Connect with us

Articles

വില കൂടിയത് നല്ല ഭക്ഷണമാകണമെന്നില്ല

Published

|

Last Updated

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാലമാണിത്. സമൂഹത്തിന്റെ ആരോഗ്യത്തെ തന്നെ ഇത് ബാധിക്കുമോ എന്നുപോലും സംശയിക്കുന്നവരുണ്ട്. പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കളുടെ വില ഇങ്ങനെ കയറിയാല്‍ എന്തു ചെയ്യും? എന്നാല്‍, നാം അല്‍പ്പമൊന്ന് തിരിച്ചുചിന്തിക്കാനും പഴയ വഴിയേ നടക്കാനും ശ്രമിച്ചാല്‍ അതിനെ നേരിടാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.നമുക്കിടയില്‍ ഭക്ഷ്യവസ്തുക്കളെപ്പറ്റിയുള്ള
തെറ്റായ മിക്ക സങ്കല്‍പ്പങ്ങള്‍ക്കും കാരണം സായിപ്പന്‍മാര്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ച പോഷകാഹാര മിഥ്യകളാണ്. അവര്‍ പ്രൊട്ടീനുകളെ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ആയി വിഭജിച്ചു. മാംസ്യാഹാരങ്ങളിലുള്ള (ഉദാ: ഇറച്ചി, കോഴിമുട്ട) പ്രൊട്ടീനുകളെ ഒന്നാം ക്ലാസായും സസ്യാഹാരത്തിലുള്ളവയെ (ഉദാ: പരിപ്പ്, കടല) രണ്ടാം ക്ലാസായും വിശദീകരിച്ചു. മാത്രമല്ല, യഥാര്‍ഥ പോഷണം ലഭിക്കണമെങ്കില്‍ ഒന്നാം ക്ലാസ് പ്രൊട്ടീന്‍ കഴിക്കണമെന്നും നമ്മെ തെറ്റിദ്ധരിപ്പിച്ചു. ഏതായാലും ഈ മിഥ്യകള്‍ മുഴുവന്‍ തെറ്റാണെന്ന് സമര്‍ഥിക്കപ്പെട്ടിരിക്കുകയാണ്. ഏത് അമിനോ ആസിഡിനെയും മറ്റൊന്നായി മാറ്റാന്‍ നമ്മുടെ ദേഹത്തിന് കഴിവുണ്ട് എന്നതാണ് സത്യം.
മേല്‍പ്പറഞ്ഞ നിഗമനങ്ങളുടെ പശ്ചാത്തലത്തിലാണ് വില കൂടിയ ഭക്ഷണങ്ങള്‍ നല്ല ഭക്ഷണങ്ങളാണ് എന്ന തെറ്റിദ്ധാരണയില്‍ നാം എത്തിച്ചേര്‍ന്നത്. വാസ്തവത്തില്‍ ഏറ്റവും നല്ല പോഷകാഹാരങ്ങള്‍ വില കൂടിയവ ആകണമെന്നില്ല.
ചീര, മല്ലിയില, അഗത്തികീര, ബ്രോക്കോളി എന്നിവയെല്ലാം പോഷകസമ്പുഷ്ട ആഹാരങ്ങളുടെ പട്ടികയില്‍ പെടുമെങ്കിലും പ്രഥമ സ്ഥാനം നമ്മുടെ തൊടികളിലെല്ലാം വളരുന്ന മുരിങ്ങ മരത്തില്‍ നിന്നു ലഭിക്കുന്ന ഇലയാണ്. മുരിങ്ങ മരത്തിന് പ്രത്യേക ശുശ്രൂഷയൊന്നും വേണ്ട. വളം ചേര്‍ക്കേണ്ട ആവശ്യവുമില്ല. നൂറ് ശതമാനം ഓര്‍ഗാനിക് ആണ്. ഇതും മറ്റ് പല ഇലക്കറികളും കാത്സ്യം, ഇരുമ്പ്, ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍ സി, റൈബോ ഫ്‌ളേവിന്‍, ഫോളിക് ആസിഡ് നാരുകള്‍ എന്നിവയുടെ ഉറവിടമാണ്. ഇതിനെല്ലാം പുറമെ ഇത് ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ വളരെ സഹായകവുമാണ്.
ബീന്‍സ്, പയറ്, വഴുതന, വെണ്ട, വെള്ളരി, മത്തന്‍, ഇളവന്‍, തക്കാളി, പപ്പായ(കര്‍മൂസ്) എന്നിവയെല്ലാം നല്ല ഭക്ഷ്യവിഭവങ്ങളാണ് എന്ന് പറയേണ്ടതില്ല. ഇവയില്‍ കാത്സ്യം, ഇരുമ്പ്, സോഡിയം, ക്ലോറൈഡുകള്‍, കോബാള്‍ട്ട്, കോപ്പര്‍, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസിയം എന്നീ ധാതുക്കളും വിറ്റാമിനുകളായ സി, എ, ഫോളിക് ആസിഡ് എന്നിവയും ധാരാളമുണ്ട്. പച്ചക്കറികളില്‍ ധാരാളം ഭക്ഷ്യനാരുകള്‍ ഉള്ളതിനാല്‍ അവ കഴിക്കുന്നത് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, എന്നിവ നിയന്ത്രിക്കാന്‍ സഹായകമാണ്. രക്തത്തിലെ കൊഴുപ്പുകളായ ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കുറക്കുന്നതിനും പച്ചക്കറികള്‍ സഹായിക്കുന്നു.
