Connect with us

Kasargod

നെല്‍കൃഷിയിലും പച്ചക്കറിയിലും പൊന്ന് വിളയിച്ച് പെണ്‍കൂട്ടായ്മ

Published

|

Last Updated

കാസര്‍കോട്: കൃഷിയിടങ്ങള്‍ പലതും തരിശുഭൂമിയായി മാറുമ്പോള്‍ അവയെ സംഘകൃഷിയിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം വനിതകള്‍.
ഉദുമ ഗ്രാമപഞ്ചായത്തിലെ ബാരയിലെ ശ്രീലക്ഷ്മി സംഘകൃഷി ഗ്രൂപ്പിലെ അംഗങ്ങളാണ് കൂട്ടായ്മയിലൂടെ വിജയം കൊയ്യുന്നത്. കുടുംബശ്രീയുടെ സഹായത്തോടെ രൂപവത്കരിച്ച സംഘകൃഷി ഗ്രൂപ്പില്‍ ആറ് പേരാണുള്ളത്. ഗ്രൂപ്പിലെ അംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി രണ്ടര ഏക്കര്‍ നെല്‍ക്കൃഷിയിലൂടെ മികച്ച വിളവാണ് ലഭിച്ചത്. ഇത് ആദ്യമായല്ല ഇവരുടെ കൂട്ടായ്മയില്‍ ഇത്തരമൊരു നേട്ടം പൂവണിയുന്നത്. 2009 മുതല്‍ ഇവര്‍ മികച്ച രീതിയില്‍ കൃഷി ചെയ്തുവരുന്നു.
പാട്ടത്തിനെടുത്ത കൃഷിഭൂമിയിലാണ് ഇവര്‍ കൃഷി ഇറക്കിയത്. വിതച്ചതുമുതല്‍ കൊയ്യുന്നതു വരെയുള്ള എല്ലാ ജോലികളും ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയാണ് ചെയ്തത്.
നെല്‍ കൃഷി വിളവെടുപ്പിനു ശേഷം പാടത്ത് എല്ലാത്തരം പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം പച്ചക്കറി കൃഷിയിലൂടെ മാത്രം 17,000 രൂപ ലാഭമുണ്ടാക്കി. വെണ്ടയ്ക്ക, പയര്‍, മത്തന്‍ വഴുതനങ്ങ, പാവയ്ക്ക, ഞരമ്പന്‍, ചീര എന്നീ പച്ചക്കറി കൃഷിയിലും മികച്ച വിളവെടുത്തു.
സംഘകൃഷി ആരംഭിച്ചതു മുതല്‍ സ്വന്തമായി ഉല്പാദിപ്പിക്കുന്ന അരിയും വിഷരഹിത പച്ചക്കറികളും കഴിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഗ്രൂപ്പിലെ ഓരോ അംഗവും നെല്‍കൃഷിയിലൂടെയുള്ള ഉത്പാദനം അംഗങ്ങള്‍ തുല്യമായി വീതിച്ചെടുക്കുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ എടുത്ത ശേഷം ബാക്കിയുള്ളവ ചന്തകളിലും പൊതുവിപണിയിലും വിറ്റഴിക്കുന്നതായി ഗ്രൂപ്പ് സെക്രട്ടറി പ്രേമലത പറയുന്നു.
കൃഷിയില്‍നിന്ന് ലഭിച്ച ലാഭ വിഹിതം ഉപയോഗിച്ച് 40 സെന്റ് സ്ഥലം ഇവര്‍ സ്വന്തമായി വാങ്ങിയിട്ടുണ്ട്.
കൃഷി ചെയ്യുന്നതിന് ഏക്കറിന് 4000 രൂപ നിരക്കിലും ഉല്പാദനം മികച്ച രീതിയില്‍ സാധ്യമായാല്‍ 2000 രൂപയും കുടുംബശ്രീ വഴി സംഘകൃഷി പ്രോത്സാഹനമായി ലഭിക്കുന്നുണ്ട്.
ജെ എല്‍ ജി വഴി മെതിയന്ത്രം ലഭ്യമാക്കിയതും ഇവരുടെ കൂട്ടായ്മയ്ക്ക് കരുത്തു പകര്‍ന്നു.

 

Latest