Connect with us

Articles

ലൈംഗിക അതിക്രമങ്ങള്‍: ആരാണ് യഥാര്‍ഥ കുറ്റക്കാര്‍?

Published

|

Last Updated

ആഗോളവത്കരണം സൃഷ്ടിക്കുന്ന കമ്പോള സംസ്‌കാരവും പുരുഷാധിപത്യപരമായ സാമൂഹിക വ്യവസ്ഥകളും ലോകമെമ്പാടും സ്ത്രീകളെ വേട്ടയാടുകയാണ്. വിവരവിപ്ലവത്തിന്റെ നട്ടെല്ലായ ഇന്റര്‍നെറ്റും മാധ്യമ ശൃംഖലകളും സ്ത്രീയെ വസ്തുവത്കരിക്കുകയും ലൈംഗിക വിപണിയില്‍ വില പേശി വില്‍ക്കുകയും ചെയ്യുന്ന ഉദാരതാവാദത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഭൂഖണ്ഡങ്ങളിലാകെ സ്ത്രീകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കാര്‍ട്ടലുകളും സിന്‍ഡിക്കലുകളും സജീവമാകുകയും പെണ്‍കുട്ടികളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നവ ഉദാരവത്കരണ നയം മനുഷ്യ ജീവിതത്തിന്റെ നൈസര്‍ഗിക ചോദനകളെ പോലും വില്‍പ്പനച്ചക്കാക്കുകയും വ്യവസായവത്കരിക്കുകയുമാണ്.
ഇതിനനുസൃതമായി വ്യവസ്ഥിതിയുടെ എല്ലാ സ്തംഭങ്ങളും പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും സംഘടിതമായ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്വം, നമ്മുടെ നീതിന്യായ സംവിധാനം അവരില്‍ തന്നെ ആരോപിച്ച് ലൈംഗിക കുറ്റവാളികളെ ന്യായീകരിക്കുന്ന ഇടം വരെ എത്തിയിരിക്കുന്നു. ഇരകളെ തന്നെ കുറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്ന നീതിബോധം ആരെയാണ് സഹായിക്കുക എന്നത് എല്ലാവരും ഗൗരവപൂര്‍വം ആലോചിക്കേണ്ടതാണ്.
ഏറ്റവും ഒടുവില്‍ ഡല്‍ഹിയിലെ അതിവേഗ കോടതികളിലൊന്നിലെ അഡീഷനല്‍ ജഡ്ജി വീരേന്ദ്ര ഭട്ട് ഒരു വിധിന്യായത്തില്‍ നടത്തിയ നിരീക്ഷണം വിവാദപരമായിരിക്കയാണ്. പെണ്‍കുട്ടികളുടെ അയഞ്ഞ ജീവിതവും പെരുമാറ്റവുമാണ് ലൈംഗികാക്രമണങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കാരണമെന്നാണ് ജഡ്ജി വീരേന്ദ്ര ഭട്ടിന്റെ നിരീക്ഷണം. കാമാന്ധന്മാരായ ക്രിമിനലുകളുടെ ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് ബലാത്സംഗത്തിന് കാരണക്കാര്‍ എന്നാണ് ജഡ്ജി നിരീക്ഷിച്ചിരിക്കുന്നത്. സ്ത്രീ സംഘടനകള്‍ ശക്തമായിത്തന്നെ വിധിന്യായത്തിലെ ഈയൊരു നിരീക്ഷണത്തിനെതിരെ രംഗത്ത് വന്നിരിക്കയാണ്. സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വി എന്‍ ഖരെ ഈയൊരു നിരീക്ഷണത്തെ ഭരണഘടനാലംഘനമെന്നാണ് വിശേഷിപ്പിച്ചത്. പെണ്‍കുട്ടികളെ അപക്വമതികളും അഴിഞ്ഞാട്ടക്കാരുമായി കാണുന്നതാണ് വിധിന്യായത്തിന് പിന്നിലെ മനോഭാവം.
ഇന്ത്യയില്‍ ഇതിനു മുമ്പും അതിന് സമാനമായ കോടതിവിധികള്‍ ഉണ്ടായിട്ടുണ്ട്. മഥുര എന്ന പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായ കേസില്‍ മഥുരയെ കുറ്റപ്പെടുത്തി കുറ്റവാളികളെ വെറുതെ വിട്ട കോടതിവിധിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതാണ്. രാജസ്ഥാനില്‍ ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിച്ചതിന് സവര്‍ണ ഹിന്ദുക്കള്‍ കൂട്ട ബലാത്സംഗം ചെയ്ത ബന്‍വാരി ദേവി കേസില്‍ ജയ്പൂര്‍ ഹൈക്കോടതി വിധി വലിയ വിവാദമായതാണ്. സവര്‍ണ ജാതിക്കാരായ പ്രതികള്‍ അവരുടെ ജാതി ബോധം വെച്ച് പിന്നാക്ക ജാതിക്കാരിയായ ബന്‍വാരി ദേവിയെ ബലാത്സംഗം ചെയ്യുന്നത് പോയിട്ട് സ്പര്‍ശിക്കുക പോലും ചെയ്യില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇന്ത്യന്‍ കോടതികളുടെ ബ്രാഹ്മണബോധവും സ്ത്രീവിരുദ്ധതയും അനാവരണം ചെയ്ത സംഭവമായിരുന്നു ബന്‍വാരിദേവി കേസ്.
