Connect with us

Kozhikode

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ചെപ്പടിവിദ്യ: ഉഴവൂര്‍ വിജയന്‍

Published

|

Last Updated

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ചെപ്പടി വിദ്യയാണെന്ന് എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് ഓരോ ജില്ലയിലും ചെലവഴിച്ച തുകയും പ്രഖ്യാപിച്ചിട്ട് നടക്കാതെപോയ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണം. തട്ടിപ്പുകാര്‍ക്കും ഭൂമാഫിയക്കാര്‍ക്കും കൂട്ടുനില്‍ക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ഇനിയെങ്കിലും രാജിവെച്ച് പുറത്തുപോകണം. സലിംരാജും സരിതയുമാണ് സര്‍ക്കാറിനെ നിയന്ത്രിക്കുന്നത്. പി സി ജോര്‍ജിനെ നേരിടാന്‍ കേന്ദ്ര സേനയെ വിളിക്കണോ എന്ന രീതിയിലാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
എന്‍ സി പി സംസ്ഥാന സമ്മേളനം നവംബര്‍ 15, 16, 17 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സമ്മേളനം എന്‍സിപി അഖിലേന്ത്യാ പ്രസിഡന്റ് ശരത്പവാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ഉയര്‍ത്തേണ്ട കൊടിമരം ഇടുക്കിയില്‍ നിന്ന് ഉഴവൂര്‍ വിജയന്റെ നേതൃത്വത്തിലും എ സി ഷണ്‍മുഖദാസിന്റെ ഛായാചിത്രം കോഴിക്കോട്ടുനിന്ന് സംസ്ഥാന ജന സെക്രട്ടറി എം ആലിക്കോയയുടെ നേതൃത്വത്തിലും പതാക തിരുവനന്തപുരത്തുനിന്ന് സംസ്ഥാന ജന സെക്രട്ടറി വര്‍ക്കല വി രവികുമാറിന്റെ നേതൃത്വത്തിലും സമ്മേളന നഗരിയില്‍ എത്തിക്കും. നവംബര്‍ 16ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും ഉണ്ടാകും.
ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, ദേശീയ സമിതി അംഗം അഡ്വ എം പി സൂര്യനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest