Connect with us

Kozhikode

വിദേശ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ശന കേന്ദ്ര നിര്‍ദേശം

Published

|

Last Updated

കോഴിക്കോട്: രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടല്‍ വിദ്യാഭ്യാസ മേഖലയില്‍ വിദേശ പൗരന്മാരുടെ പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്ന വിദേശികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സൂക്ഷിക്കുന്ന സംവിധാനം ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായും പിന്തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ്.

ഇതിനായി വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവരങ്ങള്‍ നല്‍കാനായി സി ഫോം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. ആഭ്യന്തര മന്ത്രാലയത്തിന്റെ എമിഗ്രേഷന്‍ വിസ ആന്‍ഡ് ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ട്രാക്കിംഗ്(ഐ വി എഫ് ആര്‍ ടി) പദ്ധതിയുടെ ഭാഗമായാണ് ബ്യൂറോ ഓഫ് ഇന്റലിജന്‍സ് സി ഫോം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്.
ബ്യൂറോ ഓഫ് ഇന്റലിജന്‍സിന്റെ സൈറ്റിലൂടെ വിദേശികള്‍ക്ക് താമസസൗകര്യവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന സ്ഥാപനങ്ങളും ഹോട്ടലുകളും ഓണ്‍ലൈനായി സി ഫോം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനായി സ്ഥാപന ഉടമകളോ മാനേജര്‍മാരോ സ്വന്തം പേരും ഫോട്ടോയും വിവരങ്ങളും നല്‍കി സി ഫോമില്‍ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഈ വിവരങ്ങള്‍ ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളിലോ(എഫ് ആര്‍ ആര്‍ ഒ), ഫോറീനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ(എഫ് ആര്‍ ഒ) അക്കൗണ്ട് രജിസ്‌ട്രേഷനായി സമര്‍പ്പിക്കണം.
ഫോം രജിസ്ട്രഷന് ശേഷം ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡുമുപയോഗിച്ചാണ് വിദേശികളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസ നമ്പര്‍, ഫോട്ടോ എന്നിവ അടങ്ങിയ വിവരങ്ങള്‍ അക്കൗണ്ടില്‍ ചേര്‍ക്കേണ്ടത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സി ഫോമിനു പുറമെ എസ് ഫോമും ഉപയോഗിക്കണം. വിദേശ വിദ്യാര്‍ഥികളുടെ ഹാജര്‍ നില, പഠിക്കുന്ന കോഴ്‌സിന്റെ വിവരങ്ങള്‍ എന്നിവ എസ് ഫോം അക്കൗണ്ടില്‍ രേഖപ്പെടുത്തണം.
അക്കൗണ്ട് മൂന്ന് മാസം കൂടുമ്പോള്‍ പുതുക്കണം. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലുള്ള അക്കൗണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. 1992 ലെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ആക്ട് 2010ല്‍ ഭേദഗതി ചെയ്താണ് സി ഫോം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.
ഇതനുസരിച്ച് സംസ്ഥാന പോലീസും ടൂറിസം വകുപ്പും ചേര്‍ന്ന് ഇത് കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ എഫ് ആര്‍ ആര്‍ ഒകളിലൂടെയും എല്ലാ ജില്ലകളിലെയും എഫ് ആര്‍ ഒകളിലൂടെയും സി ഫോം രജിസ്‌ട്രേഷന്‍ ചെയ്ത സ്ഥാപനങ്ങളുടെ അക്കൗണ്ടിന് സാധുത ലഭിക്കും. ഹോട്ടല്‍, ധര്‍മശാല, ഹോം സ്റ്റേ,സ്വകാര്യവ്യക്തികളുടെ വീട് , യൂനിവേഴ്‌സിറ്റി, ഹോസ്പിറ്റല്‍ എന്നിവ സി ഫോം പരിധിയില്‍ വരും. രാജ്യത്തെ ഇത്തരത്തിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും 2014ഓടെ നിര്‍ബന്ധമായും അക്കൗണ്ട് നിര്‍മിക്കണം.
സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് മുഖാന്തരം നടപ്പാക്കിയിരുന്ന സംവിധാനം ഇന്റലിജന്‍സ് ബ്യൂറോക്ക് കീഴിലാണ് ഇനി വരിക. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സി ഫോം സംവിധാനം ഉറപ്പാക്കണമെന്ന് സ്ഥാപന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയത്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റും തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നടപടി.