ജസ്റ്റിസ് വീരേന്ദ്ര ഭട്ടിന്റെ വിധിപ്രസ്താവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീപ്രശ്‌നങ്ങളില്‍ നമ്മുടെ ഭരണകൂടം പുലര്‍ത്തുന്ന ഒരു മനോഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ദുരഭിമാന ഹത്യകള്‍ നാം വിവാദപരമായി ചര്‍ച്ച ചെയ്യുകയാണ്. ഖാപ് പഞ്ചായത്ത്/ ജാതി നാട്ടുകൂട്ടങ്ങള്‍ പെണ്‍കുട്ടികളെ നിയന്ത്രിക്കാന്‍ സ്‌ക്വാഡുകള്‍ വരെ ഉണ്ടാക്കിയ സംഭവങ്ങള്‍ ഹരിയാനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
സ്ത്രീപീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും പിറകിലെ യഥാര്‍ഥ കാരണങ്ങളെ സമര്‍ഥമായി മറച്ചുപിടിച്ച് സ്തീകള്‍ തന്നെയാണ് കാരണക്കാര്‍ എന്നു വരുത്തുകയാണിവിടെ ചെയ്യുന്നത്. അനിയന്ത്രിതമായ സ്ത്രീപീഡനങ്ങളെ തടയാന്‍ ശ്രമിക്കാതെ അതിന്റെ മറവില്‍ സ്ത്രീകളുടെ സ്വകാര്യതക്കും സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുകയാണ്. മനുവാദികളുടെ പ്രത്യയശാസ്ത്രമാണ് ഇത്തരം മനോഭാവങ്ങളെ സൃഷ്ടിക്കുന്നത്.
സര്‍വവിധ ലഹരിയും ആസക്തികളും മുതലാളിത്തം വളര്‍ത്തിയെടുക്കുന്ന ഭോഗസംസ്‌കാരത്തിന്റെ സൃഷ്ടിയാണ്. ക്രമരഹിതമായ ലൈംഗികത മുതലാളിത്തത്തിന്റെ ഉദാരതാ നയത്തിന്റെ ഭാഗമാണ്. മദ്യവും മയക്കുമരുന്നും പോലെ വഴിവിട്ട ലൈംഗികതയും മനുഷ്യന്റെ ആത്മസത്തയെ ശിഥിലമാക്കുന്ന അധിനിവേശ തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് വളര്‍ന്നുവരുന്നത്. ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന മുതലാളിത്ത സംസ്‌കാരത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നവര്‍ ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്നത് തീര്‍ത്തും പരിഹാസ്യമാണ്. ക്രിമിനല്‍ സംഘങ്ങള്‍ക്കും സെക്‌സ് റാക്കറ്റുകള്‍ക്കും അഴിഞ്ഞാടാന്‍ സൗകര്യം സൃഷ്ടിക്കുന്നവരാണ് നാട്ടില്‍ വര്‍ധിതമാകുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് മുഖ്യ ഉത്തരവാദികള്‍.
കേരളത്തിലും സ്ത്രീപീഡനങ്ങള്‍ പെരുകുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 1234 പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ട്രെയിന്‍ യാത്രയില്‍ 124 സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് ഇരയായി. അഞ്ച് വയസ്സിന് താഴെയുള്ള 31 കുട്ടികളെയാണ് കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തിയത്. ഔദ്യോഗിക കണക്കനുസരിച്ച് 28,837 സ്ത്രീപീഡന കേസുകളാണ് ഇക്കാലത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സ്ത്രീകളെ ലൈംഗിക ഉപകരണമായും ഉപഭോക്തൃവസ്തുവായും കാണുന്ന സംസ്‌കാരമാണ് ഈ വിധത്തിലുള്ള ക്രൂരമായ പീഡനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. എല്ലാ മനുഷ്യബന്ധങ്ങളെയും കമ്പോളവത്കരിക്കുന്ന, അതിനനുസൃതമായി സംസ്‌കാരം നിര്‍മിക്കുന്ന നവ ലിബറലിസമാണ് സ്ത്രീ ജീവിതത്തെ നമ്മുടെ കാലത്ത് ദുരിതപൂര്‍ണമാക്കുന്നത്. രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും വേട്ടയാടുന്നത് പോലെ സ്ത്രീകളെയും നവ ലിബറിലിസം വേട്ടയാടുകയാണ്. തങ്ങളുടെ ഇരകളായ ജനസമൂഹങ്ങളെ കുറ്റവാളികളാക്കി സ്വന്തം അധിനിവേശത്തിന് ന്യായം ചമയ്ക്കുന്ന മുതലാളിത്ത പ്രത്യയശാസ്ത്രമാണല്ലോ നവ ലിബറലിസത്തിന്റെത്.