയനാട്ടില്‍ സജീവ ചര്‍ച്ചവിഷയമാണ്. ഭരണമുന്നണിയിലേതടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ സമരപാതയിലുമാണ്.
കേരള കോണ്‍ഗ്രസ്(എം) ജില്ലാ ഘടകമാണ് രാത്രിയാത്രാവിലക്കിനെതിരായ സമീപകാല സമരങ്ങള്‍ക്ക് തുടക്കമിട്ടത്. ബന്ദിപ്പുര വനപ്രദേശത്ത് രാത്രികാല ഗതാഗതം നിരോധിച്ച് ചാമരാജ്‌നഗര്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ബത്തേരിയില്‍ ജൂലായ് 27ന് ചുട്ടെരിച്ചായിരുന്നു ഇത്. സെപ്റ്റംബര് 26ന് ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ കേരള കോണ്‍ഗ്രസുകാര്‍ പ്രതീകാത്മക ചെക്‌പോസ്റ്റ് സ്ഥാപിക്കുകയുമുണ്ടായി. ഇതിനു പിന്നാലെ രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ മൂന്നിന് ബാംഗ്ലൂരില്‍ കേരള,കര്‍ണാടക മുഖ്യമന്ത്രിമാരുടെ ചര്‍ച്ച നടന്നു. ദേശീയപാതയില്‍ രാത്രികാല ഗതാഗത നിരോധം സൃഷ്ടിക്കുന്ന അസൗകര്യങ്ങള്‍ക്ക് പരിഹാരമായി മൈസൂരിനെ വയനാടും കണ്ണൂരുമായി ബന്ധിപ്പിക്കുന്ന മറ്റു പാതകള്‍ വികസിപ്പിക്കാനായിരുന്നു ഈ ചര്‍ച്ചയിലെ മുഖ്യതീരുമാനം. ഇതിനിടെ ദേശീയപാതയില്‍ പകലും ഗതാഗത നിരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതോടെയാണ് രാത്രിയാത്രാവിലക്കിനെതിരായ നീക്കങ്ങള്‍ വീണ്ടും കരുത്താര്‍ജിച്ചത്.
ഗതാഗതനിരോധം നീക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സജീവ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
ഒക്‌ടോബര്‍ 29ന് ദേശീയപാതയിലെ മുത്തങ്ങയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഉപവാസം നടത്താന്‍ സി പി ഐ ബത്തേരി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍നിന്ന് മുത്തങ്ങയിലേക്ക് മാര്‍ച്ച് നടത്താനാണ് സി.പി.എം ബത്തേരി ഏരിയ കമ്മിറ്റിയുടെ തീരുമാനം. രാവിലെ ഒന്‍പതിന് ബത്തേരിയില്‍ ആരംഭിച്ച് നാല് മണിക്ക് മുത്തങ്ങയില്‍ എത്തുന്ന വിധത്തിലാണ് മാര്‍ച്ചിന്റെ ക്രമീകരണമെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ശശാങ്കന്‍ പറഞ്ഞു. അതേദിവസം ദേശീയപാതയില്‍ കേരള കോണ്‍ഗ്രസ്(എം) പ്രവര്‍ത്തകര്‍ ചെക്ക് പോസ്റ്റുകള്‍ ഭേദിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഘടകവും പ്രക്ഷോഭപരിപാടികള്‍ പ്രഖ്യാപിച്ചു. നവംബര്‍ അഞ്ചിന് ജില്ലയില്‍ കടയടപ്പ് സമരവും കലക്ടറേറ്റ് പടിക്കല്‍ ഉപവാസവും നടത്തുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്‍, സെക്രട്ടറി കെ.ഉസ്മാന്‍ എന്നിവര്‍ അറിയിച്ചു. ഇതിനു മുന്നോടിയായി ബത്തേരിയില്‍ ഒക്‌ടോബര്‍ 29ന് സമരപ്രഖ്യാപന കണ്‍വന്‍ഷനും നവംബര്‍ മൂന്നിന് ബഹുജന കണ്‍വന്‍ഷനും സംഘടിപ്പിക്കും. ദേശീയപാതയിലെ ഗതാഗതനിരോധം നീക്കുന്നതില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ജനപ്രതിനിധികളെ വഴിതടയുമെന്നും സമിതി ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
മൈസൂരിനെ കോഴിക്കോടും ഊട്ടിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകളില്‍ ബന്ദിപ്പുര കടുവാസങ്കേത പരിധിയില്‍ രാത്രികാല ഗതാഗതം നിരോധിച്ച് 2009 ജൂണ്‍ മൂന്നിനാണ് ചാമരാജ്‌നഗര്‍ ജില്ലാ കലക്ടര്‍ മനോജ്കുമാര്‍ മീണ ഉത്തരവായത്. ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യദ്യൂരപ്പ കലക്ടറുടെ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ബാംഗ്ലൂരിലെ അഡ്വ.ശ്രീനിവാസബാബു നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കലക്ടറുടെ ഉത്തരവ് ശരിവെച്ചു. 2009 ജൂലായ് 27ന് ദേശീയപാതയില്‍ ഗതാഗതനിരോധം വീണ്ടും പ്രാബല്യത്തിലായി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. ലോറി, ബസ് ഉടമകളുടെ സംഘടനകളും മറ്റും മറ്റും നല്‍കിയ ഈ ഹര്‍ജിയില്‍ കേരള സര്‍ക്കാരും കക്ഷി ചേര്‍ന്നിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സൂപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പുകാത്തുകിടക്കുകയാണ്. ഈ ഹര്‍ജിയില്‍ ഗതാഗതനിരോധത്തെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമടക്കം വിവിധ സംഘടനാ പ്രതിനിധികളും കക്ഷി ചേര്‍ന്നിട്ടുണ്ട്.

Latest