Connect with us

Gulf

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം: വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍

Published

|

Last Updated

ഷാര്‍ജ: 32-ാമത് രാജ്യാന്തര പുസ്തകോത്സവത്തിന് വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍. നവം. ആറ് മുതല്‍ 16 വരെ അല്‍ താവൂന്‍ മാളിന് സമീപമുള്ള എക്‌സ്‌പോ സെന്ററിലാണ് ലോകത്തെമ്പാടുമുള്ള പുസ്തകപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുസ്തമേള. മൂന്ന് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ നടന്നു വരുന്ന പുസ്തകമേള ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ലോകത്ത് നാലാം സ്ഥാനമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന്.

ഇന്ത്യയില്‍ നിന്ന് മുന്‍ രാഷ്ട്രപതി ഡോ. എ പി അബ്ദുല്‍ കലാം, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സിനിമാ താരം കമല്‍ഹാസന്‍, ഒ എന്‍ വി കുറുപ്പ്, കവി സച്ചിദാനന്ദന്‍ അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. കൂടാതെ പ്രമുഖ വ്യക്തിത്വങ്ങള്‍, സാഹിത്യകാരന്മാര്‍, ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍ എന്നിവരും മേളയില്‍ സംബന്ധിക്കും.
അതേസമയം പുസ്തകോത്സവ പ്രചാരണത്തിന്റെ ഭാഗമായി പുസ്തകോത്സവത്തിന്റെ ലോഗോ ആലേഖനം ചെയ്ത കൊടികള്‍ ഷാര്‍ജ നിരത്തുകളില്‍ നിറഞ്ഞിട്ടുണ്ട്. എമിറേറ്റിലെ പ്രധാന പാലങ്ങളിലെല്ലാം കൊടിതോരണങ്ങള്‍ പാറിക്കളിക്കുന്നു. ടാക്‌സികളിലും മറ്റും പ്രചാര പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
വലിയ അലമാരയില്‍ നിരവധി പുസ്തകങ്ങള്‍ നിറച്ച് പാതയോരത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുതുമയും കൗതുകവുമുണര്‍ത്തുന്നു. അല്‍ വഹ്ദ റോഡില്‍ സഫീര്‍ മാളിനു സമീപത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. മേളയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സാന്നിധ്യവും ഇത്തവണയുണ്ടാകും. ഇറ്റലി, ചൈന, റഷ്യ, അര്‍ജന്റീന, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഈ വര്‍ഷത്തെ പുസ്തകമേളയില്‍ പങ്കെടുക്കും. അതിനാല്‍ ഇവിടേക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും അക്ഷരപ്രേമികള്‍ ഒഴുകിയെത്തുന്നു.
കഴിഞ്ഞകാല മേളകളില്‍ ഏറ്റവും വലിയ സാന്നിധ്യം ഇന്ത്യയുടേതാണ്. സിറാജ് ദിനപത്രം, ഡി സി ബുക്‌സ് അടക്കം ഇന്ത്യയില്‍ നിന്ന് നിരവധി പ്രസാധകര്‍ പങ്കെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ഇന്ത്യന്‍ പുസ്തകങ്ങളായിരുന്നു.
രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ ലക്ഷങ്ങള്‍ സന്ദര്‍ശകരായി എത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് എത്തുന്ന പ്രമുഖര്‍ ഇത്തവണയും പുസ്തകമേളയെ ധന്യമാക്കും.

Latest