Connect with us

Gulf

ദാഹി ഖല്‍ഫാന് സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനായി സ്ഥാനക്കയറ്റം

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിനെ, പോലീസ് പൊതു സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവായി.
രാഷ്ട്രത്തെ സേവിക്കുന്നതിലും വിശ്വസ്തപൂര്‍ണവും ആത്മാര്‍ത്ഥവുമായ അര്‍പ്പണം കാഴ്ച വെച്ച് എമിറേറ്റില്‍ സുരക്ഷയും ധര്‍മ നീതിയും നടപ്പാക്കുന്നതില്‍ കഠിനാധ്വാനം നടത്തിയും ദാഹി ഖല്‍ഫാന്‍ അത്യന്തം പ്രശംസനീയമായ പ്രവര്‍ത്തനമാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള സുരക്ഷയും സാമൂഹിക സുസ്ഥിരതയും എമിറേറ്റിലുണ്ടാകുന്നതില്‍ ദാഹിയുടെ സംഭാവന വളരെ വിലപ്പെട്ടതാണ്-ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
നിലവില്‍ ദുബൈയിലെ പോലീസ് കമാന്റര്‍ ഇന്‍ ചീഫായ ദാഹി ഖല്‍ഫാന്‍ 1951ലാണ് ജനിച്ചത്. ദുബൈ പോലീസ് ഓഫീസറായാണ് തുടക്കം. പിന്നീട് പോലീസിലെ അഡ്മിനിസ്‌ട്രേറ്റീവ്-ഫിനാന്‍ഷ്യല്‍ വിഭാഗം മാനേജരും 1979ല്‍ ദുബൈ പോലീസ് ഡെപ്യൂട്ടി കമാന്റര്‍ ഇന്‍ ചീഫും 80ല്‍ കമാന്റര്‍ ഇന്‍ ചീഫുമായി. ജോര്‍ദാനിലെ അമ്മാന്‍ റോയല്‍ പോലീസ് അക്കാദമിയില്‍ നിന്ന് 1970ല്‍ പോലീസ് സയന്‍സില്‍ ഡിപ്‌ളോമ നേടി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ പ്രത്യേക നൈപുണ്യം നേടിയെടുത്തു. തന്റെ പുതിയ നിയമനത്തില്‍ ശൈഖ് മുഹമ്മദിനോടുള്ള നന്ദിയും കടപ്പാടും ദാഹി ഖല്‍ഫാന്‍ പ്രകടിപ്പിച്ചു.