Connect with us

National

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയുടെ ഓഫീസ് രേഖകള്‍ നല്‍കണം

Published

|

Last Updated

ന്യുഡല്‍ഹി: ഒഡീഷയിലെ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് (പി എം ഒ) സി ബി ഐ ആവശ്യപ്പെട്ടു. കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോക്ക് അധിക ബ്ലോക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പൂര്‍ണമായും ഉചിതമായിരുന്നുവെന്നും യോഗ്യതകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് സി ബി ഐ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് സി ബി ഐ കത്ത് നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി മുമ്പാകെ കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ സി ബി ഐ നിര്‍ദേശിച്ചത്. ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സി ബി ഐ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന 2005ലാണ് ഹിന്‍ഡാല്‍കോക്ക് ഒഡീഷയിലെ തലാബിറ കല്‍ക്കരിപ്പാടം അനുവദിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം ഉചിതമായതെന്നാണ് പി എം ഒ അവകാശപ്പെട്ടത്. തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പി എം ഒയുടെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനകം തന്നെ ആയിരക്കണക്കിന് രേഖകള്‍ സി ബി ഐക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്‍ഡാല്‍കോക്ക് നല്‍കിയ ദീര്‍ഘകാല അനുമതി ഇപ്പോള്‍ വേണമെങ്കില്‍ പുനഃപരിശോധിക്കാവുന്നതാണെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും പി എം ഒ വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി സമര്‍പ്പിച്ച എഫ് ഐ ആറില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമേ ഭാവി പരിപാടികള്‍ തീരുമാനിക്കുകയുള്ളുവെന്ന് സി ബി ഐ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കല്‍ക്കരിപ്പാടത്തിനായി ഹിന്‍ഡാല്‍കോ സമര്‍പ്പിച്ച അപേക്ഷ “മതിയായ” കാരണങ്ങളാല്‍ സ്‌ക്രീനിംഗ് കമ്മിറ്റി നിരാകരിച്ചതാണെന്നും എന്നാല്‍, കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോക്ക് അനുവദിക്കാന്‍ “ഉത്തരവാദപ്പെട്ട” അധികാരി തീരുമാനിക്കുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലാബിറ കല്‍ക്കരിപ്പാടത്തിന്റെ രണ്ടാം ബ്ലോക്ക് അനുവദിച്ചുകിട്ടാന്‍ 2005 മെയ് 17നും ജൂണ്‍ 17നും ബിര്‍ള കത്തെഴുതിയിരുന്നു. അത് കല്‍ക്കരി മന്ത്രാലയത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.
കല്‍ക്കരിപ്പാടം അനുവദിച്ചുകിട്ടാന്‍ 2005 ജൂലൈയില്‍ ബിര്‍ള കല്‍ക്കരി വകുപ്പ് സെക്രട്ടറി പരേഖിനെ കണ്ടിരുന്നു. അപേക്ഷകളുടെ പിന്‍ബലത്തിലും ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നും തലാബിറ രണ്ട്, മൂന്ന് കല്‍ക്കരിപ്പാടങ്ങള്‍, സാധുവായ അടിസ്ഥാനങ്ങളില്ലാതെയും സാഹചര്യങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലാതെയും ഹിന്‍ഡാല്‍കോക്ക് അനുവദിക്കാന്‍ പരേഖ് മുതിര്‍ന്നത് തന്റെ അധികാരം ദുര്‍വ്യയം ചെയ്താണെന്ന് സി ബി ഐ ഫയല്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. ബിര്‍ളക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ താന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രിയാണെന്നാണ് പരേഖിന്റെ വാദം.

 

---- facebook comment plugin here -----

Latest