Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ പ്രതിനിധികളെ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 പ്രതിനിധികളെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം സന്ദര്‍ശിച്ചു. മദീനാ ജുമൈറയില്‍ എക്‌സ്‌പോ സെമിനാറില്‍ വെച്ചായിരുന്നു സന്ദര്‍ശനം. എക്‌സ്‌പോയുടെ വേദി നിര്‍ണയിക്കുന്ന സമിതിയില്‍പ്പെട്ട 167 രാജ്യങ്ങളിലെ 250 ഓളം പേരാണ് ദുബൈയിലെത്തിയിട്ടുള്ളത്. പ്രതിനിധി സംഘവും ശൈഖ് മുഹമ്മദും കുശലാന്വേഷണങ്ങള്‍ നടത്തി. നഗരത്തിന്റെ പൈതൃകവും ജനങ്ങളുടെ സംസ്‌കാരവും കണ്ടറിയുമെന്നാണ് പ്രതീക്ഷയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ലോഗോ സംബന്ധിച്ച സെമിനാറിന്റെ ആദ്യ ഭാഗമാണ് ഇന്നലെ നടന്നത്. ശൈഖ് മുഹമ്മദിനു പുറമെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം ഉപ ഭരണാധികാരി ശൈഖ് മക്്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം എന്നിവരും നിരവധി മന്ത്രിമാരും പങ്കെടുത്തു. വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് ലഭിക്കുകയാണെങ്കില്‍ ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനം സൗരോര്‍ജത്തില്‍ നിന്നുള്ളതായിരിക്കും. ഇക്കാര്യം എക്‌സ്‌പോ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതാധികാര സമിതിയംഗം ഹിലാല്‍ അല്‍മറി വ്യക്തമാക്കി.
438 ഹെക്ടറിലാണ് പ്രദര്‍ശന കേന്ദ്രം. ഇവക്ക് മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. പാനലുകള്‍ വൈദ്യുതി ഉത്പാദിപ്പിക്കുമെന്നു മാത്രമല്ല, ജലം പുനഃസംസ്‌കരിക്കുകയും ചെയ്യും-ഹിലാല്‍ അല്‍മരി പറഞ്ഞു. വേള്‍ഡ് എക്‌സ്‌പോ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേള്‍ഡ് എക്‌സ്‌പോ പ്രതിനിധികള്‍ സംഘങ്ങളായി തിരിഞ്ഞ് യു എ ഇയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവര്‍ വേള്‍ഡ് എക്‌സ്‌പോ ജനറല്‍ അസംബ്ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവം. 26, 27 തീയതികളിലാണ് ജനറല്‍ അസംബ്ലി. ഇവിടെ വെച്ചാണ് വേള്‍ഡ് എക്‌സ്‌പോ 2020 വേദി പ്രഖ്യാപിക്കുക. തുര്‍ക്കിയിലെ ഇസ്മിര്‍, റഷ്യയിലെ ഇക്കാതിറിന്‍ബര്‍ഗ്, ബ്രസീലിന്റെ സാവോപോളോ നഗരങ്ങളാണ് ദുബൈയുമായി മത്സരിക്കുന്നത്.

Latest