Connect with us

Gulf

നിതാഖാത്: സഊദി തൊഴില്‍ മന്ത്രാലയം ശക്തമായ ശിക്ഷാ നടപടികളിലേക്ക്

Published

|

Last Updated

ഇതിനകം പദവി ശരിയാക്കാത്ത വിദേശികളെയും ഇവരെ സഹായിക്കുന്നവര്‍ക്കെതിരെയും കഠിന ശിക്ഷ നല്‍കണമെന്നാണ് ഉത്തരവുളളത്. ഇത്തരക്കാര്‍ക്ക് താമസ സൗകര്യവും വാഹനവും നല്‍കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സഹായം നല്‍കുന്നവരെ നിയമലംഘനത്തിന് കൂട്ട് നില്‍ക്കുന്നവരായി കണക്കാക്കി ശിക്ഷ നല്‍കും.
രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്തും. തൊഴില്‍ നിയമം ലംഘിച്ച തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിയാലും സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിച്ചാലും ശിക്ഷിക്കപ്പെടും. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ ഇവരെ നാട് കടത്താനുള്ള ചെലവ് സഊദി ഭരണകൂടം വഹിക്കുകയുള്ളു.
നിയമ ലംഘകരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയവരാണ് നാടുകടത്തുന്നതിനുള്ള ചെലവ് വഹിക്കേണ്ടി വരിക. ഇത്തരത്തില്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാന പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടികള്‍ ഉള്‍കൊള്ളുന്ന 14 വകുപ്പുകള്‍ അടങ്ങിയ പുതിയ നടപടിക്രമങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്.
ഇതനുസരിച്ച് തൊഴില്‍ നിയമം ലംഘിക്കുന്നവരെയും സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയും സ്വന്തം നേട്ടത്തിന് വേണ്ടി ജോലി ചെയ്യുന്നവരെയും പിടികൂടി നാട് കടത്തേണ്ട ചുമതല ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും. രേഖകള്‍ ശരിപ്പെടുത്തുന്നതിന് രണ്ട് തവണകളിലായി ഏഴ് മാസത്തോളം സമയം അനുവദിച്ചിരുന്നു.
നവംബര്‍ മൂന്നിന് ശേഷം കര്‍ശന പരിശോധനകളാണ് ആരംഭിക്കാനിരിക്കുന്നത്. നഗര ഗ്രാമപ്രദേശങ്ങളിലെല്ലാം വ്യാപക തിരച്ചില്‍ നടത്തും. വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത ഉള്‍പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നതിനായി പ്രത്യേക തരം വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. ഇതിനായി പ്രത്യേക വിഭാഗത്തെയാണ് നിയോഗിച്ചു. ജോലിക്ക് നിയമിച്ചിരിക്കുന്ന നിയമ ലംഘകരുടെ എണ്ണമനുസരിച്ച് ശിക്ഷയുടെ കാഠിന്യം കൂടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡുകളില്‍ പൊതുസുരക്ഷാ വകുപ്പിന് കീഴിലുള്ള പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളായിരിക്കും പരിശോധന നടത്തുക. യാത്രക്കാരുടെ രേഖകളും ഇഖാമകളും ഇവര്‍ പരിശോധിക്കുകയും ചെയ്യും.

 

---- facebook comment plugin here -----

Latest