Connect with us

Ongoing News

ഹോട്ടലുകളില്‍ വിളമ്പുന്ന ബിരിയാണിയില്‍ കക്കൂസ് മാലിന്യം കണ്ടെത്തി

Published

|

Last Updated

പത്തനംതിട്ട: സംസ്ഥാനത്തെ ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങളില്‍ കക്കൂസ് മാലിന്യമടങ്ങിയ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തി. കോഴി ബിരിയാണി, മസാല ദോശ, വെജിറ്റബിള്‍ സാലഡ്, എന്നിവയിലാണ് ഇ-കോളിന്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഭീതിജനകമായ വിവരം പുറത്തായത്.

കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രത്തിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തിയത്. ഇതിനായി സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ നിന്നായി 44 ഭക്ഷ്യ വസ്തുക്കളുടെ 134 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതില്‍ മുപ്പത് എണ്ണം ഇ-കോളിയുടെ സാന്നിദ്ധ്യം കൊണ്ട് ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. കോഴി ബിരിയാണി, മസാല ദോശ, വെജിറ്റബിള്‍ സാലഡ് എന്നിവയിലാണ് ഇ-കോളിയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്.

കോഴി ബിരിയാണിയുടെ ആറ് സാമ്പിളുകള്‍ പരിശോധിച്ചതില്‍ അഞ്ചും ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യംമൂലം ഭക്ഷ്യയോഗ്യമായിരുന്നില്ല. മസാലദോശ, ചട്ട്‌നി എന്നിവയുടെ ഭൂരിഭാഗം സാമ്പിളുകളിലും ഇ-കോളിയുടെ സാന്നിദ്ധ്യമുണ്ട്. വെജിറ്റബിള്‍ സാലഡിന്റെ പരിശോധിച്ച ആറ് സാമ്പിളുകളിലും ഇ-കോളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് കാരണമെന്ന് ഭക്ഷ്യ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ: എം.കെ മുകുന്ദന്‍ അറിയിച്ചു. 2013 മെയ് മാസത്തിലാണ് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം ഭക്ഷ്യസുരക്ഷാവകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Latest