തണ്ണിമത്തന്‍, പഴം, മധുര നാരങ്ങ, മുന്തിരങ്ങ, ആപ്പിള്‍, പൈനാപ്പിള്‍ മുതലായവയെല്ലാം പോഷകാഹ സമൃദ്ധമാണ്. പച്ചക്കറികളില്‍ പെട്ട പപ്പായ(കര്‍മൂസ്), തക്കാളി എന്നിവയും ഈ ഗ്രൂപ്പില്‍ പെടുത്താം. പഞ്ചസാരയുടെ ആധിക്യം പഴവര്‍ഗങ്ങള്‍ ധാരാളം ഉപയോഗിക്കുന്നതില്‍ നിന്ന് പ്രമേഹ രോഗികളെ ന്യായമായും വിലക്കും. എന്നാല്‍ ഇതില്‍ ഏറ്റവും പഞ്ചസാര കുറഞ്ഞ പഴങ്ങളാണ് പപ്പായയും തക്കാളിയും. പല വിധ സ്‌പെഷ്യല്‍ ഡയറ്റുകളുടെയും ഒരു അവിഭാജ്യ ഘടകമാണ് ഈ രണ്ട് വിഭവങ്ങളും. പപ്പായ മാത്രം പ്രാതലിന് ഭക്ഷണമായി ഒരു പ്രത്യേക ഡയറ്റ് പോലും നിലവിലുണ്ട്.
ഇത്രയും എഴുതിയപ്പോഴാണ് രാസവസ്തു-രാസവള കമ്പനികളുടെയും കീടനാശിനി നിര്‍മാതാക്കളുടെയും പുതിയ മള്‍ട്ടിനാഷനല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും അന്യ സംസ്ഥാന പച്ചക്കറിക്കാരുടെയും ലോബികള്‍ ചേര്‍ന്ന് നാം ചിരകാലമായി ഉപയോഗിച്ചുവരുന്ന വില കുറഞ്ഞ ഭക്ഷണ വസ്തുക്കളെപ്പറ്റി നടത്തിയ കള്ള പ്രചാരണങ്ങള്‍ ഓര്‍മ വന്നത്. പപ്പായ, മുരിങ്ങയില എന്നിവയിലെ രാസവസ്തുക്കള്‍ ഇലക്‌ട്രോ മാഗ്‌നറ്റിക് തരംഗങ്ങളെ പിടിച്ചെടുക്കുമെന്നും അതിനാല്‍ ഇവയുടെ ഉപയോഗം ക്യാന്‍സറിന് ഇടയാക്കുമെന്നുമാണ് അവരുടെ അത്ഭുതകരമായ കണ്ടുപിടിത്തം. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. അവ ക്യാന്‍സര്‍ ഉണ്ടാക്കുകയില്ലെന്നു മാത്രമല്ല അവയിലടങ്ങിയ പല രാസവസ്തുക്കളും ക്യാന്‍സര്‍ തടയുന്ന ഏജന്റുകളാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. യഥാര്‍ഥ കാര്‍സിനോജനുകള്‍(ക്യാന്‍സറിന്റെ വളര്‍ച്ചക്ക് സഹായകമാകുന്ന പദാര്‍ഥങ്ങള്‍) അടങ്ങിയിട്ടുള്ളത് ചില രാസവളങ്ങളിലും കീടനാശിനികളിലുമാണ്. അവ ഉപയോഗിച്ചുണ്ടാക്കുന്ന വില കൂടിയ ഭക്ഷ്യവസ്തുക്കളിലും മാംസാഹാരങ്ങളിലുമാണ് ഈ ഘടകങ്ങളുള്ളത്. മുരിങ്ങയിലയും കര്‍മൂസും ഭക്ഷണത്തിലെ അനിഷേധ്യ രാജാക്കന്‍മാര്‍ തന്നെ ആണ്. ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നതിനു പുറമെ പല പച്ചക്കറികളും നമ്മുടെ ആയുര്‍വേദ ഔഷധശാസ്ത്രത്തിലെ രത്‌നഖനികളാണ്. ചെറുനാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി, ഉള്ളി, കയ്പക്ക, മുരിങ്ങയില, മുന്തിരിങ്ങ തുടങ്ങിയവയെല്ലാം ഔഷധങ്ങളായി ലോകാരോഗ്യ സംഘടന പോലും അംഗീകരിച്ച വസ്തുക്കളാണ്. നാം അവയെ വേണ്ടവിധം കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നില്ല എന്നു മാത്രം.
ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇലക്കറികള്‍ കൊണ്ട് മാത്രം കൂട്ടാനും ഉപ്പേരിയും ഉണ്ടാക്കി ഉപയോഗിച്ചിരുന്നത് ഇവിടെ നിലനിന്നിരുന്ന ഒരാചാരമായിരുന്നു. ഇതു ശാസ്ത്രീയമായും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. ഭക്ഷണത്തില്‍ പച്ചിലകള്‍ ഉപയോഗിക്കുന്നത് ഉത്തമമായ ഒരു കാര്യമാണ്.
ഏതായാലും ഈ വില കുറഞ്ഞ, പോഷകസമൃദ്ധമായ ആഹാരങ്ങെള സ്വീകരിക്കുകയും അവ വേണ്ടപോലെ ഉപയോഗിക്കുകയും ചെയ്താല്‍ കേരളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. പോഷകാഹാരത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകുകയും തെറ്റിദ്ധാരണകളിലും കള്ളപ്രചാരണങ്ങളിലും പെടാതിരിക്കാന്‍ കാര്യങ്ങള്‍ ശ്രദ്ധയോടെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം.