Connect with us

Gulf

രാജ്യത്തെ 80 ശതമാനം താമസക്കാര്‍ക്കും ദന്തരോഗമെന്ന് സര്‍വേ

Published

|

Last Updated

ദുബൈ: രാജ്യത്ത് താമസിക്കുന്ന 80 ശതമാനം താമസക്കാര്‍ക്കും ദന്തരോഗമെന്ന് സര്‍വേ. വായ ശുചിയായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പുതിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല്ലിന് വേദന ഉണ്ടാവുമ്പോള്‍ മാത്രമാണ് ദന്തഡോക്ടറെ സമീപിക്കാറെന്ന് സര്‍വേയില്‍ പങ്കെടുത്ത 50 ശതമാതനവും വ്യക്തമാക്കി.

റിംങ്കഌസ് എക്‌സ്ട്ര ഓറല്‍ ഹെല്‍ത്തകെയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. എല്ലാ വര്‍ഷവും ദന്തഡോക്ടറെ കാണുന്നവര്‍ 20 ശതമാനം മാത്രമാണ്. ഈ പ്രവണത ശരിയല്ലെന്നും പതിവായി ഡോക്ടറെ കാണുന്നത് ശീലമാക്കിയാല്‍ ദന്തക്ഷയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കൂവെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പല്ലുകള്‍ പൂര്‍ണമായും പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഇത് ദന്തരോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ദന്തഡോക്ടറെ കാണാന്‍ ശ്രമിക്കണമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി മുന്‍ കണ്‍സള്‍ട്ടന്റും പ്രമുഖ ദന്തരോഗ വിദഗ്ധനുമായ ഡോ. രമേശ് സബ്‌ലോക് അഭിപ്രായപ്പെട്ടു. അഞ്ചില്‍ ഒരാള്‍ മാത്രമാണ് വര്‍ഷത്തില്‍ രണ്ട് തവണ ദന്ത ഡോക്ടറെ കാണാന്‍ മുതിരുന്നത്.
ആരോഗ്യമുള്ള പല്ലുകള്‍ ആഗ്രഹിക്കുന്നവര്‍ പതിവായി ഡോക്ടറെ കാണേണ്ടതാണ്. ഇത് പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലും മോണയും മനുഷ്യന്റെ ജീവിതം സുഖമമാക്കാന്‍ ആവശ്യമാണ്. പരിശോധനയില്‍ ദന്തക്ഷയം ആരംഭത്തിലെ ഇല്ലാതാക്കാന്‍ സാധിക്കുന്നതിനൊപ്പം മോണയുടെ ആരോഗ്യവും കൃത്യമായി കണ്ടെത്താനാവും. വായിലുണ്ടാവുന്ന ക്യാന്‍സര്‍, പ്രമേഹ രോഗ ലക്ഷണങ്ങള്‍, ജീവകങ്ങളുടെ കുറവ് എന്നിവ അറിയാനും പരിശോധന സഹായിക്കും. പല്ലിനുണ്ടാവുന്ന രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ദന്തരോഗങ്ങളില്‍ നിന്നുണ്ടാവുന്ന കടുത്ത വേദനയും ഒഴിവാക്കാവുന്നതാണ്.
ദന്തക്ഷയവും മറ്റ് പല്ലുമായി ബന്ധപ്പെട്ട് പൊതുവില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഒട്ടുമുക്കാലും നേരത്തെ ചികിത്സ തേടിയാല്‍ ഒഴിവാക്കാന്‍ സാധിക്കും. ഇതോടൊപ്പം പല്ലിന്റെയും വായയുടെയും ആരോഗ്യം ഉറപ്പാക്കുന്ന ശീലനങ്ങളും ആളുകള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം.പല്ലുമായി ബന്ധപ്പെട്ട് യു എ ഇയില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നം ദന്തക്ഷയമാണ്. രാജ്യത്ത് താമസിക്കുന്ന 80 ശതമാനത്തേയും ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും ഡോ. സുബ്‌ലോക് വെളിപ്പെടുത്തി.
പല്ല് പതിവായി തേച്ചതുകൊണ്ട് മാത്രം പല്ലിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് ആളുകള്‍ മനസിലാക്കണം. ഇതോടൊപ്പം പതിവായി ദന്ത വിദഗ്ധരെ കണ്ട് പല്ലിന്റെ ആരോഗ്യം പരിശോധിക്കേണ്ടതുണ്ട്. പല്ലിന്റെ കാര്യത്തില്‍ മുന്‍കരുതലാണ് എപ്പോഴും അഭികാമ്യം. മറ്റ് രോഗങ്ങളെപ്പോലെ പല്ലിന്റെ കാര്യത്തില്‍ ഉപേക്ഷ കാണിക്കരുത്. ദന്തക്ഷയം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കടുത്താല്‍ അത് പല്ല് ഇല്ലാതാവുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.
ദന്തക്ഷയം ആദ്യഘട്ടത്തില്‍ ചെറിയ രോഗാവസ്ഥയായാണ് വരിക. എന്നാല്‍ വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മോണ പഴുക്കുന്നത് ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തും. ഇതു മൂലം കടുത്ത വേദനയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും സംഭവിക്കും.
ഭക്ഷണ ശേഷം പല്ലിനിടയില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളാണ് ദന്തക്ഷയത്തിലേക്ക് എത്തിക്കുന്നത്. ഭക്ഷണ ശേഷം നന്നായി പല്ല് തേച്ച് ഇവ ഒഴിവാക്കണം. പല്ലുകളുടെ ഇടയില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഫ്‌ളോസിംഗിലൂടെയും സാധിക്കും. നൂലുപോലുള്ള ഈ വസ്തു ഉപയോഗിച്ച് വലിച്ചാല്‍ ഇടയിലെ അവശിഷ്ടം പൂര്‍ണമായും ഒഴിവാക്കാം.
ഉമിനീരന്റെ സുഗമമായ സഞ്ചാരം വായിലും പല്ലുകള്‍ക്കിടയിലും നടന്നാല്‍ ദന്തക്ഷയം ചെറുക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉമിനീരിന്റ സാന്നിധ്യം ദന്തക്ഷയം സൃഷ്ടിക്കുന്ന ബാക്ടീരികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഭക്ഷണ ശേഷം മധുരമില്ലാത്ത ചൂയിംഗം ചവയ്ക്കുന്നത് വായില്‍ ഉമിനീരിന്റെ അളവ് വര്‍ധിപ്പിക്കാനും ദന്തക്ഷയം ചെറുക്കാനും സാഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest