Connect with us

Ongoing News

അടിയന്തര ശസ്ത്രക്രിയ: മഅ്ദനിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും

Published

|

Last Updated

കോഴിക്കോട്: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. വിധിപ്പകര്‍പ്പ് ലഭിച്ചാലുടന്‍ ഇന്നു തന്നെ ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഇന്നോ നാളെയോ മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. ഉസ്മാന്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയക്കായാണ് ബംഗളൂരു അഗര്‍വാള്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിലേക്ക് മഅ്ദനിയെ മാറ്റുന്നത്. ഈ മാസം 17ന് മഅ്ദനിയെ അഗര്‍വാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ടത്.

ചികിത്സക്കിടെ മഅ്ദനിയെ പരിചരിക്കാന്‍ കൂടെ നില്‍ക്കുന്നതിനായി ഭാര്യ സൂഫിയക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സൂഫിയ ഇന്ന് രാവിലെ ബംഗളൂരുവിലെത്തും. കുടുംബവും സൂഫിയയെ അനുഗമിക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പി ഡി പിയുടെ സംസ്ഥാന നേതാക്കള്‍ ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നു. മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇനി കേരളത്തിന്റെ നിലപാട് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
ജാമ്യാപേക്ഷയില്‍ കക്ഷിചേരുന്ന കേരള സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് ഏറെ നിര്‍ണായകമാണെന്ന് മഅ്ദനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ സിറാജിനോട് പറഞ്ഞു. മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടര്‍വിചാരണക്ക് തടസ്സമാകുമെന്നും തിരിച്ചെത്തിക്കുന്നതിന് പ്രയാസമാകുമെന്നും മഅ്ദനി കേരളത്തിലേക്ക് തിരിച്ചു പോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് പ്രധാന തടസ്സമായി കര്‍ണാടക ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ വേളയില്‍ മഅ്ദനിയെ തിരിച്ചെത്തിക്കാമെന്ന് കേരളം ഉറപ്പ് നല്‍കിയാല്‍ സുപ്രീം കോടതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ലെന്നും കര്‍ണാടക സര്‍ക്കാറിന് മറ്റു തടസ്സവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി കാറ്റഗറി സുരക്ഷ നല്‍കുന്ന മഅ്ദനിയുടെ കാര്യത്തില്‍ ഇത്തരമൊരു ഉറപ്പ് നല്‍കാന്‍ കേരളത്തിന് പ്രയാസം കാണില്ലെന്നും അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.
ഇതുവരെ മഅ്ദനിക്ക് ജാമ്യം ലഭിക്കുന്ന വിഷയത്തിലും ചികിത്സ ലഭ്യമാക്കുന്ന വിഷയത്തിലും കേരള സര്‍ക്കാര്‍ ഇടപെടുമ്പോള്‍ തന്നെ പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയമാണെന്നും കോടതി പരിഗണനയിലിരിക്കുന്ന വിഷയമാണെന്നുമായിരുന്നു സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാറിന് കാര്യമായി ഒന്നും ചെയ്യാനുമായിരുന്നില്ല. എന്നാല്‍ ജാമ്യഹരജിയില്‍ കേരളത്തെ കക്ഷിചേര്‍ക്കണമെന്ന മഅ്ദനിയുടെ അപേക്ഷയില്‍ സര്‍ക്കാറിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതോടെയാണ് കേരളത്തിന്റെ നിലപാട് നിര്‍ണായകമായത്. കേരളത്തിന്റെ നിലപാട് എന്താകുമെന്നാണ് പി ഡി പിയും മഅ്ദനി ജസ്റ്റിസ് ഫോറവും മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുസമൂഹവും ഉറ്റു നോക്കുന്നത്.

Latest