Connect with us

Kerala

ഇടുക്കി, വയനാട് വിമാനത്താവള പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

Published

|

Last Updated

തിരുവനന്തപുരം: ജനരോഷം ഭയന്ന് ഇടുക്കി, വയനാട് വിമാനത്താവള പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. കൃഷി സ്ഥലം ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. രണ്ട് പദ്ധതികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ മുന്‍കൈയെടുക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍, സ്വകാര്യ വ്യക്തികള്‍ വിമാനത്താവളപദ്ധതി നടപ്പാക്കുന്നതിനായി മുന്നോട്ടുവന്നാല്‍ സര്‍ക്കാര്‍ തടസ്സം നില്‍ക്കില്ല.

ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ജനങ്ങളുടെ എതിര്‍പ്പ് ശക്തമാണെന്നും അതിനാല്‍ പദ്ധതികളുമായി മുന്നോട്ട് പോകാനാകില്ലെന്നും ഗതാഗതവകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളങ്ങളുടെ സര്‍വേ പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കലക്ടര്‍മാരുടെ യോഗത്തില്‍ സമര്‍പ്പിച്ച ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.
വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ നേരത്തെ മുതല്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും ഇത് ഗൗനിക്കാതെ മുന്നോട്ടുപോകാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനം. വിപണി വിലക്ക് സ്ഥലമേറ്റെടുത്ത് വയനാട് വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിക്കുകയും ചെയ്തു. പനമരം പഞ്ചായത്തില്‍ നാനൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. കെ എസ് ഐ ഡി സിയെ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
ടെക്‌നോ-ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പാരിസ്ഥിതിക ആഘാത പഠനവും നടത്തിയ ശേഷം പദ്ധതിയുടെ രൂപരേഖ ഉണ്ടാക്കാനും തീരുമാനിച്ചു. ഇതിന്റെ തുടര്‍ച്ചയായി വയനാട് കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം വിളിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു.
ഇടുക്കി അണക്കരയില്‍ ലക്ഷ്യമിട്ട വിമാനത്താവള പദ്ധതിക്കെതിരെയും ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. അണക്കരയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന്റെ സര്‍വേക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. ഒരാഴ്ച ഇവര്‍ അവിടെ തങ്ങിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പും നിസ്സഹകരണവും കാരണം സര്‍വേ നടത്താനാകാതെ തിരിച്ചു പോകേണ്ടി വന്നു എന്നാണ് ഗതാഗത വകുപ്പ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
വിമാനത്താവളം സംബന്ധിച്ച് ജില്ലാ ഭരണകൂടം രണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജൂണ്‍ 16 നാണ് അവസാന യോഗം ചേര്‍ന്നത്. പ്രതിഷേധക്കാര്‍ യോഗ നടപടികള്‍ തടസ്സപ്പെടുത്തി. രണ്ട് ചര്‍ച്ചകളും തടസ്സപ്പെട്ടതിനാല്‍ തുടര്‍നടപടികള്‍ ദുഷ്‌കരമാണ്. അതിനാല്‍ പദ്ധതിയുമായി തത്കാലം മുന്നോട്ട് പോകേണ്ട എന്നാണ് നിലപാടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വയനാട് വിമാനത്താവളത്തിന്റെ സാധ്യതാ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ ജൂണില്‍ കണ്‍സള്‍ട്ടന്റ് കമ്പനികള്‍ കെ എസ് ഐ ഡി സിക്ക് നല്‍കിയിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഹെല്‍പ് ലൈന്‍ സ്ഥാപിച്ചു. എന്നാലും പ്രതിഷേധം ശമിപ്പിക്കാനായില്ല. അതിനാല്‍ വിമാനത്താവളത്തെ കുറിച്ചുള്ള പഠനം പോലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്നാണ് വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.

 

Latest