Connect with us

Editorial

മുകുള്‍ വാസ്‌നികിന്റെ റിപ്പോര്‍ട്ട്

Published

|

Last Updated

സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും സംസ്ഥാന നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ പ്രതിസന്ധി രൂക്ഷമാണെന്നാണ് കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനു ശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന നേതൃത്വത്തില്‍ മാത്രമല്ല, ജില്ലകളിലും പാര്‍ട്ടിയുടെ താഴേ തട്ടില്‍ പോലും ഗ്രൂപ്പ് പോര് ശക്തമാണെന്നും സര്‍ക്കാറിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെയും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെയും പിന്തുണയില്ലെന്നും വിലയിരുത്തിയ മുകുള്‍ വാസ്‌നിക്, പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇതു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതായും വിലയിരുത്തുന്നു.
എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളുടെ തുടര്‍ച്ചക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കാനുമാണ് മുകുള്‍ വാസ്‌നിക് കഴിഞ്ഞ 17, 18 തീയതികളില്‍ കേരളത്തിലെത്തിയത്. പാര്‍ട്ടി ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ഗ്രൂപ്പ്‌വഴക്കുകള്‍ മാറ്റിവെച്ച് പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ഉപദേശിച്ചാണ് സോണിയ മടങ്ങിയത്. അവരുടെ സന്ദര്‍ശനത്തോടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിനും സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ചക്കും ശമനമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ പരിഹൃതമായില്ലെന്നു മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഐ ഗ്രൂപ്പിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടിയിരിക്കയുമാണിപ്പോള്‍. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പല തീരുമാനങ്ങളും എടുക്കുന്നതെന്നും ഇത്തരം തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്കു ബാധ്യതയില്ലെന്നുമുള്ള നിലപാടാണിപ്പോള്‍ ഐ ഗ്രൂപ്പിന്.
സോളാര്‍ കേസും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന ചര്‍ച്ചകളുമാണ് അടുത്തിടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിപ്പിച്ചത്. പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്തുകയും എന്‍ എസ് എസുമായുള്ള അകല്‍ച്ച അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം എന്ന ആശയം ഉയര്‍ന്നുവന്നത്. ആഭ്യന്തര മന്ത്രി പദവി നല്‍കി ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുക എന്നതായിരുന്നു ആദ്യ തീരുമാനം. ഇത് ചെന്നിത്തലക്ക് സ്വീകാര്യവുമായിരുന്നു. എന്നാല്‍ ആഭ്യന്തര പദവി വിട്ടുകൊടുക്കില്ലെന്ന് തിരുവഞ്ചൂര്‍ ശാഠ്യം പിടിച്ചതോടെ മന്ത്രിസഭ പുനഃസംഘടനാ ചര്‍ച്ച വഴിമുട്ടി. മറ്റേതെങ്കിലും വകുപ്പും ഉപമുഖ്യമന്ത്രി പദവിയും നല്‍കി ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ഉപമുഖ്യമന്ത്രി പദം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന മുസ്‌ലിം ലീഗിന്റെ അവകാശവാദത്തോടെ അതും വിഫലമായി. സോളാര്‍ കേസില്‍ സരിതാ നായരുമായി ഫോണില്‍ സംസാരിക്കുകയും ബന്ധം സൂക്ഷിക്കുകയും ചെയ്ത മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും പേരുവിവരം പുറത്തുവന്നതോടെ സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളിലെ വിഴുപ്പലക്കല്‍ മൂര്‍ധന്യനിലയിലെത്തി. ആഭ്യന്തരമന്ത്രിയാണ് തങ്ങളുടെ പേരുകള്‍ അടങ്ങുന്ന പട്ടിക പുറത്തുവിട്ടതെന്ന് മറ്റു മന്ത്രിമാരും നേതാക്കളും വിശ്വസിച്ചു. കേസില്‍ തിരുവഞ്ചൂരിന്റെ പേര് കൂടി ഉള്‍പ്പെട്ട സാഹചര്യത്തില്‍ സ്വയം രക്ഷക്കുവേണ്ടിയാണ് തിരുവഞ്ചൂര്‍ ഇങ്ങനെ ചെയ്തതെന്നും അവര്‍ വിലയിരുത്തി. “സോളാറി”ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വെളിച്ചത്തായതോടെ ഗ്രൂപ്പ് വഴക്കില്‍ ഒന്നും ചെയ്യാനാകാത്ത വിധം അദ്ദേഹവും നിസ്സഹായനായി.
മുകുള്‍ വാസ്‌നിക് വിലയിരുത്തിയ പോലെ പാര്‍ട്ടിയും സര്‍ക്കാറും ഇപ്പോള്‍ സമാന്തര വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് പാര്‍ട്ടിക്ക് കനത്ത ക്ഷീണം സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, സര്‍ക്കാറിന്റെ പ്രയാണത്തെയും സംസ്ഥാനത്തെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെയും ഇത് ബാധിക്കും. “മോഡി ഇഫക്ടു”മായി ബി ജെ പി ഇറങ്ങിത്തിരിച്ചിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും മതേതര ഇന്ത്യക്കും സുപ്രധാനമാണ്. കോണ്‍ഗ്രസിന്റെ വിജയത്തില്‍ കേരളത്തിനും അതിന്റെതായ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ ഗ്രൂപ്പ്‌വഴക്കിന് പരിഹാരം കാണുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെയും യു ഡി എഫിന്റെയും നില പരിതാപകരമായിരിക്കും. ഇക്കാര്യം സോണിയയുടെ കേരള സന്ദര്‍ശന വേളയില്‍ ഘടക കക്ഷി നേതാക്കള്‍ അവരെ ധരിപ്പിച്ചതുമാണ്. പക്ഷേ, പാര്‍ട്ടിയില അവസാനത്തെ ആശ്രയമായ സോണിയ ഇടപെട്ടിട്ടും തീരാത്ത പ്രശ്‌നങ്ങള്‍ ഇനി ആര് പരിഹരിക്കും?